Connect with us

Gulf

ദുബൈയെ മെഡിക്കല്‍ ടൂറിസത്തിന്റെ ആഗോള ഹബ്ബാക്കും

Published

|

Last Updated

ഹുമൈദ് അല്‍ ഖതാമി

ദുബൈ ഹെല്‍ത് അതോറിറ്റി ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ ഹുമൈദ് അല്‍ ഖതാമിയുമായി പ്രത്യേക അഭിമുഖം/ ഫാസില്‍ അഹ്‌സന്‍

ദുബൈ ഹെല്‍ത് സ്ട്രാറ്റജിയും ഈ സംരത്തിന്റെ ലക്ഷ്യത്തെയും കുറിച്ച്?
വളരെയധികം സമഗ്രമായൊരു ലക്ഷ്യമാണിത്, ദുബൈയിലെ ആരോഗ്യമേഖലയിലെ നിലവിലുള്ള വിടവുകള്‍ നികത്തുന്നതിനും ആരോഗ്യമേഖലക്ക് കരുത്തേകുന്നതിനുമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച രീതിയിലൂടെ ആവിഷ്‌കരിച്ച പദ്ധതിയാണിത്. ഇത്തരത്തിലുള്ള സംരംഭങ്ങള്‍ നടപ്പാക്കുന്നതിലൂടെ രോഗികളിലും ആരോഗ്യ സംരക്ഷണ മേഖലയിലെ പ്രൊഫഷണലുകളിലും ദുബൈയിലെ ആരോഗ്യ മേഖലയിലെ മൊത്തത്തിലുള്ള സൗകര്യങ്ങളിലും വ്യക്തമായ മാറ്റങ്ങള്‍ കാണാനാകും.
ദുബൈ ഹെല്‍ത് സ്ട്രാറ്റജി 20162021 ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനായി ദുബൈ ഹെല്‍ത് അതോറിറ്റി നിരവധി നയങ്ങളും വ്യത്യസ്തങ്ങളായ പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്.
രോഗികള്‍ക്കായി, അവര്‍ക്ക് ലഭിക്കുന്ന ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി താമസയിടങ്ങള്‍ക്കടുത്ത് പുതിയ ക്ലിനിക്കുകളും സ്‌പെഷ്യാലിറ്റി സേവനങ്ങളും ഇലക്‌ട്രോണിക് മെഡിക്കല്‍ റെക്കോര്‍ഡ്‌സുകളും നടപ്പാക്കും.
നയരൂപീകരണം നടത്തുന്നവര്‍ക്കായി, പൊതുജനങ്ങളുടെ ആരോഗ്യം കാര്യക്ഷമമാക്കുന്നതിനായി കൂടുതല്‍ ഗവേഷണം നടത്തുന്നതിനുള്ള സഹായങ്ങള്‍ ചെയ്തുകൊടുക്കും.
നിക്ഷേപകര്‍ക്കായി, തങ്ങളുടെ നിക്ഷേപത്തിലൂടെ ലാഭം നേടിയെടുക്കാന്‍ സാധിക്കുന്ന മേഖലകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കും.
മൂന്ന് കാലയളവുകളാക്കി തിരിച്ചിരിക്കുന്ന 15 പരിപാടികളുടെ കീഴില്‍ 98 ഇനീഷ്യേറ്റീവുകളാണ് ഡി എച്ച് എ നടപ്പാക്കുന്നത്. ദ്രുതഗതിയില്‍, ഇടത്തരം കാലം, നീണ്ട കാലയളവുള്ളത് എന്നീ അടിസ്ഥാനത്തിലാണ് ഇനീഷ്യേറ്റീവുകള്‍ നടപ്പാക്കുക.
ദ്രുതഗതിയിലുള്ള പരിപാടികളുടെ അടിസ്ഥാന കാര്യങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഇടത്തരം കാലയളവിനുള്ളിലുള്ളതും നീണ്ടകാലയളവിനുള്ളിലുമായി പൂര്‍ത്തീകരിക്കേണ്ട കാര്യങ്ങള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കും. ഇതിനുള്ള പ്രാഥമിക പ്രക്രിയകള്‍ ആരംഭിച്ചിട്ടുണ്ട്.
ആരോഗ്യ അഭിവൃദ്ധി, രോഗപ്രതിരോധം, ഇലക്‌ട്രോണിക് മെഡിക്കല്‍ റെക്കോര്‍ഡ് ഉള്‍പെടെയുള്ള ആരോഗ്യ വിവരങ്ങള്‍, ത്രീഡി പ്രിന്റിംഗ്, ടെലികമ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യയിലൂടെ രോഗനിര്‍ണയം നടത്തുകയും ചികിത്സ നടപ്പാക്കുകയും ചെയ്യുന്ന ടെലി മെഡിസിന്‍, പുതിയ ഹെല്‍ത് ആപുകള്‍, സ്മാര്‍ട് ഹെല്‍ത്, ഇന്‍ഷ്വറന്‍സും ഹെല്‍ത് ഫൈനാന്‍സും, മെഡിക്കല്‍ ടൂറിസം തുടങ്ങിയവയാണ് ഡി എച്ച് എ നടപ്പാക്കുന്ന ചില ഇനീഷ്യേറ്റീവുകള്‍.

