Connect with us

International

യു എസ് ഹാക്കിംഗ്: ആരോപണം അടിസ്ഥാനരഹിതമെന്ന് റഷ്യ

Published

|

Last Updated

മോസ്‌കോ: യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇടപെട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് റഷ്യ. വഌദ്മിര്‍ പുടിന്റെ വക്താവാണ് യു എസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആരോപണത്തിനെതിരെ രംഗത്തെത്തിയത്. എതിരാളികള്‍ക്കെതിരെ ഉന്നയിക്കുന്ന സ്ഥിരം അടിസ്ഥാനരഹിതമായ ആരോപണം മാത്രമാണിതെന്നും അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ റഷ്യ ശ്രമം നടത്തിയിട്ടില്ലെന്നും പുടിന്റെ വക്താവ് പെസ്‌കോവ് വ്യക്തമാക്കി.

റഷ്യയുടെ പിന്തുണയുള്ള ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് നേരിട്ട് ഇടപെട്ടെന്നും ഇതുമായി ബന്ധപ്പെട്ട ഹാക്കിംഗിന് നിര്‍ദേശം നല്‍കിയെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ തെളിവുകള്‍ അടങ്ങിയ രേഖ ട്രംപിന് നല്‍കുകയും ചെയ്തിട്ടുണ്ട്. ഹാക്കിംഗ് നടന്നുവെന്ന തെളിവുകള്‍ അംഗീകരിക്കുന്നതായി ട്രംപിന്റെ വക്താക്കള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണം തള്ളിക്കൊണ്ട് റഷ്യ രംഗത്തെത്തിയത്.

അമേരിക്കയുടെ തിരഞ്ഞെടുപ്പ് നടപടിയില്‍ ഇടപെടാന്‍ ശ്രമം നടത്തിയെന്ന റഷ്യക്കെതിരായ ആരോപണം ഗൗരവത്തോടെയാണ് റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ കാണുന്നത്. രൂക്ഷമായ വിമര്‍ശനമാണ് ഈ വിഷയത്തില്‍ ഇരുപാര്‍ട്ടിയിലെ നേതാക്കള്‍ ഉന്നയിക്കുന്നത്. റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ ശ്രമിക്കുന്ന നിയുക്ത പ്രസിഡന്റ് ട്രംപിന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ തെളിവുകള്‍ കനത്ത തിരിച്ചടിയാകും.
അതിനിടെ, റഷ്യയുടെ ഹാക്കിംഗുമായി ബന്ധപ്പെട്ട ആരോപണത്തിനെതിരെ ട്രംപ് നടത്തിയ പരാമര്‍ശത്തിന് സമാനമാണ് ഇന്നലെ അമേരിക്കക്കെതിരെ റഷ്യന്‍ വക്താവും നടത്തിയത്. എതിരാളികളെ നിരന്തരം ബുദ്ധിമുട്ടിക്കുകയെന്ന അര്‍ഥം വരുന്ന “വിച്ച് ഹണ്ട്” എന്ന പരാമര്‍ശമാണ് ഇരുവരും നടത്തിയത്. ഹാക്കിംഗ് വിഷയത്തില്‍ പ്രതിഷേധിച്ച് നയതന്ത്രബന്ധം മരവിപ്പിക്കാനും റഷ്യക്കെതിരെ നടപടി സ്വീകരിക്കാനും അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. റഷ്യയുടെ 35 നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കിയിരുന്നു.

Latest