Connect with us

Editorial

വരട്ടെ, കെ എ എസ്

Published

|

Last Updated

ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐ എ എസ്) മാതൃകയില്‍ സംസ്ഥാനത്ത് കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ആരംഭിക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനം രാജ്യത്താകെ ഉദ്യോഗസ്ഥ വിന്യാസവുമായി ബന്ധപ്പെട്ട് നടക്കുന്ന പരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയാണ്. ബിരുദ യോഗ്യതയുള്ളവര്‍ക്കായി പല തലങ്ങളിലുള്ള പരീക്ഷകള്‍ നടത്തി സംസ്ഥാന സര്‍വീസിലെ ഉയര്‍ന്ന തസ്തികകളിലേക്ക് നേരിട്ട് നിയമനം നടത്തുകയാണ് ലക്ഷ്യം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഐ എ എസ് മാതൃകയില്‍ തീവ്രപരിശീലനം ഉണ്ടാകും. പല കടമ്പകള്‍ കടന്ന് മാത്രമേ ഉദ്യോഗാര്‍ഥികള്‍ക്ക് കെ എ എസില്‍ എത്തിച്ചേരാനാകുകയുള്ളൂ. സെക്രട്ടേറിയറ്റിലെ അഡ്മിനിസ്‌ട്രേഷന്‍, ഫിനാന്‍സ് ഉള്‍പ്പെടെ 29 വകുപ്പുകളിലും മറ്റ് വകുപ്പുകളിലെ സമാന തസ്തികകളിലുമാണ് കെ എ എസ് വഴി നിയമനം നടത്തുക. ഈ വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികകളിലെ പത്ത് ശതമാനം ഒഴിവുകളാണ് ഇതു വഴി നികത്തുക. പി എസ് സിയാണ് പരീക്ഷ നടത്തുന്നത്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറാണ് ഈ ആശയം മുന്നോട്ട് വെച്ചത്. പിണറായി സര്‍ക്കാര്‍ ഈ പരിഷ്‌കാരം നടപ്പാക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുകയും ചെയ്യുന്നു. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ എതിര്‍പ്പുകളും ആശങ്കകളും ചര്‍ച്ചകളിലൂടെ മറികടന്ന് കെ എ എസ് യാഥാര്‍ഥ്യമാക്കണമെന്നാണ് മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്. ഭരണനിര്‍വഹണ മേഖലയില്‍ ഉണര്‍വുണ്ടാക്കുന്ന ഈ തീരുമാനം സമവായത്തിന്റെ വഴിയിലൂടെ നടപ്പാക്കാനുള്ള ഈ സര്‍ക്കാറിന്റെ ശ്രമം ശ്ലാഘനീയമാണ്.
യുവ തലമുറയുടെ ചുറുചുറുക്കും സാങ്കേതിക ജ്ഞാനവും പരിഷ്‌കരണ ത്വരയുമെല്ലാം ഉപയോഗിക്കപ്പെടുമെന്നതാണ് കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം. ഉന്നത ബിരുദം നേടിയ ചെറുപ്പക്കാര്‍ അനുയോജ്യമായ ജോലിക്കായി കാത്തിരിക്കുന്ന കേരളം പോലുള്ള സംസ്ഥാനത്ത് ഈ സംവിധാനം കൂടുതല്‍ അനുയോജ്യമാണ്. താഴ്ന്ന തസ്തികയില്‍ ഉന്നത യോഗ്യതയും കഴിവുകളുമുള്ളവര്‍ നിയമിക്കപ്പെടുകയും അവരുടെ നല്ല കാലം മുഴുവന്‍ താരതമ്യേന അപ്രധാനവും പ്രത്യേക നൈപുണ്യം ആവശ്യമില്ലാത്തതുമായ മേഖലയില്‍ വ്യയം ചെയ്യുകയുമാണ് നിലവിലുള്ള