സ്മാര്‍ട് ഹെല്‍തിലാണല്ലോ ഇപ്പോള്‍ അതോറിറ്റി ഫോക്കസ് ചെയ്തിരിക്കുന്നത്, ഇതൊരു അര്‍ഥവത്തായ തീരുമാനമാണോ?
അതെ, തീര്‍ച്ചയായും. ഇത് മുന്നേറ്റത്തിനുള്ള വഴിയാണ്. രോഗികളുടെ ജീവിതത്തിന് കൂടുതല്‍ സാന്ത്വനവും ആശ്വാസം പകരാനും ഇതിലൂടെ സാധ്യമാകും. ഏത് സമയവും രോഗസംബന്ധമായ വിവരങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാക്കാന്‍ ഇത് സഹായിക്കും. രോഗീ പരിചരണം ഉയര്‍ത്താനും ആരോഗ്യ സൗകര്യങ്ങള്‍ കാര്യക്ഷമമാക്കാനും ഫലപ്രാപ്തി ഉയര്‍ത്താനും സമാര്‍ട് ഹെല്‍തിലൂടെ ഈ രംഗത്ത് മുന്നോട്ട് കുതിക്കാനാകും. “സലാമ” എന്ന പേരില്‍ 2017ല്‍ ഡി എച്ച് എ നടപ്പാക്കാനിരിക്കുന്ന ഇലക്‌ട്രോണിക് മെഡിക്കല്‍ പേഷ്യന്റ് റെക്കോര്‍ഡ് പദ്ധതിയുടെ അടിസ്ഥാനകാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അടുത്തുതന്നെ ഇത് നടപ്പില്‍ വരും. ഹെല്‍ത് അതോറിറ്റിയുടെ മുഴുവന്‍ സൗകര്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഇലക്‌ട്രോണിക് റെക്കോര്‍ഡില്‍ ലഭ്യമാകും. അതിനു പുറമെ, രോഗികള്‍ക്ക് തങ്ങളുടെ ചികിത്സാ വിവരങ്ങള്‍ “പേഷ്യന്റ് പോര്‍ടല്‍”ലൂടെ അറിയാനാകും. ആരോഗ്യ സംരക്ഷണ ദാതാക്കള്‍ക്ക് രോഗികളുടെ സമഗ്രവും ഉറപ്പായതുമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഇത് സഹായിക്കും. രോഗിയുടെ നിലവിലുള്ള അവസ്ഥയെ ക്കുറിച്ചുള്ള പൂര്‍ണമായ അവലോകനം ദ്രുതഗതിയില്‍ മനസിലാക്കാനും ഇലക്‌ട്രോണിക് മെഡിക്കല്‍ പേഷ്യന്റ് റെക്കോര്‍ഡ് സഹായിക്കും. അതുകൂടാതെ, അലര്‍ജി സംബന്ധമായ മുന്നറിയിപ്പുകള്‍ സ്‌ക്രീനില്‍ എടുത്തുകാണിക്കും. മരുന്നുകള്‍ നല്‍കിയതില്‍ എന്തെങ്കിലും പിശകുകളുണ്ടെങ്കില്‍ അത് നികത്താനും സാധ്യമാകും.
ഇതിനു സമാനമായി തന്നെ ടെലി മെഡിസിന്‍ പോലോത്ത നിരവധി സ്മാര്‍ട് ആരോഗ്യ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ടെലി മെഡിസിന്‍ കാര്യനിര്‍വഹണത്തിനായുള്ള ഒരു ബാഹ്യരൂപം ഉണ്ടാക്കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ആരോഗ്യ വിവരങ്ങളും അന്വേഷണങ്ങളും സംബന്ധിച്ച് ബന്ധപ്പെടാവുന്ന ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ഇതോടനുബന്ധിച്ചുണ്ടായിരിക്കും. അവരുടെ സംശയങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഡോക്ടര്‍മാര്‍ കൃത്യമായ മറുപടി നല്‍കും. വിദഗ്ധമായ കണ്‍സള്‍ട്ടേഷന്‍ ആവശ്യമാണെങ്കില്‍ അവരുടെ ആരോഗ്യ അവസ്ഥയുടെ അടിസ്ഥാനത്തില്‍ എമര്‍ജന്‍സി റൂമുമായി ബന്ധപ്പെടാന്‍ ഉപദേശിക്കുകയോ അപ്പോയ്‌മെന്റ് നല്‍കുകയും ചെയ്യും.
ഈ സ്മാര്‍ട് ഹെല്‍ത് ഇനീഷ്യേറ്റീവുകള്‍ ഒരു ശ്രേണിയാണ്. ഇത് ആരോഗ്യമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനും രോഗികളുടെ ആരോഗ്യസുരക്ഷാ അനുഭവം മെച്ചപ്പെടുത്താനും സഹായിക്കും.

