Connect with us

International

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ ട്രക്ക് ഇടിച്ചുകയറ്റി; നാല് മരണം

Published

|

Last Updated

ജറൂസലം: ഇസ്‌റാഈലില്‍ സൈനികക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം. നാല് സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ ട്രക്ക് ഡ്രൈവര്‍ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു. പത്ത് സൈനികരടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍, ഫലസ്തീന്‍ പൗരനാണ് ട്രക്ക് ഓടിച്ചിരുന്നതെന്ന് ഇസ്‌റാഈല്‍ സൈന്യം ആരോപിച്ചു. ആക്രമണത്തെ പുകഴ്ത്തി ഹമാസ് രംഗത്തെത്തിയിട്ടുണ്ട്. ഫലസ്തീന്‍ പൗരന്മാര്‍ക്കെതിരെ നിരന്തരം ആക്രമണവും പീഡനങ്ങളും നടത്തുന്ന ഇസ്‌റാഈല്‍ സൈന്യത്തിനെതിരായ പ്രതിഷേധമായാണ് ഹമാസ് ട്രക്ക് ആക്രമണത്തെ കാണുന്നത്.
കിഴക്കന്‍ ജറൂസലമിലുണ്ടായ ആക്രമണത്തില്‍ മൂന്ന് വനിത സൈനകരുള്‍പ്പെട്ടിട്ടുണ്ടെന്ന് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീന്‍ പൗരന്മാര്‍ക്ക് നേരെ ഇസ്‌റാഈല്‍ സൈന്യം ആക്രമണം ശക്തമാക്കിയ പ്രദേശത്താണ് സംഭവം നടന്നത്.
ഫ്രാന്‍സിലും ജര്‍മനിയിലും അടുത്തിടെ സമാനമായ രീതിയില്‍ ആക്രമണം നടന്നിരുന്നു. ആള്‍ക്കുട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി നടത്തിയ ആക്രമണത്തില്‍ നൂറോളം പേരാണ് രണ്ടിടങ്ങളിലുമായി മരിച്ചു വീണത്. ഈ സ്ഥലങ്ങളിലെ ആക്രമണങ്ങള്‍ ജറൂസലമിലെ അക്രമിക്ക് പ്രചോദനമായിട്ടുണ്ടെന്നാണ് ഇസ്‌റാഈല്‍ അധികൃതര്‍ കണക്കുകൂട്ടുന്നത്. അതിനിടെ, ജറൂസലമിലേത് തീവ്രവാദി ആക്രമണമാണെന്ന വിശദീകരണവുമായി പോലീസ് വക്താവ് രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

Latest