പണം കിട്ടിയില്ല; എ ടി എമ്മിന് മുന്നില്‍ അലമുറയിട്ട സഞ്ചാരികള്‍ക്ക് പോലീസ് തുണയായി

Posted on: January 10, 2017 12:20 pm | Last updated: January 10, 2017 at 12:04 pm

കാസര്‍കോട്: നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി കേരളത്തിലെത്തിയ വിദേശികളെ വലച്ചു. കഴിഞ്ഞ ദിവസം കാസര്‍കോട്ടെത്തിയ വിനോദ സഞ്ചാരികളായ വിയറ്റ്‌നാം ദമ്പതികള്‍ എ ടി എമ്മില്‍ നിന്ന് പണമെടുക്കാന്‍ കഴിയാതെ വലഞ്ഞു. വൈകുന്നേരം സൈക്കിളില്‍ കാസര്‍കോട് നഗരത്തിലെത്തിയ വിയറ്റ്‌നാമിലെ എന്‍ജിനീയറായ ഹംഗറി സ്വദേശി പീറ്ററും ഭാര്യ ഡോങ്കുമാണ് പണം കിട്ടാതെ ദുരിതത്തിലായത്.

കാസര്‍കോട്ടെ എ ടി എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ വിദേശ ദമ്പതികള്‍ നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. എ ടി എമ്മിനുമുന്നില്‍ തലയില്‍ കൈവെച്ച് കുത്തിയിരുന്ന് അലമുറയിട്ട ഇവരെ വ്യാപാരികള്‍ അടക്കമുള്ളവര്‍ പോലീസ് സ്റ്റേഷനിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ഭക്ഷണത്തിനും താമസ സൗകര്യം തരപ്പെടുത്തുന്നതിനുമുള്ള പണം ഇവരുടെ കൈവശമുണ്ടായിരുന്നില്ല. കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനിലെത്തിയ ദമ്പതികള്‍ തങ്ങളുടെ ദയനീവാസ്ഥ ബോധ്യപ്പെടുത്തി. ലോഡ്ജില്‍ താമസിക്കാനുള്ള പണം കൈയിലില്ലെന്നും കാസര്‍കോട്ടെ ഏതെങ്കിലും ആരാധാനാലയത്തിലോ മറ്റോ തങ്ങാനുള്ള സൗകര്യം ചെയ്തു തരണമെന്നും ദമ്പതികള്‍ പോലീസിനോട് അപേക്ഷിച്ചു.

പോലീസ് മുന്‍ കൈയെടുത്ത് ഇവര്‍ക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒരു ലോഡ്ജില്‍ താമസിക്കാന്‍ സൗകര്യം ചെയ്തു കൊടുക്കുകയും ഭക്ഷണത്തിനും തുടര്‍ന്നുള്ള യാത്രാ ചെലവിനുമുള്ള തുക നല്‍കുകയും ചെയ്തു. കര്‍ണാടകയില്‍ എത്തിയാല്‍ അവിടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്ന് പണം സംഘടിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടെന്നാണ് ദമ്പതികള്‍ പോലീസിനോട് വ്യക്തമാക്കിയത്. വിയറ്റ്‌നാമിലെ താമസത്തിനിടെ പരിചയപ്പെട്ട ഡോങ്കിനെ പീറ്റര്‍് വിവാഹം ചെയ്യുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ വിവിധ രാജ്യങ്ങള്‍ സൈക്കിളില്‍ സഞ്ചരിച്ച് കാണാനിറങ്ങിയതായിരുന്നു. ഇന്ത്യയിലെത്തിയ ദമ്പതികള്‍ മധുരയില്‍ നിന്ന് കൊച്ചിയിലെത്തുകയും ഇവിടത്തെ എ ടി എമ്മില്‍ നിന്ന് നാലായിരം രൂപ പിന്‍വലിക്കുകയും ചെയ്തിരുന്നു. പിന്നീട് കാസര്‍കോട്ടെത്തിയപ്പോഴേക്കും കൈയ്യിലെ പണം തീരുകയാണുണ്ടായത്. കാസര്‍കോട് ടൗണ്‍ എസ് ഐ അമ്പാടി, സിവില്‍ പോലീസ് ഓഫീസര്‍ വിനോദ് എന്നിവരാണ് ദമ്പതികള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തത്.