Connect with us

International

ചര്‍ച്ചക്ക് തയ്യാറെന്ന് അസദ്

Published

|

Last Updated

ദമസ്‌കസ്: സിറിയന്‍ പ്രശ്‌നം പരിഹരിക്കുന്നതിന് സമാധാന ചര്‍ച്ചക്ക് തയ്യാറാണെന്ന് സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദ്. റഷ്യയുടെയും തുര്‍ക്കിയുടെയും മധ്യസ്ഥതയില്‍ കസാഖിസ്ഥാന്‍ തലസ്ഥാനമായ അസ്താനയില്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് അസദിന്റെ പ്രസ്താവന.

ഈ മാസം അവസാനം നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ പൂര്‍ണ സഹകരണം സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും ആഭ്യന്തര പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കസാഖിസ്ഥാന്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് അസദ് പ്രതികരിക്കുന്നത്. വിമതരെ പിന്തുണക്കുന്ന തുര്‍ക്കിയും അസദിന്റെ സഖ്യമായ റഷ്യയും നേരിട്ട് ഇടപെടുന്നതിനാല്‍ അസ്താന ചര്‍ച്ച വിജയകരമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. തീവ്രവാദികളല്ലാത്ത മുഴുവന്‍ വിമതരുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നാണ് അസദ് വ്യക്തമാക്കിയത്. ആറ് വര്‍ഷമായി നടക്കുന്ന ആഭ്യന്തര കലാപത്തിനിടെ ഇതാദ്യമായാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ചര്‍ച്ചക്ക് തയ്യാറാകുന്നത്.

അതേസമയം, സര്‍ക്കാറിനും സൈന്യത്തിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് നിരവധി വിമതര സംഘടനകള്‍ സമാധാന ചര്‍ച്ച ബഹിഷ്‌കരിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. തുര്‍ക്കിയെ ഉപയോഗിച്ച് മുഴുവന്‍ വിമത സംഘടനകളെയും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്താനും സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാനുമാണ് റഷ്യയും യു എന്‍ അടക്കമുള്ള സംഘടനകളും ശ്രമിക്കുന്നത്. സമാധാന ചര്‍ച്ചയിലെ പ്രധാന പങ്കാളിത്തം നഷ്ടമായതിനാല്‍ അമേരിക്ക അസ്താന കൂടിക്കാഴ്ച അട്ടിമറിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അലെപ്പോയടക്കമുള്ള സംഘര്‍ഷ പ്രദേശങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു സമാധാന ചര്‍ച്ചയുടെ പ്രഖ്യാപനം നടന്നത്. രാജ്യത്തെ ഒട്ടുമിക്ക ഏറ്റുമുട്ടല്‍ മേഖലകളും ഇപ്പോള്‍ ശാന്തമാണ്. എന്നാല്‍, ഇസില്‍, അല്‍ഖാഇദ തുടങ്ങിയ തീവ്രവാദി സംഘടനകളുമായി ശക്തമായ പോരാട്ടം തന്നെ നടത്തുമെന്ന് അസദ് വ്യക്തമാക്കിയിട്ടുണ്ട്. തീവ്രവാദികള്‍ക്കെതിരെ ഒറ്റക്കെട്ടായ ആക്രമണമാണ് സൈന്യം ലക്ഷ്യംവെക്കുന്നത്. അതേസമയം, അലെപ്പോയില്‍ നിന്ന് വിമതരെ തുരത്തിയത് കൊണ്ട് വിജയം നേടിയെന്ന് പറയാനാകില്ലെന്നും രാജ്യത്ത് നിന്ന് മുഴുവന്‍ തീവ്രവാദികളെയും തുരത്തേണ്ടതുണ്ടെന്നും അസദ് വ്യക്തമാക്കി.

Latest