ദളിതന്റെ ഭാവി

Posted on: January 9, 2017 9:14 am | Last updated: January 9, 2017 at 9:14 am

ഇന്ത്യയിലെ ഇരുപത് ശതമാനത്തിലേറെ വരുന്ന ദളിത സമൂഹത്തെക്കുറിച്ചും അവരുടെ സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളെക്കുറിച്ചും ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല, പൊതുസമൂഹമാകെ തന്നെയും വാതോരാതെ സംസാരിക്കുമെങ്കിലും, നാളിന്നേവരെ ദളിതന്റെ നിലവിളികള്‍ക്ക് കൂടുതല്‍ ദയനീയത വന്നിട്ടേയുള്ളൂ. ഇതെന്തുകൊണ്ടാണെന്ന് ചിന്തിക്കേണ്ട ഭരണകൂടങ്ങളാവട്ടെ എക്കാലത്തും അവനെ ചൂഷണത്തിന് വിധേയമാക്കിയിട്ടേയുള്ളു താനും. രാഷ്ട്രീയമായി മാത്രമല്ല, ജാതീയമായും അവഹേളനങ്ങള്‍ക്ക് വിധേയരായാണ് അവരിന്നും സമൂഹത്തില്‍ ജീവിക്കുന്നത്. കേരളം പോലും അതില്‍ നിന്ന് വിമോചിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് ദളിത് വിഭാഗങ്ങള്‍ക്കിടയിലെ പുതുതലമുറക്ക് വ്യവസ്ഥാപിത സമരമുറകളുമായി മുന്നോട്ട് വരേണ്ടിവരുന്നത്. കാലം മാറിയെന്നും ഇനിയും അടിച്ചമര്‍ത്തപ്പെടാന്‍ മാത്രം വിധിക്കപ്പെട്ടവരല്ല തങ്ങളെന്നും ഈ തലമുറ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. നവ സാങ്കേതികയുടെയും, വിദ്യാഭ്യാസത്തിന്റെയും കുതിച്ചുചാട്ടം അതിന് പ്രേരകമാകുന്നുണ്ട്.
മോദി ഭരണത്തിനു കീഴില്‍ അനുഭവിക്കുന്ന ജാതീയവും രാഷ്ട്രീയവുമായ ചൂഷണത്തിനെതിരെയും അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും പല രൂപത്തിലുള്ള സമരമുറകളില്‍ വ്യാപൃതരാണവര്‍. തന്റെ ഭരണകാലം ഇന്ത്യയിലെ ദളിതര്‍ക്ക് തല ഉയര്‍ത്തിപ്പിടിച്ചു നടക്കാന്‍ കഴിയുമെന്ന് വാദിച്ച് അധികാരത്തിലേറിയ ഈ സര്‍ക്കാറിനു കീഴിലാണ് സ്വതന്ത്ര ഇന്ത്യ കണ്ട വലിയ ദളിത് പീഡനകള്‍ അരങ്ങേറിയത്. ജാതി വ്യവസ്ഥയെ ഇന്ത്യയില്‍നിന്നും ഉഛാടനം ചെയ്യാന്‍ സമ്മതിക്കാത്ത സവര്‍ണ വര്‍ഗം ഇവിടെ അധികാരത്തിന്റെ ചുക്കാന്‍ പിടിക്കുന്നിടത്തോളം ദളിതന് അവന്റെ ഐഡന്റിറ്റിയെ പണയംവെക്കേണ്ടതായി വരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