ഒരു ത്രീഡി സ്ട്രാറ്റജി നടപ്പാക്കുന്നുണ്ടോ, എന്തുകൊണ്ടാണ് ആരോഗ്യസംരക്ഷണത്തിനായി ത്രീഡി ടെക്‌നോളജിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്?
യു എ ഇ ത്രീഡി പ്രിന്റിംഗ് സ്ട്രാറ്റജിയുടെ ഭാഗമായാണ് ഡി എച്ച് എയുടെ ത്രീഡി പ്ലാന്‍. കണ്‍സ്ട്രക്ഷന്‍, കണ്‍സ്യൂമര്‍, ഹെല്‍ത് കെയര്‍ എന്നീ മൂന്ന് മേഖലകളിലാണ് ശ്രദ്ധയൂന്നുന്നത്. പ്രിന്റിംഗ് മേഖലയിലെ വിപ്ലവകരമായ ടെക്‌നോളജി ഉപയോഗപ്പെടുത്തുകയാണ് അതോറിറ്റിയുടെ ലക്ഷ്യം. ശസ്ത്രക്രിയകള്‍ ചെയ്യുന്നതിന് മുമ്പായി പല്ലുകളുടെയും കൃത്രിമായവയങ്ങളുടെയും ഹൃദയത്തിന്റെയും ത്രീഡി മോഡലുകള്‍ പ്രിന്റ് ചെയ്യും. ശരീരത്തിലെ തകര്‍ന്ന എല്ലുകളും അവയവങ്ങളും സംരക്ഷിക്കുന്നതിന് സഹായിക്കുന്ന ഫൈബര്‍ സംരക്ഷിത കവചങ്ങള്‍, പ്ലാസ്റ്റര്‍ എന്നിവയിലും ത്രീഡി പ്രിന്റിംഗ് ടെക്‌നോളജി ഉപയോഗപ്പെടുത്തും.
2021 വിഷന്‍ ശക്തമായ ആരോഗ്യ നിവാരണത്തിനും രോഗങ്ങള്‍ തടയുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുത്, സമൂഹത്തില്‍ ക്രമേണ രോഗങ്ങള്‍ കുറക്കുന്നതിനായി ഗവണ്‍മെന്റ് ഏത് തരത്തിലാണ് ഇടപെടുക?
ആരോഗ്യ അഭിവൃദ്ധിയും രോഗപ്രതിരോധവും ദുബൈ ഹെല്‍ത് അതോറിറ്റിയുടെ പ്രധാന ലക്ഷ്യമാണ്. പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും യഥാസമയം വിവരങ്ങള്‍ നല്‍കുന്നതിനുമായി സ്വകാര്യ മേഖലകളുമായും മറ്റു ഗവണ്‍മെന്റ് സ്ഥാപനങ്ങളുമായും ചേര്‍ന്ന് ബോധവത്കരണ പരിപാടികളും കാമ്പയിനുകളും നടത്തും. മറ്റു വഴികളും സ്വീകരിക്കും. എന്‍ സി ഡി എസ് (പകര്‍ച്ച വ്യാധികളല്ലാത്ത രോഗങ്ങള്‍) സംബന്ധമായും മറ്റു പൊതുജനാരോഗ്യ വിഷയങ്ങളെ കുറിച്ചുമുള്ള കാര്യങ്ങളിലുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഹെല്‍ത് പോളിസിയും എന്‍ സി ഡി എസ് പോളിസിയും അഭിവൃദ്ധിപ്പെടുത്തുന്നതിനായി ഒരു പഠനകേന്ദ്രം അടുത്തിടെയായി സ്ഥാപിച്ചു.
ജനിതക വൈകല്യങ്ങള്‍ കണ്ടെത്തുന്നതിനും രോഗികള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കി അവരുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തിയെടുക്കുന്നതിലൂടെ രോഗത്തില്‍ നിന്ന് പെട്ടെന്ന് മുക്തി പ്രാപിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. രോഗങ്ങളില്‍ ജനിതകപരമായ പങ്ക് എത്രത്തോളമുണ്ടെന്ന് കണ്ടെത്തുന്നതിനായി ദുബൈ ഹെല്‍ത് അതോറിറ്റിക്ക് കീഴില്‍ ഗവേഷകര്‍ പഠനം നടത്തുന്നുണ്ട്. ഗവേഷണം പൂര്‍ത്തിയായ ശേഷം, ഗവേഷണ ഫലങ്ങള്‍ സംയോജിപ്പിക്കുകയും ഇതിലൂടെ കാരണങ്ങള്‍ തീര്‍ച്ചപ്പെടുത്താനുമാകും. ഇതോടെ പ്രാഥമികമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും സുരക്ഷ വര്‍ധിപ്പിക്കാനും ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്താനും സഹായിക്കും. വീടുകളിലും പുറത്തും ഒരു ആരോഗ്യ അന്തരീക്ഷം എങ്ങനെ വളര്‍ത്തിയെടുക്കാമെന്നതിനായി പൊതു ആരോഗ്യസുരക്ഷാ പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. തൊഴില്‍പരമായ ആരോഗ്യ സുരക്ഷയും ഗൃഹാരോഗ്യസുരക്ഷയും ഇതില്‍ ഉള്‍പെടുന്നു. മാനസികാരോഗ്യ സ്ട്രാറ്റജി പൂര്‍ത്തീകരണത്തിനുള്ള പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു.

