ദുബൈയില്‍ ഒറ്റമണിക്കൂറില്‍ അതിവേഗതക്ക് റഡാര്‍ പിടിച്ചത് 19 തവണ; റിക്കാര്‍ഡിട്ട് യൂറോപ്യന്‍ വനിത

Posted on: January 9, 2017 10:57 pm | Last updated: January 9, 2017 at 10:57 pm
SHARE

ദുബൈ: അമിതവേഗതയില്‍ വാഹനമോടിച്ചതിന് ഒരു മണിക്കൂറിനുള്ളില്‍ 19 തവണ റഡാറില്‍ പിടിക്കപ്പെട്ട് യൂറോപ്യന്‍ വനിത റിക്കാര്‍ഡിട്ടു. ട്രാഫിക് വിഭാഗത്തിന്റെ തന്നെ ചരിത്രത്തിലാദ്യസംഭവമാണിതെന്നാണ് അധികൃതരുടെ വിശദീകരണം. കഴിഞ്ഞ ഡിസംബറിലാണ് ഏവരേയും ആശ്ചര്യപ്പെടുത്തിയ ഡ്രൈവിംഗ് നടന്നത്. പുലര്‍ച്ചെ മൂന്നിന് ശൈഖ് സായിദ് റോഡിലാണ് ‘മരണയോട്ടം’ നടന്നതെന്ന് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂഇ വ്യക്തമാക്കി. 220നും 240നുമിടയിലായിരുന്നു കാറിന്റെ വേഗത. ശൈഖ് സായിദ് റോഡിലെ പരമാവധി വേഗത 120 ആണ്. 139 വരെ ആകാം. സാഹസം കാണിച്ച വാഹനം പോര്‍ഷെയും 40നും 50നും ഇടയില്‍ പ്രായമുള്ള യൂറോപ്യന്‍ വനിതയാണെന്ന് പോലീസ് കണ്ടെത്തി. ഇവരെ ഹാജരാക്കി കാര്യം തിരക്കിയ പോലീസിനോട് ഇവര്‍ പറഞ്ഞ കാരണം രസാവഹമാണ്. ശാരീരികമായും മാനസികമായും ഞാന്‍ വേണ്ടത്ര ഉന്മേഷത്തിലായിരുന്നില്ല. ക്ഷീണിതയായിരുന്നു. റാശിദ് ആശുപത്രിയിലേക്ക് ചികിത്സാര്‍ഥം പോവുകയായിരുന്നു.

240 മീറ്റര്‍ വേഗതയില്‍ കാറോടിക്കാന്‍ യുവതി നിരത്തിയ കാരണങ്ങളാണിത്. അവസാനമായി റഡാര്‍ രേഖപ്പെടുത്തിയ സമയത്തിനുടനെ റാശിദ് ആശുപത്രിയില്‍ ചികിത്സ തേടിയ രേഖകളും യുവതി ഹാജരാക്കിയെന്ന് പോലീസ് വ്യക്തമാക്കി. പക്ഷേ, അപകടകരമായ അമിതവേഗത്തിന് ഇതൊന്നും മതിയായ കാരണങ്ങളല്ലെന്ന് യുവതിയെ ബോധ്യപ്പെടുത്തിയതായി പോലീസ് വിശദീകരിച്ചു. 200 കിലോമീറ്ററിലധികം വേഗതയില്‍ വാഹനം ഓടിച്ച് പിടിക്കപ്പെട്ടാല്‍ 1000 ദിര്‍ഹം പിഴക്ക് പുറമെ രണ്ട് മാസം വാഹനം പിടിച്ചിടുകയും ലൈസന്‍സില്‍ 12 ബ്ലാക്ക് പോയിന്റുകള്‍ ചാര്‍ത്തലുമാണ് നടപടിയെന്നും നിയമലംഘനം ആവര്‍ത്തിച്ചാല്‍ മൂന്ന് വര്‍ഷം വരെയായിരിക്കും യുവതിയുടെ കേസില്‍ വാഹനം പിടിച്ചിടുകയെന്നും പോലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here