Connect with us

Articles

രാജ്യം വിടാന്‍ കല്‍പ്പിക്കാന്‍ ഇവരാരാണ്?

Published

|

Last Updated

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ രാജ്യം വിടണമെന്നാണ് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ഇന്നലെ കോഴിക്കോട് വെച്ച് കല്‍പ്പിച്ചത്. അങ്ങേയറ്റത്തെ അസഹിഷ്ണുതയും സാംസ്‌കാരിക ശൂന്യതയുമാണ് രാധാകൃഷ്ണന്റെ കമലിനും എം ടിക്കുമെതിരായ തുടര്‍ച്ചയായ പ്രസ്താവനകളില്‍ നിഴലിക്കുന്നത്. ദേശീയഗാനത്തെ അപമാനിച്ചു എന്നാരോപിച്ചാണ് രാധാകൃഷ്ണന്‍ കമലിനെ രാജ്യദ്രോഹിയായി അധിക്ഷേപിച്ചത്. രാധാകൃഷ്ണനെ പോലുള്ള സംഘ്പരിവാറിന്റെ പുതുതലമുറ നേതാക്കള്‍ ഇത്തരം പ്രസ്താവനകളിലൂടെ സ്വയം പരിഹാസ്യരാവുകയാണ്.

ഇപ്പോള്‍ ദേശീയഗാന പ്രേമവുമായി കലാകാരന്മാരെയും എഴുത്തുകാരെയും അധിക്ഷേപിക്കുന്നവര്‍ മലര്‍ന്നുകിടന്ന് മേലോട്ട് തുപ്പുകയാണ്. വന്ദേമാതരമാണ് ദേശീയഗാനമാകേണ്ടതെന്ന് വാദിച്ച് ടാഗോറിന്റെ ജനഗണമനയെ തള്ളിപ്പറഞ്ഞവരാണ് കമലിനെതിരെ ഇപ്പോള്‍ ക്ഷുദ്ര പ്രസ്താവനകള്‍ നടത്തുന്നത്. കമല്‍ ഒരിക്കലും ദേശീയഗാനത്തെ അപലപിച്ചിട്ടില്ല. അങ്ങനെവരുത്തിത്തീര്‍ക്കാനുള്ള നിന്ദ്യമായ നീക്കങ്ങളാണ് ബി ജെ പി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നുണകള്‍ ആവര്‍ത്തിച്ച് സത്യമാക്കുന്ന ഫാസിസ്റ്റ് രീതിയാണല്ലോ അവര്‍ക്കെന്നും പഥ്യം. ജീവിതത്തിലും സിനിമയിലും മതനിരപേക്ഷതക്കു വേണ്ടി നിലകൊള്ളുന്ന ഒരു കലാകാരനെ എസ് ഡി പി ഐയായി ആക്ഷേപിക്കുന്നവരുടെ ലക്ഷ്യം മതവിദേ്വഷ പ്രചാരണമാണ്. ആട്ടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന നരഭോജികളുടെ രീതിശാസ്ത്രം പ്രബുദ്ധരായ മലയാളികള്‍ക്ക് നന്നായി മനസ്സിലാകും. കമലിന്റെ രക്തത്തിനു വേണ്ടി ദാഹിച്ചുനടക്കുന്നവര്‍ക്ക് മതനിരപേക്ഷ കേരളം യുക്തമായ മറുപടി നല്‍കുമെന്നകാര്യത്തില്‍ സംശയമില്ല.
മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ എം ടിക്ക് കറന്‍സി നിരോധനത്തെക്കുറിച്ച് പറയാന്‍ എന്ത് യോഗ്യതയാണുള്ളത് എന്നാണല്ലോ നേരത്തെ എ എന്‍ രാധാകൃഷ്ണന്‍ ചോദിച്ചത്. സാമ്പത്തികശാസ്ത്രജ്ഞനല്ലാത്ത എം ടി കറന്‍സി നിരോധനത്തെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന് കല്‍പ്പിക്കാനും ഈ സംഘ്പരിവാര്‍ നേതാവിന് മടിയുണ്ടായില്ല. ചാനല്‍ മുറികളിലും സമൂഹിക മാധ്യമങ്ങളിലും ഇന്ത്യന്‍ ഫാസിസത്തിന്റെ വാമനാവതാരങ്ങള്‍ എം ടിയെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തു. എം ടിയെ പോലെ മലയാളി സമൂഹം ഹൃദയത്തിലേറ്റിയ ഒരെഴുത്തുകാരനെ അധിക്ഷേപിക്കാനും അപമാനിക്കാനും ബി ജെ പി നേതാക്കള്‍ക്ക് കഴിയുന്നത് അവരെ ഭരിക്കുന്ന ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഹൃദയരാഹിത്യം കൊണ്ടാണ്. എം ടിയെയും കമലിനെയും എല്ലാം അവര്‍ക്ക് ഭയമാണ്. അക്ഷരങ്ങളെയും വാക്കുകളെയും ഫാസിസ്റ്റുകള്‍ എന്നും ഭയപ്പെട്ടിരുന്നു. തലച്ചോറിനുപകരം ചോര കൊണ്ട് ചിന്തിക്കുന്ന ഫാസിസ്റ്റുകള്‍ എന്നും എഴുത്തുകാരനു നേരെ വാളോങ്ങിയിരുന്നു.

