Connect with us

Qatar

ഖത്വറില്‍ സലൂണുകളിലെ വ്യാജ ഉത്പന്നങ്ങള്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിക്കുന്നു

Published

|

Last Updated

ദോഹ: രാജ്യത്തെ ബ്യൂട്ടി സലൂണുകളില്‍നിലവാരമില്ലാത്തതും വ്യാജവുമായ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കുന്നു.
നിലവാരമില്ലാത്തതും കാലാവധി കഴിഞ്ഞതും വ്യാജവുമായ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന സലൂണുകള്‍ കര്‍ശന നടപടികള്‍ നേരിടേണ്ടി വരും. ഉപഭോക്തൃ സംരക്ഷണ നിയമം സംബന്ധിച്ച 2008ലെ എട്ടാം നമ്പര്‍ നിയമ പ്രകാരം ഇത്തരം ഉത്പന്നങ്ങള്‍ നിരോധിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി സലൂണ്‍ മാനേജര്‍മാര്‍ക്ക് മന്ത്രാലയം സര്‍ക്കുലര്‍ നല്‍കി.

ആരോഗ്യകരവും സുരക്ഷിതവുമായ ഉത്പന്നങ്ങളുടെ ഉപയോഗവും സേവനവും ഉത്പന്നങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരം അറിയാനുള്ള അവകാശവും ഉറപ്പാക്കുന്നതാണ് നിയമം. ഇത്തരം ഉത്പന്നങ്ങളുടെ വില്‍പ്പനയും പ്രദര്‍ശനവും പ്രമോഷനും നിരോധിച്ചുകൊണ്ടുള്ള നിയമത്തിലെ ആറാം വകുപ്പ് നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കാനും ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കുലര്‍. ബ്യൂട്ടി സലൂണുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും സാമ്പത്തിക വാണിജ്യ മന്ത്രാലയം പരിശോധന ശക്തമാക്കുന്നുണ്ട്. വ്യവസ്ഥകള്‍ പാലിക്കാത്തതും കാലാവധി കഴിഞ്ഞതുമായ ഉത്പന്നങ്ങളെ വ്യാജ ഉത്പന്നങ്ങളായാണ് കണക്കാക്കുന്നത്. ഉത്പന്നങ്ങളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളോ പരസ്യമോ പ്രദര്‍ശിപ്പിക്കരുതെന്ന നിയമത്തിലെ ഏഴാം വകുപ്പും കര്‍ശനമായി നടപ്പാക്കണം.

പല ബ്യൂട്ടി സലൂണുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും വ്യാജ ഉത്പന്നങ്ങളും നിലവാരമില്ലാത്ത സൗന്ദര്യവര്‍ധക വസ്തുക്കളും വ്യാപകമായി ഉപയോഗിക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍കൂടിയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഹെയര്‍ ഡിസൈനുകളിലും ത്വക്ക് സംരക്ഷണ ഉത്പന്നങ്ങളിലും തെറ്റിദ്ധരിക്കപ്പെടുന്ന ലേബലുകള്‍ പ്രദര്‍ശിപ്പിക്കുന്നതും നിയമലംഘനമാണ്. ഉത്പന്നത്തിന്റെ സ്വഭാവം, ഘടന, ചേരുവകള്‍, ഉപയോഗിക്കുന്നതിന്റെ ഫലം എന്നിവയെല്ലാം കൃത്യമായി ഉത്പന്നത്തിന്റെ ലേബലില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം. കാലാവധി കഴിഞ്ഞ അല്ലെങ്കില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. നിലവാരമില്ലാത്ത ഉത്പന്നങ്ങളുടെ ഉപയോഗം ഉപഭോക്താവിന് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉത്പന്നങ്ങളുടെ സ്വഭാവം, ഉപയോഗിക്കുമ്പോഴുള്ള ഫലം എന്നിവയെക്കുറിച്ച് ഉപഭോക്താക്കളെ അറിയിച്ചിരിക്കണമെന്ന് സലൂണുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വ്യാജ ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. നിയമലംഘനം നടത്തുന്ന സലൂണുകള്‍ അടച്ചുപൂട്ടുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും.

 

Latest