Connect with us

Gulf

ആഗോള ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ കേന്ദ്രമാകാന്‍ ഖത്വര്‍ തയാറെടുക്കുന്നു

Published

|

Last Updated

ദോഹ: ഹലാല്‍ ഉത്പന്നങ്ങള്‍ക്ക് ആഗോള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെന്ന് ഖതര്‍ ചേംബര്‍. ഹലാല്‍ ഉത്പന്നങ്ങളുടെ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ സെന്ററായ ഇസ്‌ലാമിക് ചേംബര്‍ ഓഫ് കൊമേഴ്‌സ്, ഇന്‍ഡസ്ട്രി, അഗ്രികള്‍ച്ചറാണ് (ഐ സി സി ഐ എ) ഹലാല്‍ ഉത്പന്നങ്ങള്‍ക്ക് ആഗോള സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കേന്ദ്രമായി ഖത്വര്‍ ചേംബറിനെ തിരഞ്ഞെടുത്തത്. ഇതനുസരിച്ച് ഇസ്‌ലാമിക വിശ്വാസരീതികളുടെ ഭാഗമായ ഹലാല്‍ ഭക്ഷ്യവസ്തുക്കള്‍ സാക്ഷ്യപ്പെടുത്താനുള്ള ഔദ്യോഗിക അധികാരകേന്ദ്രം ഖത്വറാണ്. സഊദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായ ഏജന്‍സിയാണ് ഐ സി സി ഐ എ.

ഹലാല്‍ ഭക്ഷ്യവസ്തുക്കളുടെ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും നടപടിക്രമങ്ങളും രൂപപ്പെടുത്തുന്നത് അന്തിമമായിട്ടുന്നെ് ഖത്വര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ക്യു സി സി ഐ) വൈസ് ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ അഹ്മദ് ബിന്‍ തവാര്‍ ഖത്വര്‍ ട്രിബ്യൂണിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇസ്‌ലാമിക നിയമങ്ങള്‍ക്ക് കീഴിലാണ് ഹലാല്‍ ഉത്പന്നം അനുവദിച്ചിരിക്കുന്നത്. നിയമാനുസൃതമല്ലാത്ത ഒന്നും ഹലാല്‍ ഉത്പന്നങ്ങളില്‍ ഉള്‍പ്പെടാന്‍ പാടില്ല. നിയമവിരുദ്ധമായ രീതിയില്‍ ഹലാല്‍ ഉത്പന്നങ്ങള്‍ തയ്യാറാക്കാനോ ക്രമീകരിക്കാനോ ഗതാഗതം ചെയ്യാനോ അല്ലെങ്കില്‍ സംഭരിക്കാനോ പാടില്ല. ഇതെല്ലാം കണക്കിലെടുത്താണ് സര്‍ട്ടിഫിക്കേഷന്‍ മാനദണ്ഡം തയാറാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

പുതിയ മാനദണ്ഡം ലോകവ്യാപകമായുള്ള ഹലാല്‍ ഉത്പന്നങ്ങള്‍ക്ക് ബാധകമായിരിക്കും. ഹലാല്‍ ഉത്പന്നങ്ങള്‍ക്കുള്ള ആഗോള സര്‍ട്ടിഫിക്കറ്റാണ് ഖത്വര്‍ ചേംബര്‍ തയാറാക്കുന്നത്. ഇസ്‌ലാമിക രാജ്യങ്ങളുടെ ഹലാല്‍ സംബന്ധമായ നിയന്ത്രണസമിതിയായ “ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ അതോറിറ്റി” ആസ്ഥാനം ഖത്വറാണ്. ഇസ്‌ലാമിക രീതിയനുസരിച്ച് അറുക്കുന്ന അറവു മാടുകളുടെ മാംസവും മതത്തില്‍ നിഷിദ്ധമാക്കിയവ ഒഴിവാക്കി തയാറാക്കുന്ന ഭക്ഷണവും നിര്‍ണയിക്കാനും സാക്ഷ്യപ്പെടുത്താനുമുള്ള അധികാരകേന്ദ്രം ഇവിടുത്തെ കേന്ദ്ര കമ്മിറ്റിക്കാകും. ഇസ്‌ലാമിക സമ്പദ്‌രംഗത്തെ പ്രധാന കേന്ദ്രങ്ങളിലൊന്നായി മാറാന്‍ ഖത്വറിന് ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിദേശ വ്യാപാരവും ഭക്ഷ്യോത്പാദനവും വര്‍ധിപ്പിക്കാനും ഈ പദവി ഖത്വറിനെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഖത്വര്‍ ചേംബര്‍ അറിയിച്ചു. കൂടാതെ ഹലാല്‍ നിയന്ത്രണങ്ങള്‍ക്കുള്ള ആഗോള ഏകീകൃത സമിതിയായി ഇതിനെ രൂപപ്പെടുത്താനും സാധ്യമാവും. ഹലാല്‍ ഭക്ഷ്യവസ്തുക്കളുടെ നിലവാരം ഏകീകരിക്കാനും അംഗീകരിക്കാനുമുള്ള സമിതിയായാണ് ഇതറിയപ്പെടുകയെന്ന് ഖത്വര്‍ ചേംബര്‍ അറിയിച്ചു. കയറ്റുമതി രംഗത്തുള്ളവരെ ആകര്‍ഷിക്കാനും കൂടുതല്‍ നിക്ഷേപങ്ങള്‍ കെണ്ടുവരാനും കഴിയും.

ഹലാല്‍ സംസ്‌കാരത്തിന് പ്രോത്സാഹനം നല്‍കി ഹലാല്‍ വ്യാപാരത്തിന് പ്രചാരം നല്‍കുന്ന പദ്ധതിക്ക് ഖത്വര്‍ ചേംബര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോണ്‍ഫറന്‍സ് (ഒ ഐ സി) അംഗങ്ങളായ 57 രാജ്യങ്ങളുള്‍പ്പെട്ടതാണ് ഐ സി സി ഐ എ. ആഗോളതലത്തില്‍ 2,00,00 കോടി ഡോളര്‍ മൂല്യം വരുന്ന ഹലാല്‍ ഉത്പന്നങ്ങളാണ് വ്യാപാരം ചെയ്യുന്നത്. ഇസ്‌ലാമിക വിപണിയിലെ 7,00,00 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ ഉള്‍പ്പെടെയാണിത്. ഹലാല്‍ വിപണി വളര്‍ച്ച പ്രാപിക്കുന്നതിനാല്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ആഗോള കേന്ദ്രം അനിവാര്യമാണെന്നും തവാര്‍ വിശദീകരിച്ചു. ഏകീകൃത ആഗോള ഹലാല്‍ റെഗുലേറ്ററി കേന്ദ്രത്തിന്റെ രൂപവത്കരണത്തോടെ ഹലാല്‍ വിപണിയില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിയും. മുസ്‌ലീം രാജ്യങ്ങള്‍ക്കിടയിലെ വാണിജ്യ കൈമാറ്റങ്ങളുടെ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്താനും ഇതിലൂടെ സാധ്യമാകുമെന്നും തവാര്‍ പറഞ്ഞു.

 

Latest