നരേന്ദ്ര മോദി ദേശീയാധികാരത്തിലെത്തിയത് സംഘ്പരിവാര്‍ ആഘോഷിച്ചത് വിശ്വപ്രസിദ്ധനായ ഇന്ത്യന്‍ എഴുത്തുകാരന്‍ യു ആര്‍ അനന്തമൂര്‍ത്തിക്ക് പാക്കിസ്ഥാനിലേക്കുള്ള വിമാനടിക്കറ്റ് അയച്ചുകൊടുത്തുകൊണ്ടായിരുന്നല്ലോ. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ത്ത നരേന്ദ്രദാല്‍ ബോക്കറെ അവര്‍ നേരിട്ടത് അദ്ദേഹത്തിന്റെ ജീവന്‍ തന്നെ എടുത്തുകൊണ്ടായിരുന്നല്ലോ. ആരാണ് ശിവജി എന്ന പുസ്തകമെഴുതിയ കുറ്റത്തിനാണ് ഗോവിന്ദ പന്‍സാരെയെ വധിച്ചത്. വിഗ്രഹാരാധനക്കും ആര്യ വംശാഭിമാനത്തിനുമെതിരെ സംസാരിച്ചുപോയ കുറ്റത്തിനാണ് എം എം കല്‍ബുര്‍ഗിയെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയത്.

പശുവിന്റെ പേരില്‍ നടക്കുന്ന നരഹത്യകള്‍ക്കും എഴുത്തുകാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള കടന്നാക്രമണങ്ങള്‍ക്കും എതിരെ ലേഖനമെഴുതിയ കുറ്റത്തിനാണ് കന്നട എഴുത്തുകാരി ചേതനതീര്‍ഥഹള്ളിയെ ബലാത്സംഗം ചെയ്ത് കൊല്ലുമെന്ന് ഭീഷണിമുഴക്കിയത്. അന്ധവിശ്വാസങ്ങളെയും ഹിന്ദുരാഷ്ട്ര സിദ്ധാന്തങ്ങളെയും എതിര്‍ത്ത കെ എസ് ഭഗവാനു നേരെയും വധഭീഷണിയുയര്‍ത്തി. ഷാരൂഖ്ഖാനെയും അമീര്‍ഖാനെയുമൊക്കെ രാജ്യദ്രോഹികളായി ആക്ഷേപിച്ചു. അവരുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നുവരെ ആഹ്വാനം ചെയ്യാനും സങ്കുചിത ദേശീയതയുടെ അന്ധകൂപങ്ങളില്‍ കഴിയുന്ന സംഘ്പരിവാര്‍ നേതാക്കള്‍ക്ക് മടിയുണ്ടായില്ല. വിശ്വപ്രസിദ്ധ ഗസല്‍ഗായകന്‍ ഗുലാംഅലിയെ ഡല്‍ഹിയിലും മുംബെയിലും കച്ചേരി നടത്താന്‍ അവര്‍ അനുവദിച്ചില്ല. സംഗീതവും കലയും സാഹിത്യവും ഫാസിസ്റ്റുകള്‍ക്ക് എന്നും ചതുര്‍ത്ഥിയായിരുന്നു.
ഇന്ത്യന്‍ ദേശീയത രൂപപ്പെട്ടുവന്ന സുദീര്‍ഘമായ കൊളോണിയല്‍ വിരുദ്ധ സമരത്തില്‍ നിന്ന് വിട്ടുനിന്നവരാണ് ഇന്നത്തെ ബി ജെ പിയുടെ പൂര്‍വികര്‍. ഹിന്ദുമഹാസഭയും ആര്‍ എസ് എസും. ആര്‍എസ് എസിന്റെ നേതാക്കളാരും ദേശീയസ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ല. ആര്‍ എസ് എസ് രൂപവത്കരിച്ച ഉടനെതന്നെയാണല്ലോ സൈമണ്‍ കമ്മീഷനെ ബഹിഷ്‌കരിക്കുന്ന പ്രക്ഷോഭങ്ങളില്‍ ദേശീയ രാഷ്ട്രീയം ഇളകിമറിഞ്ഞത്. ഹിന്ദു മഹാസഭയും ആര്‍ എസ് എസും സൈമണ്‍കമ്മീഷനെതിരായ പ്രക്ഷോഭങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. ഹിന്ദു മഹാസഭയില്‍ അംഗത്വമുണ്ടായിരുന്ന ലാലാലജ്പത്‌റായിയെ പോലുള്ളവര്‍ സൈമണ്‍ കമ്മീഷനെതിരായ പ്രക്ഷോഭത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടിയപ്പോള്‍ അവരെ തള്ളിപ്പറയുകയാണ് ഹിന്ദു മഹാസഭ ചെയ്തത്. 1928-ല്‍ ലാഹോറില്‍ സൈമണ്‍ കമ്മീഷനെതിരെ കരിങ്കൊടി കാണിച്ച് ലാത്തിയടിയേറ്റ് പിടഞ്ഞുവീണ ലാലാലജ്പത്‌റായ് ദിവസങ്ങള്‍ക്കകം രക്തസാക്ഷിത്വം വരിച്ചു.