ചില പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഹെല്‍ത് അതോറിറ്റി അടിയന്തരമായി കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ടല്ലോ, ഇതിനു പിന്നിലുള്ള കാരണമെന്താണ്?
ജനങ്ങള്‍ കൂടുതലായി താമസിക്കുന്നിടങ്ങളിലാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍. ജനങ്ങള്‍ പെട്ടെന്ന് ആശ്രയിക്കുന്നത് ഈ കേന്ദ്രങ്ങളെയാണ്. ഇവിടെ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെ നോണ്‍ എമര്‍ജന്‍സി കേസുകള്‍ക്ക് ഇവിടെതന്നെ പരിഹാരം കാണാനാകും. അല്‍ ബര്‍ശ, നാദ് അല്‍ ഹമര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഹെല്‍ത് അതോറിറ്റി 24 മണിക്കൂറും അടിയന്തര ഘട്ടങ്ങള്‍ നേരിടുന്നതിനുള്ള സൗകര്യങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ഇത് വിജയകരവുമാണ്. മറ്റു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് കൂടി ഇത്തരം സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങള്‍ ആലോചിച്ചുവരികയാണ്.

ദുബൈ ഒരു മെഡിക്കല്‍ ടൂറിസം കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്, എമിറേറ്റിലെ ഹെല്‍ത് കെയര്‍ മാര്‍ക്കറ്റിനെ ഇത് എങ്ങനെ സ്വാധീനിക്കും?
2015ല്‍ ജി സി സി, മിന, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നായി ദുബൈയിലേക്ക് 630,833 മെഡിക്കല്‍ ടൂറിസ്റ്റുകളാണ് എത്തിയത്. ഇതില്‍ 47 ശതമാനം അന്താരാഷ്ട്ര മെഡിക്കല്‍ ടൂറിസ്റ്റുകളായിരുന്നു. 150 കോടി ദിര്‍ഹമിന്റെ വരുമാനമാണ് ഇത് നേടിത്തന്നത്. വരും വര്‍ഷങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കൂടുതല്‍ മെഡിക്കല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദുബൈ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഏകീകൃതമായ മെഡിക്കല്‍ ടൂറിസം പ്രോഗ്രാമി (ദുബൈ ഹെല്‍ത് എക്‌സ്പീരിയന്‍സ്) ലൂടെ ലോക മെഡിക്കല്‍ ടൂറിസം ഭൂപടത്തില്‍ ദുബൈ ശക്തമായ സാന്നിധ്യമുറപ്പിച്ചു.

