Connect with us

National

അതിര്‍ത്തിയില്‍ ജവാന്‍മാര്‍ക്ക് ലഭിക്കുന്നത് കഴിക്കാന്‍ കൊള്ളാത്ത ഭക്ഷണമെന്ന് വെളിപ്പെടുത്തല്‍

Published

|

Last Updated

ന്യൂഡല്‍ഹി/ശ്രീനഗര്‍: ഇന്ത്യാ – പാക് അതിര്‍ത്തിയില്‍ ജവാന്‍മാര്‍ക്ക് നല്‍കുന്നത് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണമെന്ന് ബിഎസ്എഫ് ജവാന്റെ വെളിപ്പെടുത്തല്‍. ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ തേജ് ബഹദൂര്‍ യാദവാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സെൽഫി വീഡിയോയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിക്കാൻ ചെല്ലുമ്പോൾ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം കണ്ട് പലപ്പോഴും ഒട്ടിയ വയറുമായി തിരിച്ചുപോരേണ്ടി വന്നിട്ടുണ്ടെന്നും തേജ് ബഹദൂര്‍ പറയുന്നു. തങ്ങൾക്ക് ലഭിക്കുന്ന ഭക്ഷണം പ്രദർശിപ്പിച്ചുകൊണ്ടാണ് ജവാൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ട ആഭ്യന്തര മന്ത്രി രാജ്‌നാഥ സിംഗ് പ്രശ്‌നത്തില്‍ ഇടപെട്ടു. സംഭവത്തില്‍ ബിഎസ്എഫില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയ അദ്ദേഹം കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദേശം നലകി.

പൊറോട്ടയും ചായയുമാണ് തങ്ങള്‍ക്ക് സ്ഥിരമായി ബ്രേക് ഫാസ്റ്റായി ലഭിക്കാറുള്ളതെന്നും ഇതോടൊപ്പം അച്ചാറോ പച്ചക്കറിയോ ഒന്നും ഉണ്ടാകാറില്ലെന്നും ജവാന്‍ വീഡിയോയില്‍ പറയുന്നു. ഉച്ചക്ക് റൊട്ടിയും മഞ്ഞപ്പൊടിയിട്ട ഒരു പരപ്പുകറിയും ലഭിക്കും. ദിവസവും 11 മണിക്കൂറെങ്കിലും സേവനം ചെയ്യേണ്ടിവരുന്ന തങ്ങള്‍ക്ക് ഈ ഭക്ഷണം കഴിച്ച് എങ്ങനെ മുന്നോട്ട് പോകാനാകുമെന്ന് തേജ് ബഹദൂര്‍ ചോദിക്കുന്നു.

ഭക്ഷണം മോശമായതിന് സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നില്ലെന്നും സൈനിക ഓഫീസര്‍മാരാണ് ഇതിന് ഉത്തരവാദികളെന്നും തേജ് ബഹദൂര്‍ പറഞ്ഞു. തങ്ങളുടെ പ്രശ്‌നങ്ങള്‍ ആരും കാണുന്നില്ല. ഇത് തങ്ങളോടുള്ള നീതി നിഷേധവും ക്രൂരതയുമാണന്നും ജവാന്‍ കുറ്റപ്പെടുത്തുന്നു.

ഇൗ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം താൻ സെെന്യത്തിൽ ഉണ്ടാകുമോ എന്ന് പോലും അറിയില്ല. അധികൃതർ അത്രയും ശക്തരാണ്. അവർക്ക് തന്നെ എന്തും ചെയ്യാൻ സാധിക്കും. തനിക്ക് എന്തും സംഭവിക്കാം. നിങ്ങൾ ഇൗ വീഡിയോ പരമവാധി ഷെയർ ചെയ്യണം. – ഇങ്ങനെ പറഞ്ഞുകൊണ്ടാണ് ജവാൻ വീഡിയോ അവസാനിപ്പിക്കുന്നത്.

Latest