രീതി. അങ്ങനെ പ്രമോട്ട് ചെയ്യപ്പെട്ടാണ് ഇവര്‍ ഉന്നത തസ്തികകളില്‍ എത്തിപ്പെടുക. അപ്പോഴേക്കും വല്ലാത്തൊരു മടുപ്പ് അവരെ ബാധിച്ചിട്ടുണ്ടാകും. ഒരു വകുപ്പില്‍ സേവനമനുഷ്ഠിച്ചവര്‍ കാലാകാലവും ആ വകുപ്പില്‍ തന്നെ തുടരേണ്ട സ്ഥിതിയുമുണ്ട്. കെ എ എസ് വരുന്നതോടെ ഐ എ എസ് ഉദ്യോഗസ്ഥരെ വിവിധ മേഖലയിലേക്ക് പുനര്‍വിന്യാസം നടത്തി അതത് കാലത്തെ ആവശ്യകതക്കനുസരിച്ച് ഉദ്യോഗസ്ഥരെ ഉപയോഗിക്കാവുന്നതാണ്.
കെ എ എസിനെതിരെ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ശക്തമായ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടി അനുഭാവമുള്ള ജീവനക്കാരുടെ സംഘടനകള്‍ കഴിഞ്ഞ വ്യാഴാഴ്ച പണിമുടക്ക് നടത്തിയിരുന്നു. പണിമുടക്കില്‍ പങ്കെടുത്തില്ലെങ്കിലും ഇടത് സര്‍വീസ് സംഘടനകള്‍ക്കും കടുത്ത എതിര്‍പ്പുണ്ട്. അവര്‍ അത് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നുവെച്ചാല്‍ ജീവനക്കാരുടെ സംഘടനകള്‍ ഒറ്റക്കെട്ടായി കെ എ എസ് വരുന്നതിനെ എതിര്‍ക്കുമെന്ന് തന്നെ. ഈ എതിര്‍പ്പുകള്‍ മറിടന്ന് മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഈ ആശയം മുന്നോട്ട് വെച്ചപ്പോഴും ഇതു തന്നെയായിരുന്നു സ്ഥിതി. അന്ന് അദ്ദേഹം പിന്‍വാങ്ങുകയായിരുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം ജീവനക്കാരോട് അല്‍പ്പം കടുപ്പിച്ച് തന്നെ ചിലത് പറഞ്ഞു. ജോലി സമയം ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ദുര്‍വ്യയം ചെയ്യുന്നതിനെതിരെയടക്കം അദ്ദേഹം ഉയര്‍ത്തിയ വിമര്‍ശങ്ങള്‍ അസഹിഷ്ണുതയോടെ കണ്ടവരാണ് സംഘടനകള്‍. അനുഭവ സമ്പത്തും കാര്യപ്രാപ്തിയുമുള്ള ഉദ്യോഗസ്ഥരെ ഒഴിവാക്കി തികച്ചും പുതുമുഖങ്ങളായവരെ തലപ്പത്ത് കൊണ്ടുവരുന്നത് സേവന മേഖലയെ തകര്‍ത്തു തരിപ്പണമാക്കുമെന്നാണ് സെക്രട്ടേറിയറ്റ് ജീവനക്കാര്‍ പുറമേക്ക് പറയുന്നതെങ്കിലും അടിസ്ഥാന പ്രശ്‌നം അവരുടെ ജോലിക്കയറ്റവും മറ്റ് ആനുകൂല്യങ്ങളും തന്നെയാണ്. 13ന് ജീവനക്കാരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ ചര്‍ച്ചയില്‍ അവരുടെ ആശങ്കകള്‍ ദൂരീകരിക്കാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കേണ്ടതുണ്ട്.
ഫലപ്രദമാകുമെന്ന് വിദഗ്ധര്‍ ഒന്നടങ്കം പറയുന്ന ഒരു പരിഷ്‌കാരത്തെ കണ്ണടച്ച് എതിര്‍ക്കുക വഴി സര്‍വീസ് സംഘടനകളുടെ പ്രതിച്ഛായ കൂടുതല്‍ മോശമാകുകയേ ഉള്ളൂ. ജനങ്ങള്‍ക്ക് മെച്ചപ്പെട്ടതും സത്വരവുമായ സേവനം ലഭ്യമാക്കുകയെന്ന വിശാലമായ ലക്ഷ്യത്തിനായി അവരും കൈകോര്‍ക്കേണ്ടതാണ്.

Latest