സലഫി അനുകൂല നിലപാട്: ചേളാരി വിഭാഗത്തില്‍ രൂക്ഷ ഭിന്നത

Posted on: January 10, 2017 6:53 am | Last updated: January 9, 2017 at 11:55 pm
എംഎം അക്ബര്‍

തിരുവനന്തപുരം: തീവ്രവാദ ആരോപണത്തിന്റെ പേരില്‍ അന്വേഷണം നേരിടുന്ന പീസ് സ്‌കൂളിനെയും സലഫി നേതാവ് എം എം അക്ബറിനെയും പിന്തുണക്കുന്നതിനെ ചൊല്ലി ചേളാരി വിഭാഗത്തില്‍ ഭിന്നത രൂക്ഷമായി. പീസ് സ്‌കൂളിനെയും എം എം അക്ബറിനെയും രക്ഷിക്കാന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ ചന്ദ്രികയില്‍ ലേഖനമെഴുതിയതോടെയാണ് ഭിന്നത മൂര്‍ച്ഛിച്ചത്. അതേസമയം, ലേഖനം വിവാദമായതോടെ വിശദീകരണ പ്രസ്താവന ഇറക്കി മുഖം രക്ഷിക്കാനാണ് ചേളാരി വിഭാഗത്തിന്റെ ശ്രമം. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് സലഫികളെ പിന്തുണച്ചതിന്റെ പേരില്‍ ജനറല്‍ സെക്രട്ടറിയുടെ തന്നെ നിലപാട് തിരുത്തേണ്ടി വന്നത്. മുസ്‌ലിം ലീഗിന്റെ പോഷക സംഘടനയെന്ന നിലയില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നത് കൊണ്ടാണ് സ്വതന്ത്രമായ നിലപാട് സ്വീകരിക്കാന്‍ ഇനിയും കഴിയാത്തതെന്ന വിമര്‍ശവും അണികളില്‍ നിന്ന് ഉയരുന്നുണ്ട്.

സമസ്ത രൂപവത്കരണത്തിന്റെ പ്രഖ്യാപിത ലക്ഷ്യം തന്നെ ബലികഴിച്ചാണ് ചേളാരി വിഭാഗം സലഫികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നത്. തീവ്രവാദ ആരോപണം നേരിടുന്ന എം എം അക്ബറിനും പീസ് സ്‌കൂളുകള്‍ക്കുമെതിരായ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇതിനെ പ്രതിരോധിക്കാന്‍ മുസ്‌ലിം ലീഗ് മുന്‍കൈയെടുത്ത് നീക്കം ആരംഭിച്ചത്. സമസ്ത ചേളാരി വിഭാഗവും സുന്നി സംഘടനകള്‍ ഒഴികെയുള്ള മറ്റ് മുസ്‌ലിം സംഘടനകളും ഇതിനെ പിന്തുണച്ചു. സലഫി ആശയ പ്രചാരകനായ എം എം അക്ബറിനെ മതപ്രബോധകന്‍ എന്ന നിലയില്‍ അവതരിപ്പിച്ചാണ് ലീഗും ചേളാരി വിഭാഗവും മുസ്‌ലിം വേട്ട വാദമുയര്‍ത്തിയത്. ഈ വിശേഷണങ്ങള്‍ തന്നെയാണ് എം എം അക്ബറിന്, ചന്ദ്രികയിലെഴുതിയ ലേഖനത്തില്‍ പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ നല്‍കിയതും. എം എം അക്ബറിനെ അനാവശ്യമായി ക്രൂശിക്കുകയാണെന്നും മത-ഭൗതിക-ആത്മീയ വിദ്യാഭ്യാസം നല്‍കുന്ന പീസ് സ്‌കൂളുകളെ വേട്ടയാടുകയാണെന്നും ആലിക്കുട്ടി മുസ്‌ലിയാര്‍ ചന്ദ്രിക ലേഖനത്തില്‍ ആരോപിച്ചിരുന്നു. ചേളാരി വിഭാഗത്തിന്റെ ഈ സലഫി അനുകൂല നിലപാടിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വന്‍ വിമര്‍ശം നേരിട്ടതോടെയാണ് മുഖംരക്ഷിക്കല്‍ പ്രസ്താവന ഇറക്കിയത്. എന്നാല്‍ ലേഖനമെഴുതിയ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവനയില്‍ ഒപ്പിട്ടിട്ടില്ല. സലഫികളെ വെള്ളപൂശാന്‍ മുസ്‌ലിം ലീഗ് തങ്ങളെ കരുവാക്കുന്നുവെന്നാണ് ചേളാരി വിഭാഗം ഇന്നലെ ഇറക്കിയ പ്രസ്താവനയില്‍ വിശദീകരിക്കുന്നത്.

അതേസമയം, ഈ വിഷയത്തില്‍ നേരത്തെ മുതല്‍ സലഫി അനുകൂല നിലപാടാണ് ചേളാരി വിഭാഗം സ്വീകരിച്ചിരുന്നതെന്നിരിക്കെ വിശദീകരണ പ്രസ്താവന മുഖം രക്ഷിക്കല്‍ ലക്ഷ്യമിട്ടാണെന്ന് വ്യക്തമാണ്. ഈ വിഷയം ഉന്നയിച്ച് ലീഗ് നേതൃത്വത്തില്‍ കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനെത്തിയ സംഘത്തില്‍ ചേളാരി വിഭാഗം പ്രതിനിധികള്‍ സജീവമായി പങ്കെടുത്തിരുന്നു. ചേളാരി വിഭാഗം വൈസ് പ്രസിഡന്റ് കൂടിയായ ഹൈദരലി ശിഹാബ് തങ്ങള്‍ എം എം അക്ബറിന് വേണ്ടി പ്രത്യേക പ്രസ്താവന തന്നെ ഇറക്കി. സുന്നികളെ മതവിരുദ്ധരാക്കുന്നവരാണ് സലഫി ആശയ പ്രചാരകര്‍ എന്നിരിക്കെ അവരെ വെള്ളപൂശാന്‍ നടത്തുന്ന നീക്കം അണികളെയും വലിയ തോതില്‍ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍ ഇത്തരമൊരു വിഷയത്തില്‍ ആലിക്കുട്ടി മുസ്‌ലിയാരുടെ പേരില്‍ വ്യാജലേഖനം നല്‍കാന്‍ ചന്ദ്രിക പോലൊരു പത്രം തയ്യാറാകുമോ എന്ന ചോദ്യം ചേളാരിക്കാരെ തിരിഞ്ഞുകുത്തുകയാണ്.
ചേളാരി വിഭാഗത്തിന്റെ സലഫി പിന്തുണ ഇതാദ്യമല്ല. സലഫി ഐക്യത്തെ പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം ചെയ്തത് നേരത്തെ വിവാദമായിരുന്നു. അന്നും തിരുത്ത് നല്‍കിയാണ് മുഖം രക്ഷിച്ചത്. സ്വന്തമായി നിലപാടെടുക്കാന്‍ കഴിയാത്തതിന്റെ ജാള്യം നിഴലിക്കുന്നതാണ് ഇന്നലെ ഇറക്കിയ വിശദീകരണ പ്രസ്താവനയും. സ്വന്തം ജനറല്‍ സെക്രട്ടറിയുടെ പേരില്‍ ചന്ദ്രികയില്‍ വന്ന ലേഖനത്തിന് വിശദീകരണം നല്‍കേണ്ട ദുരവസ്ഥ അണികള്‍ക്കിടയിലും ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്.