മോദി ഭരണം കൊണ്ട് ദളിതന് കിട്ടിയ ഏറ്റവും വലിയ ഒരു ഗുണം അവന്‍ തന്റെ അവകാശങ്ങളെക്കുറിച്ച് ബോധവാനായി എന്നതാണ്. പുതു ഇന്ത്യയില്‍ വ്യാപകമായ തോതില്‍ ദളിത് മുന്നേറ്റത്തിന് കാരണമായത് അതാണ്. ജീവന്‍ ത്യജിച്ചും തെരുവുകളില്‍ അവര്‍ തീപ്പന്തങ്ങളാവുന്നത് നാം കണ്ടു. രോഹിത് വെമുലയുടെ ആത്മഹത്യ വലിയ ചര്‍ച്ചകള്‍ക്ക് ഇടനല്‍കി. തീര്‍ത്തും നിഷേധാത്മകമായ ഭരണകൂടത്തിന്റെ സമീപനങ്ങള്‍ ദളിതനെ കൂടുതല്‍ തെരുവിലേക്കിറക്കി. തങ്ങളുടെ പ്രശ്‌നങ്ങളിലേക്ക് ഇതര സമൂഹങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനും അവര്‍ക്കു കഴിഞ്ഞു. നൂറ്റാണ്ടുകളായി വര്‍ണ വ്യവസ്ഥ നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഒരു ദളിതന്‍ എങ്ങനെയൊക്കെയാണ് അവമതിക്കപ്പെടുന്നതെന്ന ചിത്രം പൊതുസമൂഹ ദൃഷ്ടിയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതും വെമുലയുടെ ആത്മഹത്യയുടെ ഫലമായാണ്. ദളിതനെ മനുഷ്യനായി കാണാന്‍ കൂട്ടാക്കാത്ത ഒരു സമൂഹമാണ് ഇന്ത്യയുടേതെന്ന് ലോകം തന്നെ നിരീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ക്രാന്തദര്‍ശിയായ അംബേദ്കര്‍, ഹിന്ദു സമുദായത്തിനിടയില്‍ നിന്നും ദളിതര്‍ക്ക് പരിരക്ഷ കിട്ടില്ലെന്ന് ആണയിട്ടത്. അതു തിരിച്ചറിഞ്ഞതു കാരണമാണ് ഡോ. അംബേദ്കര്‍ 1956 ഒക്‌ടോബറില്‍ നാഗ്പൂരില്‍ വെച്ച് മതം മാറിയത്. ആ മാറ്റത്തിന് അദ്ദേഹത്തിനോടൊപ്പം മൂന്ന് ലക്ഷത്തോളം ദളിതര്‍ ഒപ്പം ചേര്‍ന്നു. അസമത്വത്തിനും പീഡനത്തിനുമെതിരായ ഒരു പുന്‍ജനിയാണ് തങ്ങളുടേതെന്ന് അദ്ദേഹം പറഞ്ഞത് ചരിത്ര രേഖയാണ്. എന്നാല്‍ അംബേദ്കറിനു ശേഷം ആ പാത പിന്തുടരാന്‍ പില്‍ക്കാല ദളിത് സമൂഹം തയ്യാറായില്ല എന്നത് മറ്റൊരു ചരിത്ര വസ്തുതയായി. തങ്ങളുടെ സ്വത്വത്തില്‍ അടിയുറച്ചുനിന്ന് അവഹേളനം ഏറ്റുവാങ്ങേണ്ടിവന്നവരായി അവര്‍ മാറി.
ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായി നാം പരിഗണിക്കുന്ന ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ ഇന്ത്യയിലെ ദളിതര്‍ക്ക് പൂര്‍ണമായ അര്‍ഥത്തില്‍ ഇന്നും അന്യമാണ്. കേരളത്തിലെയും ത്രിപുരയിലെയും ആദിവാസി ഗോത്ര സമൂഹമാണ് ഇതിനൊരു അപവാദം. ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും എല്ലാ പൗരന്മാര്‍ക്കും ഭരണഘടന ഉറപ്പു നല്‍കുന്നുണ്ടെങ്കിലും ദളിതനെ സംബന്ധിച്ചിടത്തോളം ഇതെല്ലാം കടലാസില്‍ മാത്രമാണ്. ഡോ. അംബേദ്കറിനു പോലും അതില്‍ സംശയമുണ്ടായിരുന്നു. അദ്ദേഹം ദളിതര്‍ക്കു വേണ്ടി മാത്രം ഒരു രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ച് ചിന്തിച്ചിരുന്നു. അതിനു വേണ്ടി നിലകൊണ്ടതും ദളിതന്റെ ഇന്ത്യനവസ്ഥ കണ്ടുകൊണ്ടുതന്നെയാണ്. എന്തുകൊണ്ടോ അതിലദ്ദേഹം വിജയിച്ചില്ല. അദ്ദേഹം തുടക്കത്തില്‍ ചൂണ്ടിക്കാട്ടിയ അസമത്വവും അനീതിയും ദളിതനെ കൂടുതല്‍ അരാഷ്ട്രീയവത്കരിക്കുകയാണ് ഇന്ന്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പോലും രക്ഷ കിട്ടാത്ത ഒരു സമൂഹമായി ദളിതര്‍ പരിവര്‍ത്തിക്കപ്പെടുന്നത് നാം കാണുന്നു. ഹിന്ദുത്വത്തിന്റെ നിയമങ്ങളും ഭരണകൂടങ്ങളുടെ പിന്തിരിപ്പന്‍ നയങ്ങളും ഒരുപോലെ അവനെ മൃഗസമാനമാക്കുന്നത് വര്‍ത്തമാന ഇന്ത്യയുടെ ഒരു മുഖമായി മാറിക്കഴിഞ്ഞിരിക്കുന്നു.
ജാതി ശ്രേണിയില്‍ പിന്നാക്കക്കാരിലെ മുന്‍പന്തിയിലുള്ളവരെ പല ഘട്ടങ്ങളിലായി ദളിത് സമൂഹത്തിനും ന്യൂനപക്ഷങ്ങള്‍ക്കും എതിരായി ഉപയോഗപ്പെടുത്തുക എന്ന തന്ത്രം പ്രയോഗിച്ച് ലാഭം കൊയ്യുന്നവരാണ് ഇവിടുത്തെ സവര്‍ണര്‍. ഗുജറാത്ത് കൂട്ടക്കൊലയില്‍ മുസ്‌ലിം സമുദായത്തിനെതിരെ ആയുധമേന്തിയവരില്‍ ഈ പിന്നാക്ക സമുദായം ഉണ്ടായിരുന്നു. 2016-ല്‍ ഉനയില്‍ ദളിത് യുവാക്കളെ വണ്ടിക്ക് പിറകില്‍ കെട്ടിയിട്ട് മര്‍ദിച്ചവരില്‍ ഇത്തരക്കാരുടെ പങ്ക് തെളിഞ്ഞിട്ടുണ്ട്. ബ്രാഹ്മണനെ മാറ്റിനിര്‍ത്തി അവന്റെ റോള്‍ ഏറ്റെടുക്കുന്നവരായി അവര്‍ മാറുന്നു. മോദി തന്നെ ഒരു പിന്നാക്കക്കാരനാണെന്ന വസ്തുത മറക്കരുത്. അധികാരവും മൂലധനവും ഇവരെ അധികാര പ്രമത്തരാക്കി മാറ്റുന്നത് ദളിതനു നേരെയുള്ള കൈയേറ്റങ്ങളുടെ സൂചകമായിട്ടാണ്. അതിനര്‍ഥം ഇന്ത്യയിലെ സവര്‍ണര്‍ ഇതില്‍ നിന്നെല്ലാം മാറിനിന്ന് സ്വയം നല്ലവരായി മാറി എന്നല്ല, മറിച്ച് അദൃശ്യമായ ഒരു ചരടിലൂടെ അവരെല്ലാം നിയന്ത്രിക്കുന്നുണ്ടെന്നാണ്. 