ദുബൈയെ ഒരു മെഡിക്കല്‍ ടൂറിസം ഹബ്ബാക്കി മാറ്റുന്നതില്‍ ഡി എച്ച് എയുടെ പങ്ക് എന്താണ്?
സമഗ്രമായ മെഡിക്കല്‍ ടൂറിസം രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സ്വകാര്യ മേഖലയുമായി ചേര്‍ന്ന് ഡി എച്ച് എ പ്രവര്‍ത്തിക്കുന്നുണ്ട്. രോഗികള്‍ക്ക് പരിരക്ഷ ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടപ്പാക്കുന്നു. ഒരു മെഡിക്കല്‍ ടൂറിസം സ്ട്രാറ്റജി തന്നെ ഞങ്ങള്‍ക്കുണ്ട്. സ്വകാര്യ മേഖലകളുമായി ചേര്‍ന്നാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍. മെഡിക്കല്‍ ടൂറിസം വിസ നല്‍കുന്നതിലൂടെ ഈ രംഗത്ത് കൂടുതല്‍ ഉണര്‍വുണ്ടാകും.
മെഡിക്കല്‍ ടൂറിസത്തിന്റെ ആഗോള ഹബ്ബാക്കി ദുബൈയെ മാറ്റുന്നതിനായി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ദുബൈ ഹെല്‍ത് എക്‌സ്പീരിയന്‍സ് (ഡി എക്‌സ് എച്ച്) സംരംഭത്തിന് തുടക്കം കുറിച്ചത്.
2020ഓടെ മെഡിക്കല്‍ ടൂറിസം സേവനങ്ങള്‍ക്കായി അന്താരാഷ്ട്രതലത്തില്‍ നിന്ന് അഞ്ച് ലക്ഷം പേരെ ദുബൈയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഓരോ വര്‍ഷവും ഇത്തരത്തില്‍ മെഡിക്കല്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 13 ശതമാനം വളര്‍ച്ചയുണ്ട്. 2021 ആകുമ്പോള്‍ ദുബൈയില്‍ 13 ലക്ഷം മെഡിക്കല്‍ ടൂറിസ്റ്റുകളെത്തും. മധ്യപൗരസ്ത്യ ഉത്തരാഫ്രിക്കയിലെ ആദ്യ മെഡിക്കല്‍ ടൂറിസ്റ്റ് കേന്ദ്രമാക്കി ദുബൈയെ മാറ്റുകയാണ് ലക്ഷ്യം. ദുബൈ ഹെല്‍ത് എക്‌സ്പീരിയന്‍സ് സംരംഭത്തിലൂടെ ലോകത്തിലെ മുന്‍നിരയിലുള്ള ആദ്യ പത്ത് മെഡിക്കല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങില്‍ ഒന്ന് ദുബൈയെ ആക്കി മാറ്റും. അല്‍പകാലത്തിനുള്ളില്‍ ആരോഗ്യ മേഖലയില്‍ അമൂല്യവും അവിശ്വസനീയവുമായ അനുഭവം ദുബൈ നഗരം പ്രദാനം ചെയ്യും.