Connect with us

Gulf

യമനില്‍ ഭക്ഷണപ്പൊതി വിതരണം ചെയ്യുമെന്ന് ഖത്വര്‍ ചാരിറ്റി

Published

|

Last Updated

ദോഹ: യമനിലെ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന യമനിലെ ഇബ്ബ് നഗരത്തിലെ ആളുകള്‍ക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്യുമെന്ന് ഖത്തര്‍ ചാരിറ്റി അറിയിച്ചു. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയാണ്. എഴുന്നൂറോളം കുടുംബങ്ങള്‍ക്കാണ് ഭക്ഷണപ്പൊതി വിതരണം ചെയ്യുക. ഇബ്ബ് നഗരത്തില്‍ 12,000ത്തോളം കുടുബങ്ങള്‍ കടുത്ത പട്ടിണി അനുഭവിക്കുന്ന സാഹചര്യം ഉള്ളവരാണ്. ഇതിനൊപ്പം ഭവനരഹിതരായവരും തൊഴില്‍രഹിതരും അനാഥരും രോഗികളായ കുട്ടികളും വര്‍ധിച്ചിട്ടുള്ളതും സാഹചര്യങ്ങളെ വഷളാക്കിയിട്ടുണ്ട്. ഈ അവസ്ഥയാണ് ഖത്തര്‍ ചാരിറ്റി അടിയന്തര സഹായം എത്തിക്കാന്‍ കാരണമായിട്ടുള്ളത്. യമനില്‍ അല്‍ ഖഫ്ര് ജില്ലയില്‍ ആകെയുള്ള 14,00,00ത്തിലധികം വരുന്ന ജനങ്ങളില്‍ 70 ശതമാനവും പട്ടിണി നേരിടുന്നവരാണന്നും ഖത്തര്‍ ചാരിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി.

2016 ഒക്ടോബര്‍നവംബര്‍ മാസങ്ങളില്‍ മാത്രം അഞ്ച് വയസ്സില്‍ താഴെയുള്ള പതിനാല് കുട്ടികള്‍ മരിച്ചതായാണ് യമനലെ ആരോഗ്യ ഓഫീസില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
എഴുന്നൂറ് കുടുംബങ്ങള്‍ക്ക് രണ്ട് മാസത്തേക്കുള്ള ഭക്ഷ്യ ഉത്പന്നങ്ങള്‍ അടങ്ങുന്ന പാക്കറ്റാണ് നല്‍കുന്നതെന്ന് യമനിലെ ഖത്തര്‍ ചാരിറ്റി ഓഫീസ് ഡയറക്ടര്‍ നാസ്ര് ഖ്വാദ് അല്‍സമീം പറഞ്ഞു. അമ്പത് കിലോ ഗോതമ്പ് പൊടി, പത്ത് കിലോ പഞ്ചസാര, പത്ത് കിലോ അരി, മൂന്ന് കിലോ ഉപ്പ്, അര കിലോ പഞ്ചസാര, മൂന്ന് ലിറ്റര്‍ എണ്ണ, 900 ഗ്രാം പാല്‍, 25 കാന്‍ തക്കാളി പേസ്റ്റ് എന്നിവയാണ് പാക്കറ്റിലുള്ളത്.
ഇതുവരെ ഖത്തര്‍ ചാരിറ്റി യമനിലെ പതിനഞ്ച് ലക്ഷത്തോളം പേര്‍ക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നല്‍കിയിരുന്നു.