ഹജ്ജ് തീര്‍ഥാടകരുടെ അവകാശങ്ങള്‍ ഉറപ്പ് വരുത്താന്‍ സൗദിയില്‍ പുതിയ നിയമം

Posted on: January 9, 2017 9:49 am | Last updated: January 9, 2017 at 9:49 am

റിയാദ്: ഉംറക്കും ഹജ്ജിനും എത്തുന്ന തീര്‍ഥാടകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പുതിയ നിയമ രേഖ പുറത്തിറക്കി. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത രേഖ അനുസരിച്ച് തീര്‍ഥാടകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പിന്തുടരുന്നതിനും വേണ്ടി മേല്‍നോട്ട കമ്മിറ്റിയെ നിയമിച്ചു. വിവിധ കമ്മ്യൂണിക്കേഷന്‍ സെന്ററുകള്‍ സ്ഥാപിച്ച് പരാതികള്‍ സമാഹരിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഈ കമ്മിറ്റി നേതൃത്വം നല്‍കും.

വിദേശ തീര്‍ഥാടകരുടെ ഏജന്‍സി കരാര്‍ വ്യവസ്ഥകളടക്കം, താമസം, ഭക്ഷണം, ഗതാഗതം തുടങ്ങിയവയെക്കുറിച്ചും ഈ കമ്മിറ്റി മേല്‍നോട്ടം വഹിക്കും.

ഹജ്ജ് സീസണില്‍ നിലവാരമില്ലാതെ സേവനം ചെയ്യുന്ന സേവന ദാതാക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും. തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതവും സുഖപ്രദവുമായ രീതിയില്‍ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനുള്ള സംവിധാനവും നിലവില്‍ ബുക്ക് ചെയ്ത ടിക്കറ്റ് നഷ്ടപ്പെട്ടാല്‍ പകരം ടിക്കറ്റ് അടക്കമുള്ള അവകാശങ്ങളും ഉറപ്പു വരുത്തുന്നതാണ് പുതിയ നിയമം.