Connect with us

Business

റബ്ബര്‍ വിപണി തളര്‍ന്നു; സ്വര്‍ണ വില ഉയര്‍ന്നു

Published

|

Last Updated

കൊച്ചി: കുരുമുളക് ഉത്പാദകരും സ്‌റ്റോക്കിസ്റ്റുകളും ചരക്ക് വിറ്റുമാറാന്‍ നീക്കം നടത്തി. ലേല കേന്ദ്രങ്ങളില്‍ ഏലക്ക വന്‍ കുതിച്ചു ചാട്ടം കാഴ്ച്ചവെച്ചു. ഫോറെക്‌സ് മാര്‍ക്കറ്റിലെ ചലനങ്ങള്‍ ആഗോള റബ്ബര്‍ വിപണിയെ തളര്‍ത്തി. വെളിച്ചെണ്ണ വിലയില്‍ മാറ്റമില്ല. സ്വര്‍ണ വില ഉയര്‍ന്നു.
കുരുമുളക് സ്‌റ്റോക്കിസ്റ്റുകള്‍ കൂടുതല്‍ ചരക്ക് വില്‍പ്പനക്ക് ഇറക്കുമെന്ന സൂചന വാങ്ങലുകാരെ പിന്തിരിപ്പിച്ചു. മാസത്തിന്റെ രണ്ടാം പകുതിയില്‍ പുതിയ മുളകിന്റെ ലഭ്യത ഉയരുമെന്ന സൂചന വാങ്ങല്‍ താത്പര്യത്തെ ബാധിച്ചു. അന്തര്‍സംസ്ഥാന വ്യാപാരികള്‍ക്ക് വന്‍തോതില്‍ മുളക് ആവശ്യമുണ്ട്. വിളവെടുപ്പ് പുരോഗമിക്കുന്നതിനാല്‍ താഴ്ന്ന വിലക്ക് ചരക്ക് ലഭിക്കുമെന്ന നിഗമനത്തിലാണവര്‍. മഴയുടെ അളവ് ചുരുങ്ങിയത് പല ഭാഗങ്ങളിലും കുരുമുളക് മണികളുടെ വലിപ്പത്തെ ബാധിച്ചു. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 65,900 രൂപ.
രാജ്യാന്തര മാര്‍ക്കറ്റില്‍ റബ്ബറിന് നേരിട്ട തളര്‍ച്ച മുഖ്യ റബ്ബര്‍ ഉത്പാദന രാജ്യങ്ങളില്‍ ഷീറ്റ് വിലയെ ബാധിച്ചു. ഷീറ്റിന്റെ ലഭ്യത ചുരുങ്ങിയതിനാല്‍ 13,600 ല്‍ നിന്ന് ആര്‍ എസ് എസ് നാലാം ഗ്രേഡ് 14,000 വരെ കയറി. നീണ്ട ഇടവേളക്ക് ശേഷമാണ് റബ്ബര്‍ ഈ നിവാരത്തില്‍ എത്തുന്നത്. എന്നാല്‍ വാരാന്ത്യം വിദേശത്തെ മാന്ദ്യം കണ്ട് ടയര്‍ വ്യവസായികള്‍ ഷീറ്റ് സംഭരണം കുറച്ചതിനാല്‍ നാലാം ഗ്രേഡ് 13,800 ലേക്ക് താഴ്ന്നു. ഇതിനിടയില്‍ ആഭ്യന്തര അവധി നിരക്കുകള്‍ 16,000 വരെ ഉയര്‍ന്നു.
വിനിമയ വിപണിയില്‍ യു എസ് ഡോളറിന് മുന്നില്‍ പ്രമുഖ നാണയങ്ങള്‍ കരുത്ത് കാണിക്കാന്‍ നടത്തിയ നീക്കം നിക്ഷേപകരെ ടോക്കോം റബ്ബറില്‍ നിന്ന് പിന്തിരിപ്പിച്ചു. മുന്നര വര്‍ഷത്തെ മികച്ച വിലയായ 291 യെന്നില്‍ നിന്ന് 267 യെന്നിലേയ്ക്ക് പിന്നിട്ടവാരം റബ്ബര്‍ വില താഴ്ന്നു.
ഏലക്ക വില കിലോ ഗ്രാമിന് 1648 രൂപ വരെ കയറി. പത്തു മാസത്തിനിടയില്‍ കിലോയ്ക്ക് 925 രൂപയാണ് ഉയര്‍ന്നത്. ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും ഏലക്ക ശേഖരിച്ചു. വിളവെടുപ്പ് അവസാന റൗണ്ടിലാണെന്ന സൂചന വാങ്ങല്‍ താല്‍പര്യം വര്‍ധിപ്പിച്ചു. വരള്‍ച്ച ഏലക്ക ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്.
വെളിച്ചെണ്ണ വില സ്‌റ്റെഡി നിലവാരത്തിലാണ്. പ്രമുഖ വിപണികളില്‍ വെളിച്ചെണ്ണ, കൊപ്ര വിലകള്‍ തുടര്‍ച്ചയായ രണ്ടാം വാരത്തിലും മാറ്റമില്ല. പ്രദേശിക ആവശ്യം എണ്ണക്ക് ഉയര്‍ന്നു. കൊച്ചിയില്‍ വെളിച്ചെണ്ണ 11,900 രൂപയിലും കൊപ്ര 7325 രൂപയിലുമാണ്.
കേരളത്തില്‍ സ്വര്‍ണ വില ഉയര്‍ന്നു. ആഭരണ വിപണികളില്‍ പവന്‍ 21,160 ല്‍ നിന്ന് 21,360 രൂപയായി. ലണ്ടനില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണം 1151 ഡോളറില്‍ നിന്ന് 1173 ഡോളറായി.

---- facebook comment plugin here -----

Latest