Connect with us

National

അഖിലേഷ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി; പാര്‍ട്ടി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും: മുലായംസിംഗ്‌ യാദവ്‌

Published

|

Last Updated

ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി പിളര്‍പ്പിന്റെ വക്കില്‍ നില്‍ക്കെ സമവായ ശ്രമങ്ങളുമായി ദേശീയ അധ്യക്ഷന്‍ മുലായംസിംഗ് യാദവ് രംഗത്ത്. എതിര്‍ച്ചേരിയിലുള്ള മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് തന്നെയാണ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് മുലായം വ്യക്തമാക്കി.

അഖിലേഷിനും തനിക്കുമിടയില്‍ യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്നും പാര്‍ട്ടിയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഒരു വ്യക്തി കുടിപ്പക തീര്‍ക്കുന്നതാണെന്ന് മുലായം സിംഗ് യാദവ് വ്യക്തമാക്കിയതിന് പിന്നാലെയാണ് അഖിലേഷ് തന്നെയാണ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന മുലായംസിംഗിന്റെ പ്രഖ്യാപനം. പാര്‍ട്ടിയില്‍ പിളര്‍പ്പില്ലെന്നും ഒറ്റക്കെട്ടായി പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും മുലായം വ്യക്തമാക്കി.

പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളിന്റെ കാര്യത്തില്‍ ചില തര്‍ക്കങ്ങളുണ്ടെന്നും അത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയിലുണ്ടായ മുഴുവന്‍ പ്രശ്‌നങ്ങളും ഉടന്‍ പരിഹരിക്കുമെന്നും മുലായം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അതേസമയം, 90 ശതമാനം പാര്‍ട്ടി ജനപ്രതിനിധികളും അംഗങ്ങളും തങ്ങള്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കി രാംഗോപാല്‍ യാദവ് രംഗത്തെത്തിയിട്ടുണ്ട്. പത്രികാസമര്‍പ്പണത്തിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും രാംഗോപാല്‍ യാദവ് അറിയിച്ചു.

Latest