യുവെന്റസിന് ജയം; റെക്കോര്‍ഡ്

Posted on: January 10, 2017 9:27 am | Last updated: January 10, 2017 at 10:29 am
SHARE

മിലാന്‍: ഇറ്റാലിയന്‍ സീരി എ ലീഗില്‍ യുവെന്റസിന് ഹോം ഗ്രൗണ്ട് ജയങ്ങളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. ബൊളൊഗ്നയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത യുവെന്റസ് ഹോംഗ്രൗണ്ടില്‍ തുടര്‍ച്ചയായ ഇരുപത്താറാം ജയം സ്വന്തമാക്കി. അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വെയിന്‍ (7,54) ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ നാല്‍പ്പത്തൊന്നാം മിനുട്ടില്‍ ഡിബാലയും ടുറിന്‍ ക്ലബ്ബിനായി വല കുലുക്കി.

വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി സീസണില്‍ ഗോണ്‍സാലോ ഹിഗ്വെയിന്‍ പതിനാറ് ഗോളുകള്‍ നേടിക്കഴിഞ്ഞു. മുന്‍ നാപോളി സ്‌ട്രൈക്കര്‍ കഴിഞ്ഞ സീസണിലെ മികവ് ആവര്‍ത്തിക്കുകയാണ്. അവസാനം കളിച്ച ആറ് മത്സരങ്ങളില്‍ ഏഴ് ഗോളുകളാണ് ഹിഗ്വെയിന്‍ നേടിയത്.
കഴിഞ്ഞ അഞ്ച് വര്‍ഷവും സീരീ എ ലീഗ് ചാമ്പ്യന്‍മാരായ യുവന്റസ് ആറാം കിരീടം എന്ന റെക്കോര്‍ഡാണ് ലക്ഷ്യമിടുന്നത്. പതിനെട്ട് മത്സരങ്ങളില്‍ 45 പോയിന്റുമായി യുവെന്റസ് ലീഗില്‍ ഒന്നാംസ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള എ എസ് റോമ പത്തൊമ്പത് മത്സരങ്ങളില്‍ നിന്ന് 41 പോയിന്റുമായി ഭീഷണി ഉയര്‍ത്തുന്നതൊഴിച്ചാല്‍ കാര്യമായ വെല്ലുവിളിയില്ല യുവെന്റസിന്. മൂന്നാം സ്ഥാനത്തുള്ള നാപോളിക്ക് 38 പോയിന്റ് മാത്രം.

മറ്റ് മത്സരങ്ങളില്‍ റോമ 1-0ന് ജെനോവയെയും ഇന്റര്‍മിലാന്‍ 2-1ന് ഉദിനിസെയെയും ലാസിയോ 1-0ന് ക്രൊട്ടോണിനെയും അറ്റ്‌ലാന്റ 4-1ന് ചീവോയെയും തോല്‍പ്പിച്ചു. എ സി മിലാന്‍ ഏകപക്ഷീയമായ ഒരു ഗോളിന് കാഗ്ലിയാരിയെ മറികടന്നു.