Connect with us

Editorial

പ്രവാസി സമ്മേളനം ആര്‍ക്കു വേണ്ടി?

Published

|

Last Updated

കോടികള്‍ മുടക്കി ബെംഗളൂരുവില്‍ സംഘടിപ്പിച്ച പതിനാലാമത് പ്രവാസി ഭാരതീയ ദിവസ് സമ്മളനം(പി ബി ഡി) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോടി പറച്ചിലിനുളള വേദിയായി ചുരുങ്ങി. വിദേശത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രവാസി കൗശല്‍ വികാസ് യോജന പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനത്തിന് പുറമെ, പ്രാവാസി ഇന്ത്യക്കാരുടെ പ്രയാസങ്ങളോ പ്രതിസന്ധികളോ പരിഹരിക്കുന്നതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളൊന്നും പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ കടന്നുവന്നില്ല. ഗള്‍ഫ് രാജ്യങ്ങളിലെ ഊര്‍ജിതമായ സ്വദേശിവത്കരണം മൂലം തൊഴില്‍ നഷ്ടമാകുന്ന പ്രവാസികളുടെ പ്രശ്‌നങ്ങള്‍, കര്‍ക്കശമാകുന്ന തൊഴില്‍ നിയമങ്ങള്‍, തിരിച്ചെത്തുന്നവരുടെ പുനരധിവാസം, അസാധുവാക്കിയ നോട്ടുകള്‍ മാറ്റുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിക്കല്‍, സീസണ്‍ കാലത്തെ വിമാനക്കമ്പനികളുടെ പിടിച്ചുപറി, വിദേശ ജയിലില്‍ കഴിയുന്നവരുടെ മോചനം, വോട്ടവകാശത്തിലൂടെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാനുള്ള അവസരമില്ലായ്മ, യുദ്ധ,കലാപ ദുരന്ത വേളകളില്‍ വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരെ എത്രയും പെട്ടെന്ന് തിരികെ എത്തിക്കുന്നതിനുള്ള സ്ഥിരം സംവിധാനത്തിന്റെ അഭാവം തുടങ്ങി പ്രവാസി ഇന്ത്യക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. പി ബി ഡി കോണ്‍ഫ്രന്‍സ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ മതിയെന്ന മോദി സര്‍ക്കാറിന്റെ തീരുമാനത്തിന് ശേഷം നടന്ന ഈ സമ്മേളനത്തില്‍ പ്രവാസികള്‍ക്ക് ആശ്വാസമരുളുന്ന പ്രഖ്യാപനങ്ങളൊന്നും ഇല്ലാതെ പോയി.

ഗള്‍ഫ് ഇന്ത്യക്കാര്‍ പരിപാടിയില്‍ പാടേ അവഗണിക്കപ്പെടുകയും ചെയ്തു. പ്രവാസികളില്‍ ഏറ്റവുമധികം പേര്‍ ജോലി ചെയ്യുകയും ഇന്ത്യക്ക് കൂടുതല്‍ വിദേശ നാണ്യം നേടിത്തരികയും ചെയ്യുന്ന മേഖലയെന്ന നിലയില്‍ ഗള്‍ഫിന് മാത്രമായി അനുവദിച്ചിരുന്ന പ്രത്യേക സെഷന്‍ ഇത്തവണ ഉണ്ടായില്ല. കാര്യമായ പ്രയോജനമുണ്ടാകാറില്ലെങ്കിലും ഗള്‍ഫ് ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ ഉത്തരവാദപ്പെട്ടവരുടെ മുമ്പില്‍ അവതരിപ്പിക്കാനുള്ള ഒരു വേദിയായിരുന്നു സമ്മേളനത്തിലെ ഗള്‍ഫ് സെഷന്‍. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള രാജ്യങ്ങളിലെ(ഇ സി ആര്‍) പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സെഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഗള്‍ഫ് ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ അവിടെ അവതരിപ്പിക്കാന്‍ അവസരം നല്‍കുമെന്നുമായിരുന്നു ഗള്‍ഫ് സെഷന്‍ നിര്‍ത്തലാക്കിയതിനെക്കുറിച്ചു അധികൃതരുടെ വിശദീകരണം. എന്നാല്‍ മുക്കാല്‍ മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുളള ഇ സി ആര്‍ സെഷനില്‍ അതിനുള്ള അവസരമുണ്ടായതുമില്ല. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി രൂപവത്കരിച്ച പ്രവാസി വകുപ്പും മോദി സര്‍ക്കാര്‍ നേരത്തെ നിര്‍ത്തലാക്കി.

അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യക്കാരില്‍ നിന്ന് ഭിന്നമായി കൂടുതല്‍ തൊഴില്‍ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നവരാണ് ഗള്‍ഫിലുള്ളവര്‍. പ്രവാസി ദിന്‍ സമ്മേളനങ്ങളില്‍ അവര്‍ക്ക് പ്രത്യേക സെഷന്‍ അനുഭവിച്ചിരുന്നത് ഇതുകൊണ്ടാണ്. എണ്ണവിലയിടിവും സാമ്പത്തിക മാന്ദ്യവും മൂലമുണ്ടായ പ്രതിസന്ധി തരണം ചെയ്യാന്‍ ഗള്‍ഫ് ഭരണകൂടങ്ങള്‍ ചുമത്തുന്ന അധിക നികുതികള്‍ അവിടുത്തെ പ്രവാസികളെ കൂടുതല്‍ പ്രയാസത്തിലാക്കുകയാണ്. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ചില ഗള്‍ഫ് രാജ്യങ്ങളില്‍ അടുത്തിടെ നികുതിയേര്‍പ്പെടുത്തിയിട്ടുണ്ട്. സഊദിയില്‍ താമസിക്കുന്ന വിദേശികളുടെ ആശ്രിതര്‍ ഈ വര്‍ഷം മുതല്‍ മാസം തോറും 100 റിയാല്‍ ഫീസ് അടക്കണം. 2018ല്‍ 200 റിയാല്‍ 2019ല്‍ 300 റിയാല്‍ എന്നിങ്ങനെ ഫീസ് നിരക്ക് വര്‍ഷം തോറും ഉയരുകയും ചെയ്യും. ഇഖാമ പുതുക്കുന്നതിനും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിനുമുള്ള നികുതികളും പല രാജ്യങ്ങളും ഗണ്യമായി വര്‍ധിപ്പിച്ചു. ഇത്തരം പ്രശ്‌നങ്ങള്‍ ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനുള്ള അവസരം ഇത്തവണ നിഷേധിക്കപ്പെട്ടതില്‍ ഗള്‍ഫ് ഇന്ത്യക്കാര്‍ കടുത്ത പ്രതിഷേധത്തിലാണ്.
എന്തിനാണ് പൊതുഖജനാവിലെ പണം ധൂര്‍ത്തടിച്ചു ഇത്തരമൊരു സമ്മേളനം സംഘടിപ്പിച്ചത്? പ്രവാസികള്‍ ചോര നീരാക്കി സമ്പാദിക്കുന്ന പണം പൊതുസംരംഭങ്ങളില്‍ നിക്ഷേപിക്കണമെന്നാവശ്യപ്പെടാനും നോട്ട് നിരോധം വന്‍ വിജയമായിരുന്നുവെന്ന് അവകാശപ്പെടാനും മാത്രമോ? നിക്ഷേപാവസരങ്ങള്‍ പ്രവാസികളിലെ അതിസമ്പന്നര്‍ക്കല്ലാതെ മറ്റുള്ളവര്‍ക്ക് ഒരു പ്രയോജവുമുണ്ടാക്കുന്നില്ല. പ്രവാസികള്‍ രാജ്യത്തിന് നല്‍കുന്ന സേവനങ്ങളെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ അവരെ ആദരവോടെയാണ് വീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി. എന്നാല്‍ ഈ സേവനത്തിന് സര്‍ക്കാര്‍ അവര്‍ക്ക് എന്ത് പ്രത്യുപകാരമാണ് നല്‍കുന്നത്? ചില പ്രഖ്യാപനങ്ങള്‍ക്കുപരി അവരുടെ ക്ഷേമത്തിനും പുനരധിവാസത്തിനും എന്ത് പദ്ധതികളാണ് കാര്യക്ഷമമായി നടപ്പാക്കിയത്? പ്രവാസികളെ കറവപ്പശുക്കളായി കണ്ടുകൊണ്ടുള്ള ഒരു മാമാങ്കത്തിനപ്പുറം അവരുടെ പ്രശ്‌നങ്ങളും സങ്കടങ്ങളും ക്ഷമയോടെ കേള്‍ക്കാനെങ്കിലുമുള്ള അവസരവും ബന്ധപ്പെട്ടവര്‍ക്ക് അത് ഉള്‍ക്കൊള്ളാനുള്ള മനസ്സും ഉണ്ടാകുന്നില്ലെങ്കില്‍ പ്രവാസി സമ്മേളനം ഒരു പാഴ്‌വേല മാത്രമാണ്.