Connect with us

National

ജാതി ചോദിക്കുന്ന യു പിയില്‍ മുഖമില്ലാതെ ബി ജെ പി

Published

|

Last Updated

ലക്‌നോ: മതവും ജാതിയും പറഞ്ഞ് വോട്ട് പിടിത്തം വേണ്ടെന്ന് സുപ്രീം കോടതി ഈയിടെ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും ഉത്തര്‍ പ്രദേശില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും ഈ ഘടകങ്ങള്‍ തന്നെയാകും നിര്‍ണായകമാകുക. ഇത് നന്നായറിയുന്ന ബി ജെ പി, മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടുന്നതില്‍ നിന്ന് തന്നെ പിന്‍വാങ്ങിയിരിക്കുകയാണ്. ആരെ നയിക്കാന്‍ നിര്‍ത്തിയാലും അദ്ദേഹത്തിന്റെ എതിര്‍ ജാതിക്കാര്‍ പിണങ്ങും. അതുകൊണ്ട് അങ്ങനെയൊരു മുഖം വേണ്ടെന്നു വെക്കാമെന്നാണ് ബി ജെ പിയുടെ ഇതുവരെയുള്ള തീരുമാനം. ഉത്തര്‍പ്രദേശില്‍ ബി ജെ പി ഉയര്‍ത്തിയ ഹോര്‍ഡിംഗുകളിലെല്ലാം പ്രധാനമന്ത്രിയെയും അമിത്ഷായെയും കൂടാതെ നാല് മുഖങ്ങളാണ് ഉള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, കേശവ് പ്രസാദ് മൗര്യ, കല്‍രാജ് മിശ്ര, ഉമാ ഭാരതി എന്നിവരാണ് അവര്‍. യു പിക്കാരനെങ്കിലും രാജ്‌നാഥ് സിംഗ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. മേല്‍ജാതിക്കാരായ ഠാക്കൂര്‍ വിഭാഗത്തില്‍പ്പെടുന്നയാളാണ് രാജ്‌നാഥ് സിംഗ്. അദ്ദേഹത്തെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് ചില കോണില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ സിംഗ് തന്നെ ആ ചര്‍ച്ചകള്‍ക്ക് മേല്‍ വെള്ളമൊഴിക്കുകയായിരുന്നു.
ബി ജെ പി ഉയര്‍ത്തിക്കാട്ടുന്ന രണ്ടാമത്തെ മുഖം കേശവ് പ്രസാദ് മൗര്യയുടേതാണ്. അദ്ദേഹം അലഹബാദ്- ഫുല്‍പൂര്‍ മേഖലക്ക് പുറത്ത് അറിയപ്പെടുന്ന നേതാവായിരുന്നില്ല. ഒ ബി സി യില്‍ വരുന്ന മൗര്യ വിഭാഗത്തില്‍ നിന്നുള്ളയാളെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റാക്കിയാല്‍ ഒ ബി സി പിന്തുണ ആര്‍ജിക്കാമെന്ന കണക്കുകൂട്ടലിലാണ് കേശവ് പ്രസാദ് മൗര്യയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കിയത്. അതോടെ അദ്ദേഹം സംസ്ഥാനത്താകെ അറിയപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ആകര്‍ഷണീയ വ്യക്തിത്വമില്ലാത്ത മൗര്യക്ക് അദ്ദേഹത്തിന്റെ സമുദായത്തിന് പുറത്ത് വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിയില്ലെന്ന് ബി ജെ പിക്ക് അറിയാം. മൂന്നാമത്തെയാള്‍ കല്‍രാജ് മിശ്രയാണ്. ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ളയാളാണ്. യു പിയില്‍ നല്ല ശക്തിയുള്ള ബ്രാഹ്മണ സമൂഹത്തെ കൂടെ നിര്‍ത്താന്‍ ബി ജെ പിക്ക് മിശ്രയുടെ മുഖം വേണം. എന്നാല്‍ 75 പിന്നിട്ടവരെ മുഖ്യമന്ത്രി, മന്ത്രി സ്ഥാനങ്ങളിലേക്ക് പരിഗണിക്കരുതെന്ന മോദി ആജ്ഞയില്‍ മിശ്രയുടെ നറുക്ക് കീറി.
ബോര്‍ഡുകളിലെ നാലാമത്തെ മുഖം ഉമാ ഭാരതിയുടേതാണ്. തീവ്രഹിന്ദുത്വ നിലപാടുകളുടെ ആള്‍രൂപമായ തീപ്പൊരി നേതാവിനെ പ്രധാനപ്പെട്ട സ്ഥാനത്ത് തന്നെയിരുത്തണമെന്നാണ് അമിത് ഷായുടെ തീരുമാനം. ഒ ബി സിയില്‍ ഉള്‍പ്പെട്ട ലോധ് വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് ഉമാ ഭാരതി. ഈ വിഭാഗത്തില്‍ എസ് പിക്കും ബി എസ് പിക്കുമുള്ള സ്വാധീനം തകര്‍ക്കേണ്ടത് ബി ജെ പിക്ക് അനിവാര്യമാണ്. പക്ഷേ, 2012ലെ അനുഭവം ബി ജെ പിയെ ഭീതിയിലാഴ്ത്തുന്നു. അന്ന് ഉമാഭാരതിയുടെ നേതൃത്വത്തിലാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ചരിത്രത്തിലെ ഏറ്റവും ദയനീയമായ പരാജയമായിരുന്നു ഫലം. ചുരുക്കത്തില്‍ ആരേയും മുന്‍നിര്‍ത്താനാകാത്ത സ്ഥിതിയിലാണ് കാവി പാര്‍ട്ടി. എസ് പിയില്‍ പിളര്‍പ്പും തര്‍ക്കവുമെല്ലാമുണ്ടെങ്കിലും മുഖ്യമന്ത്രി എന്ന നിലയില്‍ അഖിലേഷ് യാദവിന്റെ പ്രതിച്ഛായ മെച്ചമാണെന്ന സൂചനയാണ് വിവിധ സര്‍വേകള്‍ നല്‍കുന്നത്. ബി എസ് പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി മയാവതിയാണ്. മൂന്നാക്കക്കാരെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ഷീലാ ദീക്ഷിതിനെ ഇറക്കുന്നു.
നാല് മുഖങ്ങള്‍ കൃത്യമായി അവതരിപ്പിക്കുന്ന ബി ജെ പി മുന്നോട്ട് വെക്കുന്ന പാറ്റേണ്‍ ഉണ്ട്. മേല്‍ ജാതിക്കാര്‍, യാദവേതര ഒ ബി സിക്കാര്‍, ഹിന്ദുത്വവാദികളായ എല്ലാ ജാതിയിലും പെട്ടവര്‍ ഇതാണ് ബി ജെ പി ആഗ്രഹിക്കുന്ന വോട്ടിംഗ് സങ്കലനം. ഠാക്കൂര്‍ സ്ഥാനാര്‍ഥിയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയാല്‍ ബ്രാഹ്മണ വിഭാഗവും ഒ ബി സിയും അകലും. മൗര്യ മുഖമാണ് മുന്നില്‍ നില്‍ക്കുന്നതെങ്കില്‍ ഉന്നത ജാതിക്കാര്‍ പാര്‍ട്ടിയോട് വിടപറയും. അത് ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാലും നിലനില്‍ക്കുന്ന ക്ഷീണമാകും.
തന്ത്രം വ്യക്തമാണ്. നരേന്ദ്ര മോദി തന്നെയായിരിക്കും സ്റ്റാര്‍ കാമ്പയിനര്‍. ദേശീയതയും വികസനവും സമം ചേര്‍ത്ത അതിവൈകാരിക പ്രസംഗങ്ങള്‍ അദ്ദേഹം നടത്തും. ഒപ്പം അമിത്ഷായുടെ വര്‍ഗീയ വിഭജന തന്ത്രങ്ങളും പയറ്റും. ഇത്തവണ ഒന്നു കൂടിയുണ്ട്, നോട്ട് നിരോധനം. ബി ജെ പി ഇതര കക്ഷികള്‍ നോട്ട് നിരോധനത്തിന്റെ കെടുതികള്‍ ഫലപ്രദമായി ഉയര്‍ത്തിക്കാണിക്കുമെന്നുറപ്പാണ്. യു പിയിലെ കര്‍ഷകരിലും കച്ചവടക്കാരിലും ഇത് നന്നായി ഏശുകയും ചെയ്യും.
എസ് പിയിലെ അഖിലേഷ്- മുലായം വടംവലിയെ ബി ജെ പി അത്ര സന്തോഷത്തോടെയല്ല കാണുന്നത്. ഒറ്റപ്പാര്‍ട്ടിയായി നില്‍ക്കുന്ന സമാജ്‌വാദി പാര്‍ട്ടിയെയാണ് കൈകാര്യം ചെയ്യാന്‍ എളുപ്പമെന്ന് ബി ജെ പി കണക്ക്കൂട്ടുന്നു. യഥാര്‍ഥത്തില്‍ ബി ജെ പിക്ക് ഭീഷണി മായാവതിയുടെ ബി എസ് പിയാണ്. അതിശക്തമായ ജാതി, മത പാറ്റേണ്‍ ഉണ്ടാക്കി മറ്റെല്ലാവര്‍ക്കും വെല്ലുവിളിയുയര്‍ത്താവുന്ന നിലയിലാണ് മായാവതി. സുപ്രീം കോടതി വിധി വന്ന് പിറ്റേ ദിവസം ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയപ്പോള്‍ തന്നെ മായാവതി തന്റെ മത- ജാതി മുന്‍ഗണന വ്യക്തമാക്കിയിരുന്നു. ആകെയുള്ള 403 സീറ്റില്‍ തന്റെ പാര്‍ട്ടി 97 മുസ്‌ലിംകളെയും 87 ദളിതുകളെയും 106 ഒ ബി സിക്കാരെയും 113 മേല്‍ ജാതിക്കാരെയും -ഇതില്‍ 66 പേര്‍ ബ്രാഹ്മണര്‍- മത്സരിപ്പിക്കുമെന്നാണ് മായാവതി പ്രഖ്യാപിച്ചത്. തന്റെ പരമ്പരാഗത വോട്ട് ബേങ്കിന് പുറമേ മുസ്‌ലിംകളെ മാത്രം ആകര്‍ഷിക്കാനായാല്‍ ബി എസ് പിക്ക് വന്‍ മുന്നേറ്റം ഉണ്ടാക്കാനാകും. ഇത് ബി ജെ പിയുടെ സ്വപ്‌നങ്ങളാകും തകര്‍ക്കുക. മുസ്‌ലിംകളുടെ ഒരു വോട്ടും ബി ജെ പി പ്രതീക്ഷിക്കുന്നില്ല.
അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് എസ് പി ശക്തമായ ശ്രമം നടത്തുന്നുണ്ട്. ഇത് സാധ്യമായാല്‍ മുസ്‌ലിംകളുടെ വോട്ട് കുറേ ഭാഗം എസ് പി- കോണ്‍ഗ്രസ് സഖ്യത്തിനും കുറേ ഭാഗം ബി എസ് പിയിലേക്കും പോകുമെന്നാണ് ബി ജെ പിയുടെ വിലയിരുത്തല്‍.

---- facebook comment plugin here -----

Latest