2015-ലെ നാഷനല്‍ ക്രൈം റിക്കാര്‍ഡ് പ്രകാരം, നരേന്ദ്ര മോദിയുടെ ഗുജറാത്തിലാണ് ദളിതരും മുസ്‌ലിംകളും ഏറ്റവും കൂടുതല്‍ അക്രമിക്കപ്പെട്ടതെന്ന് കാണാം. ആകെ ഉണ്ടായ ദളിത് അക്രമങ്ങളില്‍ മൂന്ന് ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഛത്തീസ്ഗഡും യു പിയും ബീഹാറും ഒട്ടും പിന്നിലല്ല. ഇന്ത്യയില്‍ ഓരോ ദിവസവും നാല് ദളിത് സ്ത്രീകള്‍ അപമാനിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. കൊല്ലപ്പെടുന്നവരുടെ എണ്ണം പതിമൂന്നാണ്. കഴിഞ്ഞ നാല് കൊല്ലത്തിനിടയില്‍ 18 ദളിത് വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയ രാജ്യമാണ് നമ്മുടേത്. ഇത് സര്‍ക്കാര്‍ കണക്കാണ്. രഹസ്യമായി കൊലപ്പെടുത്തുകയും ബലാത്‌സംഗം ചെയ്യപ്പെടുകയും ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന ദളിതരുടെ കണക്ക് ഇതില്‍ കൂടുതല്‍ വരും. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ദളിത് പീഡനത്തിന് കുപ്രസിദ്ധി. രാജസ്ഥാനില്‍ 23,861 കേസുകള്‍ രണ്ട് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി.
1989-ല്‍ ഇന്ത്യയില്‍ നിലവില്‍വന്ന നിയമപ്രകാരം പട്ടിക വര്‍ഗ-ജാതിയില്‍ പെട്ടവര്‍ക്കെതിരെയുള്ള ക്രൂരത ഇല്ലാതാക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറയുന്നുണ്ട്. പക്ഷേ, ദളിത് ആദിവാസികള്‍ കൂടുതലുള്ള ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പീഡനങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് കണക്ക്. കേന്ദ്ര സാമൂഹിക നീതി മന്ത്രി അവര്‍ചന്ദ് ഗഹ്‌ലോത് അധ്യക്ഷനായ സമിതിയാണ് ഈ കണക്ക് അവതരിപ്പിച്ചിരിക്കുന്നത്. അതിനാല്‍, ഒട്ടും അവിശ്വസിക്കേണ്ടതില്ല. ദളിതന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ ഭയക്കുന്ന വലിയൊരു സമൂഹം ഇവിടെയുണ്ട്. അവന്റെ സമരങ്ങളെയും അധികാര രാഷ്ട്രീയത്തിലേക്കുള്ള പ്രവേശവും അവര്‍ പേടിക്കുന്നു. അതുകൊണ്ട് അവന്റെ ഓരോ ഉയിര്‍ത്തെഴുന്നേല്‍പും മുളയിലേ നുള്ളേണ്ടതാണെന്ന് അധികാരം കൈയാളുന്നവരും സവര്‍ണരും ആഗ്രഹിക്കുന്നു. അധികാര ഘടനയുടെ കാവലാളുകള്‍ മാത്രമല്ല, പോലീസും പൊതുസമൂഹവും പലപ്പോഴും കാഴ്ചക്കാരായി മാറുന്നത് നാം കാണുന്നുണ്ട്. സംഘപരിവാറിന്റെ അജന്‍ഡ പ്രാവര്‍ത്തികമാകണമെങ്കില്‍ ഇന്ത്യയില്‍ ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളുടെ ശബ്ദം ഉയരാന്‍ പാടില്ലെന്ന് അവര്‍ക്കറിയാം. പക്ഷേ, ഏറെക്കാലം ഒരു സമുദായത്തെ അടിച്ചമര്‍ത്തിയ ചരിത്രം ലോകത്തെവിടെയുമില്ലെന്ന് മനസ്സിലാക്കുന്നതാണ് നല്ലത്.