ഒത്തുതീര്‍പ്പ് ഫോര്‍മുലയില്‍ കേന്ദ്ര നേതൃത്വം; വി എസ് തൃപ്തന്‍

Posted on: January 9, 2017 9:23 am | Last updated: January 9, 2017 at 9:23 am
SHARE

തിരുവനന്തപുരം: സി പി എം സംസ്ഥാന നേതൃത്വം വി എസിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് നിര്‍ബന്ധം പിടിച്ചെങ്കിലും താക്കീതില്‍ കൂടിയ ഒരു ശിക്ഷയും വി എസ് അച്യുതാനന്ദന് നല്‍കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം തയാറായില്ല. ആലപ്പുഴ സംസ്ഥാന സമ്മേളനത്തിന് ശേഷം രൂപവത്കരിച്ച പോളിറ്റ് ബ്യൂറോ കമ്മീഷന്‍ നിരവധി തവണ സംസ്ഥാന ഘടകം നല്‍കിയ പരാതി ചര്‍ച്ച ചെയ്യുകയും വി എസിന്റെ ചെയ്തികള്‍ സൂക്ഷ്മമായി വിശകലനം ചെയ്യുകയും ചെയ്തു.
സംസ്ഥാനത്ത് സി പി എമ്മിന്റെ ഏറ്റവും ജനപ്രീതിയുള്ള നേതാവെന്ന നിലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പോളിറ്റ് ബ്യൂറോ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിന് കേന്ദ്ര നേതൃത്വം തയാറായിരുന്നില്ല. ഒടുവില്‍ സംസ്ഥാനത്തു തന്നെ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് വി എസിനെതിരെ ചെറിയ നടപടിയില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചു. വി എസിനെ കൂടുതല്‍ പ്രകോപിതനാക്കാതെയും സംസ്ഥാന നേതൃത്വത്തിന്റെ പിടിവാശിക്ക് വഴങ്ങാതെയും ഒത്തുതീര്‍പ്പെന്ന ഫോര്‍മുലയാണ് കേന്ദ്ര നേതൃത്വം മുന്നോട്ട് വെച്ചത്. വി എസിനെതിരെ കടുത്ത നടപടി സ്വീകരിക്കരുതെന്ന നിലപാടായിരുന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ബംഗാള്‍ ഘടകത്തിനുമുണ്ടായിരുന്നത്.
നിലവില്‍ കേന്ദ്ര കമ്മിറ്റിയില്‍ വി എസ് ക്ഷണിതാവാണ്. സംസ്ഥാന കമ്മിറ്റിയില്‍ സംസാരിക്കാന്‍ വി എസിന് അനുമതിയും നല്‍കി. എന്നാല്‍ വോട്ടവകാശമില്ല. അഭിപ്രായം സംസ്ഥാന സമിതിയില്‍ പറയാം. പുറത്ത് പ്രസ്താവനകള്‍ പാടില്ല.
സംസ്ഥാന സെക്രട്ടേറിയറ്റില്‍ തിരിച്ചെടുക്കണമെന്ന് വി എസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വി എസിന്റെ പ്രായാധിക്യവും പാര്‍ട്ടി ചട്ടങ്ങളും ഇതിന് തടസ്സമാകുമെന്ന് വി എസിനെ കേന്ദ്ര നേതൃത്വം അറിയിച്ചു. വി എസ് അച്ചടക്കത്തോടെ പാര്‍ട്ടി ചട്ടങ്ങള്‍ പാലിച്ച് മുന്നോട്ടു പോകമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷ. മുതിര്‍ന്ന നേതാവെന്ന നിലയില്‍ വി എസ് അച്ചടക്കം പാലിക്കണം. പാര്‍ട്ടിക്ക് വഴങ്ങണം. പാര്‍ട്ടി സ്ഥാപക നേതാവും വഴികാട്ടിയുമാണ് അദ്ദേഹം. പുതിയ തലമുറക്ക് വഴികാട്ടാന്‍ വി എസ് ഇനിയും പാര്‍ട്ടിയില്‍ ഉണ്ടാകണമെന്നും യച്ചൂരി വ്യക്തമാക്കി. പ്രായപരിധിയുടെ പേരില്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ വി എസിനെ സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവാക്കുന്നതിനുള്ള മാനദണ്ഡം എന്താണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് യെച്ചൂരി വ്യക്തമായ മറുപടി നല്‍കിയില്ല. കേന്ദ്ര കമ്മിറ്റി അംഗത്വത്തിനാണ് പ്രായപരിധി നിശ്ചയിച്ചതെന്നും ക്ഷണിതാവാകുന്നതിന് അത് ബാധകമല്ലെന്നും സംസ്ഥാന കമ്മിറ്റിയിലേക്ക് വി എസിനെ ക്ഷണിക്കുന്നതില്‍ അപാകതയില്ലെന്നുമായിരുന്നു ജനറല്‍ സെക്രട്ടറിയുടെ മറുപടി. വി എസിനെ സംരക്ഷിക്കുന്നതില്‍ ജനറല്‍ സെക്രട്ടറി യെച്ചൂരിയുടെ പ്രത്യേക താത്പര്യവും ഇതിലൂടെ വ്യക്തമാകുന്നുണ്ട്. രാവിലെ ഹോട്ടല്‍ ഹൈസിന്തില്‍ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിനെത്തിയ വി എസ് തന്നെ സംസ്ഥാന സെക്രേട്ടറിയറ്റില്‍ അംഗമാക്കണമെന്ന് യെച്ചൂരിയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഈ ആവശ്യം കേന്ദ്ര കമ്മിറ്റി തള്ളുകയായിരുന്നു. ഹൈസിന്തില്‍ നിന്ന് മടങ്ങിയ വി എസ് അര മണിക്കൂറിനകം തിരിച്ചെത്തിയപ്പോള്‍ തനിക്കെതിരായ പി ബി കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ചു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുകയും വിഭാഗീയതക്ക് നേതൃത്വം നല്‍കുകയും ചെയ്ത വി എസിന്റെ നിലപാട് ഗുരുതരമായ അച്ചടക്കലംഘനമാണെന്നായിരുന്നു റിപ്പോര്‍ട്ട്. യോഗത്തിന് ശേഷം വസതിയിലേക്ക് മടങ്ങിയെത്തിയ വി എസ് തീരുമാനങ്ങളില്‍ തനിക്ക് തൃപ്തിയുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കടുത്ത അച്ചടക്ക ലംഘനം നടത്തിയെങ്കിലും വി എസിന് കൂടി ആശ്വാസം പകരുന്ന നിലപാടാണ് പി ബി കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത കേന്ദ്ര കമ്മിറ്റി സ്വീകരിച്ചത്.