ബ്രിട്ടീഷുകാര്‍ക്കെതിരെ ദേശീയസ്വാതന്ത്ര്യത്തിനുവേണ്ടി കത്തിജ്ജ്വലിച്ചുനിന്ന ഒരു തലമുറയുടെ പ്രതിനിധികളായ ഭഗത്സിംഗും സുഖ്‌ദേവും രാജ്ഗുരുവും അറസ്റ്റു ചെയ്യപ്പെടുകയും തൂക്കിലേറ്റപ്പെടുകയും ചെയ്തു. മുസഫര്‍ അഹമ്മദ് ഉള്‍പ്പെടെയുള്ള 32 ഓളം കമ്യൂണിസ്റ്റ് നേതാക്കളെ അറസ്റ്റ് ചെയ്യുകയും ബ്രിട്ടീഷ് ഭരണം ഇല്ലാതാക്കുന്നതിന് ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി വിചാരണ ചെയ്യുകയും ചിലരെ ജയിലിലടക്കുകയും ചിലരെ ആജീവനാന്തം നാടുകടത്തുകയും ചെയ്തു. ഇതിലൊന്നും ഹിന്ദുമഹാസഭക്കാരും ആര്‍ എസ് എസുകാരും ഉണ്ടായിരുന്നില്ല. അവര്‍ ബ്രിട്ടീഷുകാരുടെ കൈയില്‍ കളിച്ച് വര്‍ഗീയകലാപങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു.
1930 ജനുവരി 26-ന് സഹസ്രക്കണക്കിന് ഇന്ത്യന്‍ ദേശാഭിമാനികള്‍ സ്വാതന്ത്ര്യദിന പ്രതിജ്ഞയെടുത്തു. ഗാന്ധിജിയുടെ നേതൃത്വത്തില്‍ പതിനായിരങ്ങള്‍ ദേശീയ മുദ്രാവാക്യങ്ങളുയര്‍ത്തി ജയിലിലേക്ക് പോയി. ബ്രിട്ടീഷ് ഭരണത്തെ തകര്‍ക്കുന്ന വിധ്വംസകപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് രാജ്യമെമ്പാടും ദേശീയവാദികളെ വേട്ടയാടുകയും അവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്തു. പ്രക്ഷുബ്ധമായ ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഈ പോരാട്ടത്തിന്റെ നാളുകളില്‍ ആര്‍ എസ് എസ് കുറ്റകരമായ നിസ്സംഗതയിലായിരുന്നു. ആര്‍ എസ് എസ് സ്ഥാപകരില്‍ പ്രമുഖനായ മുഞ്‌ജേ സ്വാതന്ത്ര്യത്തിനു വേണ്ടി ഒരു ജനത തിളച്ച് മറിയുന്നകാലത്ത് ആര്‍ എസ് എസുകാരെ ഉപദേശിച്ചത്; “ഉത്തരവാദിത്വമുള്ള സഹകാരിയായി ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് സഹകരിക്കാനാ”യിരുന്നു. ഇന്ത്യന്‍ ജനത സ്വാതന്ത്ര്യബോധത്താല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ആളിക്കത്തിയപ്പോള്‍ ബ്രിട്ടീഷ് രാജ്ഞിയെയും വൈസ്രോയിയേയും അവരുടെ കൂടെനിന്ന് ആശ്വസിപ്പിച്ച രാജ്യദ്രോഹത്തിന്റെ പാരമ്പര്യമാണ് ആര്‍ എസ് എസിനുള്ളത്.

സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷുകാരെ സേവിക്കുകയും സ്വാതന്ത്ര്യാനന്തരം അമേരിക്കക്കുവേണ്ടി ആ പണി തുടരുകയും ചെയ്തവരാണ് ആര്‍ എസ് എസുകാര്‍. അവരുടെ ചരിത്രം വര്‍ഗീയതയുടേത് മാത്രമല്ല, രാജ്യദ്രോഹത്തിന്റേതുകൂടിയാണ്. ഇപ്പോള്‍ വംശീയവിദേ്വഷത്തിന്റെയും സാമുദായിക വിഭജനത്തിന്റെയും പ്രത്യയശാസ്ത്രഘോഷണങ്ങളുമായി ആഗോള നവലിബറല്‍ മൂലധനത്തെ സേവിക്കുകയാണവര്‍. 200 വര്‍ഷത്തിലേറെ നീണ്ടുനിന്ന കൊളോണിയല്‍വിരുദ്ധസമരത്തിലൂടെ നാം നേടിയെടുത്ത സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും സ്വാശ്രയത്വത്തെയും തകര്‍ക്കുകയാണവര്‍. എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളാക്കി ഇന്ത്യയെന്ന രാജ്യത്തെ അപദേശീയവത്ക്കരിക്കുകയാണ്. അവരാണ് രാജ്യം വിടേണ്ടവര്‍.

 

Latest