ഇരുപക്ഷവും രേഖകള്‍ സമര്‍പ്പിച്ചു; സൈക്കിള്‍ ചിഹ്നം മരവിപ്പിക്കാന്‍ സാധ്യത

Posted on: January 9, 2017 9:25 am | Last updated: January 9, 2017 at 9:25 am
SHARE

ലക്‌നോ: സമാജ്‌വാദി പാര്‍ട്ടി പിളര്‍പ്പിന്റെ വക്കില്‍ നില്‍ക്കെ പാര്‍ട്ടിയുടെ സൈക്കിള്‍ ചിഹ്നം മരവിപ്പിക്കാന്‍ സാധ്യത. മുലായം സിംഗിന്റെ നേതൃത്വത്തിലുള്ള വിഭാഗവും മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള വിഭാഗവും പാര്‍ട്ടി ചിഹ്നത്തിനായി അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഈ മാസം 17നകം തീരുമാനത്തിലെത്താന്‍ സാധിച്ചില്ലെങ്കില്‍ ചിഹ്നം മരവിപ്പിക്കുമെന്നാണ് കമ്മീഷന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇരു പക്ഷവും തങ്ങളുടെ അവകാശവാദത്തിന് ശക്തി പകരുന്നതിനായി ചില രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ഭാരവാഹികളും ഒപ്പു വെച്ച സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് ഇന്നാണ് സമയം അനുവദിച്ചിട്ടുള്ളത്. എം പിമാരും എം എല്‍ എമാരും എം എല്‍ സിമാരും ഭൂരിപക്ഷം എവിടെ നില്‍ക്കുമെന്നതിനനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കുക. നിലവിലുള്ള ഭാരവാഹികള്‍ എവിടെ നില്‍ക്കുന്നു എന്നു കൂടി പരിഗണിച്ച് കാല്‍ നൂറ്റാണ്ട് പഴക്കമുള്ള പാര്‍ട്ടി ആര് നിയന്ത്രിക്കണമെന്നും ചിഹ്നം ആര്‍ക്ക് അനുവദിക്കണമെന്നും നിശ്ചയിക്കും. അതിനിടെ, സമവായ ശ്രമങ്ങള്‍ എസ് പി ക്യാമ്പില്‍ ശക്തമായി തുടരുന്നുണ്ട്.
ഫെബ്രുവരി രണ്ടിന് ആദ്യ ഘട്ടം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനുവരി 17ന് വിജ്ഞാപനം ഇറക്കാനാണ് കമ്മീഷന്റെ നീക്കം. അതിന് മുമ്പ് എസ് പി വിഷയത്തില്‍ തീരുമാനത്തിലെത്താന്‍ സാധിച്ചില്ലെങ്കില്‍ ചിഹ്നം മരവിപ്പിക്കുക മാത്രമായിരിക്കും കമ്മീഷന് മുന്നിലെ പോംവഴിയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. 17ഓടെ നാമനിര്‍ദേശ പത്രികകള്‍ പൂരിപ്പിച്ച് തുടങ്ങും. ഇതിന് മുമ്പ് തീരുമാനമെടുത്തില്ലെങ്കില്‍ മുലായത്തിനും അഖിലേഷിനും സൈക്കിള്‍ ചിഹ്നം കാണിച്ച് നാമനിര്‍ദേശ പത്രിക നല്‍കാന്‍ സാധിക്കാതെ വരും. ഇരു പക്ഷവും തുല്യ എണ്ണം അംഗങ്ങളുമായി വന്നാല്‍ ഏതാണ് യഥാര്‍ഥമെന്ന് നിശ്ചയിക്കാന്‍ ദീര്‍ഘമായ പരിശോധനകള്‍ ആവശ്യമാണ്. എന്നാല്‍ യു പിയുടെ കാര്യത്തില്‍ ഈ പ്രക്രിയക്ക് സമയമില്ലാത്ത സ്ഥിതിയാണ്. ഇത്തരം സാഹചര്യത്തില്‍ ഇരു പക്ഷവും പുതിയ പേരും പുതിയ ചിഹ്നവും സ്വീകരിക്കണമെന്ന നിര്‍ദേശവുമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യാറുള്ളതെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 2011ല്‍ ഉത്തരാഖണ്ഡ് ക്രാന്തി ദള്‍ പാര്‍ട്ടിയുടെ കാര്യത്തില്‍ ഇതാണ് സംഭവിച്ചത്. അംഗീകൃത സംസ്ഥാന പാര്‍ട്ടിയായ ക്രാന്തി ദളിലെ ഇരുപക്ഷവും ചിഹ്നമായ ‘കസേര’ യില്‍ അവകാശവാദം ഉന്നയിക്കുകയായിരുന്നു. ഇതോടെ ചിഹ്നം താത്കാലികമായി മരവിപ്പിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു. തുടര്‍ന്ന് ത്രിവേന്ദര്‍ സിംഗ് പവാറിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് ഉത്തരാഖണ്ഡ് ക്രാന്തി ദള്‍ (പി) എന്ന പേരും കപ്പും സോസറും ചിഹ്നവും അനുവദിച്ചു. ദിവാകര്‍ ഭട്ടിന്റെ നേതൃത്വത്തിലുള്ള മറുഭാഗത്തിന് ജനതാന്ത്രിക് ഉത്തരാഖണ്ഡ് ക്രാന്തി ദള്‍ എന്ന പേരും പട്ടം ചിഹ്നവും അനുവദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here