സമരം നടത്തി സര്‍ക്കാറിനെ വഴിപ്പെടുത്താന്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രി

Posted on: January 9, 2017 10:19 am | Last updated: January 9, 2017 at 1:04 pm
SHARE

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട അവധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം നടത്തി സര്‍ക്കാറിനെ വഴിപ്പെടുത്താന്‍ നോക്കേണ്ടെന്ന് തന്നെ വന്നുകണ്ട ഐഎഎസ് ഉദ്യോഗസ്ഥരെ അറിയിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അങ്ങനെ ഒരു ഉദ്ദേശ്യം തങ്ങള്‍ക്കില്ലെന്നാണ് അവര്‍ തന്നെ അറിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിജിലന്‍സ് അന്വേഷണത്തില്‍ സര്‍ക്കാര്‍ യാതൊരു വിധത്തിലും ഇടപെടില്ല. നേരത്തേയും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടന്നിട്ടുണ്ട്. അവര്‍ക്ക് പരാതിയുണ്ടെങ്കില്‍ മുഖ്യമന്ത്രിയേയും ചീഫ് സെക്രട്ടറിയേയും കണ്ട് പറയുകയാണ് വേണ്ടത്. കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്നത് ശരിയായ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

വിജിലന്‍സ് പകപോക്കുന്ന രീതിയില്‍ പെരുമാറുന്നു എന്നാണ് ഐഎഎസ് ഓഫീസര്‍മാരുടെ നിലപാട്. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ന് കൂട്ട അവധിയെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മുഖ്യമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചതോടെ ഐഎഎസ് ഉദ്യോഗസ്ഥര്‍ സമരം പിന്‍വലിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ തീരുമാനിക്കുകയായിരുന്നു.