കുവൈത്തില്‍ സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ഘടന പുനഃപരിശോധിക്കും മന്ത്രി

Posted on: January 9, 2017 1:55 pm | Last updated: January 9, 2017 at 1:55 pm
SHARE

കുവൈത്ത് സിറ്റി: സ്വകാര്യ സ്‌കൂളുകളുടെ നിലവിലെ ഫീസ് ഘടന പുനഃപരിശോധിക്കുകയും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുമെന്ന് കുവൈത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് അല്‍ ഫാരിസി. വിദ്യാഭ്യാസ സാംസ്‌കാരിക കാര്യങ്ങള്‍ക്കായുള്ള പാര്‍ലിമെന്ററി സമിതിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ സര്‍ക്കാര്‍ നിശ്ചയിച്ച പ്രതിവര്‍ഷം മൂന്നു ശതമാനം ഫീസ് വര്‍ധന എന്ന തീരുമാനം പുനഃപരിശോധിക്കേണ്ടതുണ്ട്. എല്ലാ വിഭാഗങ്ങളോടും നീതി പുലര്‍ത്തുന്നതും പരമാവധി പരാതി രഹിതവും ആവണം ഫീസ് വര്‍ധന എന്നാണ് സര്‍ക്കാര്‍ നയം. അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, പല സ്വകാര്യ സ്‌കൂളുകളും സര്‍ക്കാര്‍ അനുവദിച്ചതിലും കൂടുതലാണ് ഫീസ് ഈടാക്കുന്നത് എന്ന പരാതി രക്ഷിതാക്കള്‍ക്കും സംഘടനകള്‍ക്കുമുണ്ട് . ആര്‍ട്ട് ഫീ, ട്യൂഷന്‍ ഫീ തുടങ്ങിയ പേരുകളില്‍ വേറെയും പിരിവുകള്‍ നടക്കുന്നു. അതിനു പുറമെ യൂണിഫോം ,പുസ്തകങ്ങള്‍ തുടങ്ങിയവ സ്‌കൂളില്‍ നിന്ന് തന്നെ വാങ്ങണം എന്ന നിബന്ധനയും പല സ്‌കൂളുകളിലുമുണ്ട് .