Connect with us

Kerala

ഹജ്ജ് യാത്ര കരിപ്പൂരില്‍ നിന്ന് പുനരാരംഭിച്ചേക്കും

Published

|

Last Updated

കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് യാത്ര കരിപ്പൂരില്‍ നിന്നുതന്നെയാകുന്നതിനുള്ള സാധ്യത തെളിഞ്ഞു. കരിപ്പൂരില്‍ ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് തടസ്സമില്ലെന്ന് ഇന്നലെ കരിപ്പൂരിലെത്തിയ ഉന്നത സംഘം വിലയിരുത്തിയിരുന്നു. റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനും കൈമാറും.

മുന്നൂറ് പേര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റുന്ന വിമാനങ്ങള്‍ ഇടത്തരം വിമാനങ്ങളുടെ പട്ടികയിലാന്ന് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത്തരം വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതോടെ ഹജ്ജ് യാത്ര കരിപ്പൂരില്‍ നിന്നുതന്നെ നടത്താനാകും. വര്‍ഷങ്ങള്‍ക്ക് മുമ്പും മുന്നൂറ് പേര്‍ വീതമുള്ള ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്ന് സര്‍വീസ് നടത്തിയിരുന്നു. ഒരു മാസം ക്യാമ്പ് നടത്തുന്നതോടെ മുഴുവന്‍ ഹാജിമാര്‍ക്കും കരിപ്പൂരില്‍ നിന്നുതന്നെ യാത്ര പുറപ്പെടാനാകും.

ഈ മാസം അവസാനവാരം സംസ്ഥാന ഹജ്ജ് കാര്യമന്ത്രി കെ ടി ജലീല്‍ ഡല്‍ഹിയില്‍ കേന്ദ്ര വ്യോമയാന മന്ത്രി, ഹജ്ജ്കാര്യ മന്ത്രി എന്നിവരുമായി ഹജ്ജ് യാത്ര കരിപ്പൂരില്‍ നിന്ന് തുടങ്ങുന്നതിനു വേണ്ടി ചര്‍ച്ച നടത്താനിരിക്കുകയാണ്. വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ലെങ്കില്‍ ഇപ്പോള്‍ കരിപ്പൂരില്‍ സര്‍വീസ് നടത്തുന്ന വിഭാഗത്തില്‍പ്പെട്ട വിമാനങ്ങള്‍ ഉപയോഗിച്ചെങ്കിലും യാത്ര കരിപ്പൂരില്‍ നിന്നാക്കണമെന്ന് സമ്മര്‍ദം ചെലുത്താനിരിക്കെയാണ് ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി നല്‍കാമെന്ന ഉന്നത സംഘത്തിന്റെ വിലയിരുത്തല്‍.
എയര്‍ ഇന്ത്യ, സഊദി എയര്‍ലൈന്‍സ്, നാസ് എയര്‍ലൈന്‍സ് എന്നീ വിമാന കമ്പനികള്‍ക്കാണ് ഇന്ത്യയില്‍ നിന്ന് ഹജ്ജ് യാത്രാ കരാര്‍ ലഭിക്കുക. ഈ മൂന്ന് കമ്പനികളും കരിപ്പൂരില്‍ ഹജ്ജ് സര്‍വീസ് നടത്തിയിട്ടുണ്ട്. മാര്‍ച്ചില്‍ കരാര്‍ ഉറപ്പിക്കും. ജൂലൈ മുതലാണ് ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് യാത്രക്ക് തുടക്കമാകുന്നത്.