ഗ്രാമീണ ടൂറിസം എല്ലാ ജില്ലകളിലേക്കും നാട്ടിന്‍പുറമറിയാന്‍ സഞ്ചാരികളെത്തും

Posted on: January 9, 2017 9:40 am | Last updated: January 9, 2017 at 9:40 am
SHARE

കണ്ണൂര്‍: പ്രദേശത്തിന്റെ സാമൂഹികവും പാരിസ്ഥിതികവുമായ തലങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ജനപങ്കാളിത്തത്തോടെ നടത്തുന്ന ഗ്രാമീണ ടൂറിസം ഇനി എല്ലാ ജില്ലകളിലേക്കും. കോവളം, കുമരകം, തേക്കടി, വയനാട്, ബേക്കല്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങി വന്‍ വിജയം കൈവരിച്ച പദ്ധതിയാണ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുക.
ഗ്രാമീണ ടൂറിസം മേഖലയില്‍ തദ്ദേശവാസികളുടെ സഹകരണത്തോടെ നടപ്പാക്കിയ ഗ്രാമീണ ജീവിതാനുഭവ (വില്ലേജ് ലൈഫ് എക്‌സ്പീരിയസ്) പാക്കേജുകള്‍ ലോക രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നുണ്ട്. മാത്രമല്ല, ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ഈ പദ്ധതിയിലൂടെ സാധിക്കും. ഈ നിരീക്ഷണങ്ങളാണ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ ടൂറിസം വകുപ്പിനെ പ്രേരിപ്പിച്ചത്.
സംസ്ഥാനത്തെ ഓരോ ജില്ലക്കുമുള്ള തനത് ഭക്ഷ്യ, സാംസ്‌കാരിക, കലാ പ്രത്യേകതകളും പൈതൃകങ്ങളും സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുകയും പഠിക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്യുകയാണ് ഈ പാക്കേജിലൂടെ ലക്ഷ്യമിടുന്നത്. ഇടനിലക്കാരില്ലാതെ സഞ്ചാരികള്‍ക്ക് നേരിട്ട് ഗ്രാമങ്ങളില്‍ എത്താനുള്ള സൗകര്യമാണ് ഇതുവഴി ലഭിക്കുക. ഉത്തരവാദിത്വ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടെത്തുന്ന സഞ്ചാരികള്‍ അതതിടങ്ങളിലെ അംഗീകൃത ടൂര്‍ഗൈഡുകള്‍ക്കൊപ്പമാണ് നാട്ടിന്‍പുറങ്ങളിലെത്തുക.
നാട്ടുകാഴ്ചകള്‍ കണ്ടും കൃഷിയെക്കുറിച്ചും മറ്റും പഠനം നടത്തിയും സഞ്ചാരികള്‍ തിരിച്ചുപോകുമ്പോള്‍, അവര്‍ക്ക് സഹായം നല്‍കാന്‍ നിയോഗിച്ച ഗ്രാമീണര്‍ക്ക് കൂടി സാമ്പത്തിക സഹായം ലഭ്യമാകും. നേരത്തെ തയ്യാറാക്കിയ ടൂര്‍ പാക്കേജ് അനുസരിച്ച് ഒരു നിശ്ചിത തുക നേരിട്ട് ടൂറിസം വകുപ്പ് തന്നെ ഗ്രാമീണര്‍ക്ക് കൈമാറുന്ന രീതിയാണുണ്ടാകുക. ഗ്രാമീണരുടെ ജീവിതം, സാംസ്‌കാരം, എന്നിവയിലൂന്നി ഗ്രാമീണ ജിവിതാനുഭവങ്ങള്‍ പകരുന്ന പാക്കേജുകളിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനമെങ്കിലും തദ്ദേശീയരായ ആതിഥേയ ജനതക്ക് ലഭിക്കുന്നുവെന്നതാണ് പാക്കേജുകളുടെ വലിയ സവിശേഷത.
ഓല മെടയല്‍, മുറം നെയ് ത്ത്, മീന്‍വല കെട്ടല്‍, കയര്‍ പിരിക്കല്‍, പായ നെയ്ത്ത്, പരമ്പരാഗത ഭക്ഷണം തയ്യാറാക്കല്‍, കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം, കൃഷിരീതി പരിചയപ്പെടല്‍ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ അടുത്തറിയാനും പഠിക്കാനുമായി വിദേശികള്‍ ഉള്‍പ്പെടെയുള്ള സഞ്ചാരികളാണെത്തുക.
പദ്ധതി നടപ്പാക്കിയ അഞ്ചിടങ്ങളിലായി കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 48 രാജ്യങ്ങളില്‍ നിന്നുള്ള 1800 സഞ്ചാരികളാണ് സംസ്ഥാനത്തെത്തിയതെന്ന് റെസ്‌പോണ്‍സിബിള്‍ ടൂറിസം സംസ്ഥന കോഓര്‍ഡിനേറ്റര്‍ കെ രൂപേഷ്‌കുമാര്‍ പറഞ്ഞു. അടുത്ത മാസം ആദ്യം കണ്ണൂര്‍, കോഴിക്കോട് ഉള്‍പ്പടെയുള്ള ജില്ലകളില്‍ ഗ്രാമീണ ടൂറിസം പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ടവര്‍ക്കുള്ള പരീശീല പരിപാടികളും തുടങ്ങും.