നോട്ട് നിരോധനത്തിന് മുമ്പുള്ള നിക്ഷേപം: ആദായ നികുതി വകുപ്പ് പരിശോധന തുടങ്ങി

Posted on: January 9, 2017 9:18 am | Last updated: January 9, 2017 at 9:18 am
SHARE

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ നോട്ട് നിരോധന പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് നടന്ന നിക്ഷേപങ്ങളെ കുറിച്ച് ആദായനികുതി വകുപ്പ് പരിശോധന തുടങ്ങി. നോട്ട് അസാധുവാക്കല്‍ നടപടി പ്രഖ്യാപിച്ച നവംബര്‍ എട്ടിന് മുമ്പുള്ള ഏതാനും മാസങ്ങളിലെ ബേങ്ക് ഇടപാടുകള്‍ പരിശോധിക്കുന്നതിനാണ് നീക്കം ആരംഭിച്ചത്.
കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ നവംബര്‍ ഒമ്പത് വരെയുള്ള കാലയളവില്‍ സേവിംഗ്‌സ് അക്കൗണ്ടുകളിലേക്കെത്തിയ നിക്ഷേപങ്ങളുടെ വിശദാംശങ്ങളായിരിക്കും ആദ്യം പരിശോധിക്കുക. ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ രാജ്യത്തെ ബേങ്കുകളോട് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം പതിനഞ്ചിന് മുമ്പ് രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസമാണ് ആദായ നികുതി വകുപ്പ് ബേങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. സഹകരണ ബേങ്കുകള്‍ ഉള്‍പ്പെടെയുള്ള ബേങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ഇക്കാലയളവില്‍ സേവിംഗ്‌സ് അക്കൗണ്ടുകളിലേക്കെത്തിയ നിക്ഷേപങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
2.5 ലക്ഷത്തിനോ അതിനു മുകളിലോ ഉള്ള ഇടപാടുകളുടെ രേഖകളായിരിക്കും പ്രധാനമായും പരിശോധിക്കുക. ഇതോടൊപ്പം കറന്റ് അക്കൗണ്ടുകളിലൂടെ നടന്ന 12.5 ലക്ഷം രൂപക്ക് മുകളിലുള്ള ഇടപാടുകളുടെ രേഖകളും പരിശോധിക്കും. ഇതോടൊപ്പം പാന്‍ നമ്പര്‍ അക്കൗണ്ടുമായി യോജിപ്പിക്കാത്ത അക്കൗണ്ട് ഉടമകളോട് ഫെബ്രുവരി 28ന് മുമ്പായി പാന്‍ നമ്പര്‍ ആവശ്യപ്പെടാനും ബേങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബേങ്ക് ഉദ്യോഗസ്ഥര്‍ പാന്‍ കാര്‍ഡ് വിവരങ്ങളും ഇടപാടുകാര്‍ അക്കൗണ്ട് തുറക്കുന്ന സമയത്ത് നല്‍കുന്ന സത്യവാങ്മൂലത്തിലെ വിവരങ്ങളും രേഖപ്പെടുത്തണം. ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന ആദായ നികുതി നിയമത്തിലെ 114 ഇ റൂളില്‍ മാറ്റം വരുത്തിയാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നിര്‍ദേശം.
നോട്ട് നിരോധന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സേവിംഗ്‌സ് അക്കൗണ്ടുകളിലേക്കെത്തിയ 2.5 ലക്ഷത്തില്‍ കൂടിയ നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ആദായ നികുതി വകുപ്പ് നേരത്തെ ബേങ്കുകളോടും പോസ്റ്റ് ഓഫീസുകളോടും ആവശ്യപ്പെട്ടിരുന്നു. നവംബര്‍ പത്ത് മുതല്‍ ഡിസംബര്‍ മുപ്പത് വരെയുള്ള കാലയളവില്‍ കറന്റ് അക്കൗണ്ടുകളിലേക്കെത്തിയ പന്ത്രണ്ടര ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങളുടെയും വിശദാംശങ്ങള്‍ നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നത്. നിരോധന കാലയളവില്‍ പിന്‍വലിച്ച പതിനഞ്ച് ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ബേങ്കുകളിലേക്ക് തിരിച്ചെത്തിയതോടെയാണ് ബേങ്ക് നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ധനമന്ത്രാലയം ആദായ നികുതി വകുപ്പിന് നിര്‍ദേശം നല്‍കിയത്.