റയല്‍ കുതിപ്പ്

Posted on: January 9, 2017 9:37 am | Last updated: January 9, 2017 at 9:37 am
SHARE

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ മിന്നുന്ന ജയവുമായി റയല്‍ മാഡ്രിഡ് കുതിപ്പ് തുടരുന്നു. ഗ്രാനഡയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തരിപ്പണമാക്കിയ റയല്‍ പരാജയമറിയാതെ തുടര്‍ച്ചയായി 39 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ബാഴ്‌സലോണയുടെ റെക്കോര്‍ഡിനൊപ്പമെത്തി.
അടുത്തയാഴ്ച നടക്കുന്ന കിംഗ്‌സ് കപ്പിന്റെ രണ്ടാം പാദത്തില്‍ സെവിയ്യയോട് തോല്‍ക്കാതിരുന്നാല്‍ റയലിന് ബാഴ്‌സയുടെ റെക്കോര്‍ഡ് മറികടക്കാം. ഏപ്രില്‍ ആറിന് ശേഷം സിനദിന്‍ സിദാന്റെ സംഘം തോല്‍വിയറിഞ്ഞിട്ടില്ല. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മന്‍ ക്ലബ്ബ് വുള്‍ഫ്‌സ്ബുര്‍ഗിനോട് ആദ്യ പാദ സെമിയിലാണ് റയല്‍ അവസാനമായി പരാജയപ്പെട്ടത്.
43 കളികളില്‍ പരാജയമറിയാതെ മുന്നേറിയ ഇറ്റാലിയന്‍ ക്ലബ് യുവെന്റസിന്റെ പേരിലാണ് യൂറോപ്യന്‍ റെക്കോര്‍ഡ്. ജയത്തോടെ പോയിന്റ്പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും റയലിന് കഴിഞ്ഞു. പതിനാറ് മത്സരങ്ങളില്‍ 12 ജയവും നാല് സമനിലയുമുള്ള റയലിന് 40 പോയിന്റാണുള്ളത്. 17 മത്സരങ്ങളില്‍ നിന്ന് 36 പോയിന്റുള്ള സെവിയ്യയാണ് രണ്ടാം സ്ഥാനത്ത്. 34 പോയിന്റുള്ള ബാഴ്‌സ മൂന്നാം സ്ഥാനത്താണ്. 31 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് നാലാമതുണ്ട്.
മധ്യനിര താരം ഇസ്‌കോയുടെ ഇരട്ട ഗോളിന്റെ മികവിലാണ് റയല്‍ ഗ്രാനഡയെ തകര്‍ത്തത്. 12,31 മിനുട്ടുകളിലാണ് ഇസ്‌കോ സ്‌കോര്‍ ചെയ്തത്. 20ാം മിനുട്ടില്‍ കരിം ബെന്‍സിമ, 27ാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, 58ാം മിനുട്ടില്‍ കാസെമിറോ എന്നിവരും ലക്ഷ്യം കണ്ടു. പുതിയ വര്‍ഷത്തിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആദ്യ ഗോളിനും സാന്റിയാഗോ ബെര്‍ണാബ്യു സാക്ഷ്യം വഹിച്ചു. ഗ്രാനഡയുടെ മെക്‌സിക്കന്‍ ഗോളി ഒചോവയുടെ തകര്‍പ്പന്‍ സേവുകള്‍ ഇല്ലായിരുന്നെങ്കില്‍ റയല്‍ ഇതിലും വലിയ ജയം കൊയ്‌തേനേ.
മറ്റ് മത്സരങ്ങളില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഐബറിനെയും സെവിയ്യ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് റിയല്‍ സോസിഡാഡിനെയും ലാസ്പാമസ് ഏകപക്ഷീയമായ ഒരു ഗോളിന് സ്‌പോര്‍ട്ടിംഗ് ഗിജോണിനെയും തോല്‍പ്പിച്ചു. ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാനും സോള്‍ നിഗ്യൂസുമാണ് അത്‌ലറ്റിക്കോക്കായി സ്‌കോര്‍ ചെയ്തത്.