Connect with us

National

കോടതികളിലെ മാധ്യമ വിലക്ക്: കേസ് സുപ്രീം കോടതി ഒരു മാസത്തേക്ക് മാറ്റിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: മാധ്യമ- അഭിഭാഷക തര്‍ക്കത്തെ തുടര്‍ന്ന് കേരളത്തിലെ കോടതികളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിയുമായി ബന്ധപ്പെട്ട് കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി നാലാഴ്ചത്തേക്ക് നീട്ടിവെച്ചു. പ്രശ്‌ന പരിഹാരത്തിനായി കേരള ഹൈക്കോടതി ശ്രമിക്കുന്ന സാഹചര്യത്തിലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. ഹൈക്കോടതിയിലെ മീഡിയ റൂം തുറക്കണമെന്നും മാധ്യമ വിലക്ക് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂനിയനാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇതേതുടര്‍ന്ന് പ്രശ്‌നം ഉടന്‍ പരിഹരിക്കാന്‍ അധികൃതര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയ സുപ്രീം കോടതി ഇതുസംബന്ധിച്ച റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മീഡിയ റൂം തുറക്കുന്നത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുമെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഹൈക്കോടതി അഭിഭാഷകനും ഗവണ്‍മെന്റ് പ്ലീഡറുമായ അഭിഭാഷകന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തതാണ് ഇരു വിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കത്തിലേക്ക് നയിച്ചത്. സുപ്രീം കോടതിയും സംസ്ഥാന സര്‍ക്കാറും വിഷയത്തില്‍ ഇടപെട്ടെങ്കിലും പ്രശ്‌ന പരിഹാരത്തിന് അഭിഭാഷക യൂനിയന്‍ തടസ്സം നില്‍ക്കുകയായിരുന്നു. ഇതിനിടെ രണ്ട് തവണ കൊച്ചിയിലെ ഹൈക്കോടതിയിലും, തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും വെച്ച് വനിതാ മാധ്യമ പ്രവര്‍ത്തകരെയുള്‍പ്പെടെ അഭിഭാഷകര്‍ ആക്രമിച്ചിരുന്നു.