ആരോഗ്യ ബോധവത്കരണം: ദുബൈ ഹെൽത് അതോറിറ്റിയും സിറാജും കൈകോർക്കുന്നു 

Posted on: January 8, 2017 10:00 pm | Last updated: January 9, 2017 at 9:04 pm
SHARE
ദുബൈ: പൊതുജനാരോഗ്യ ബോധവത്കരണത്തില്‍ പരസ്പര സഹകരണത്തിന് ദുബൈ ഹെല്‍ത് അതോറിറ്റിയും ദുബൈ സിറാജും കരാറൊപ്പിട്ടു. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഹെല്‍ത് അതോറിറ്റിയുടെ സന്ദേശങ്ങള്‍ സമൂഹത്തിലെത്തിക്കുകയാണ് കരാറിലൂടെ ലക്ഷ്യമാക്കുന്നത്. ഇത് സംബന്ധമയാ കരാറില്‍ ദുബൈ ഹെല്‍ത് അതോറിറ്റി ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ ഹുമൈദ് അല്‍ ഖതാമിയും സിറാജ് ഗള്‍ഫ് ജനറല്‍ മാനേജര്‍ അഹ്മദ് ശരീഫും ഒപ്പുവെച്ചു.

ആരോഗ്യമുള്ള ജനതയാണ് ഏതൊരു രാജ്യത്തിന്റെയും ഏറ്റവും വലിയ സമ്പത്ത്. അതിനാല്‍തന്നെ ഓരോ വ്യക്തിയുടെയും ആരോഗ്യ സംരക്ഷണത്തിനായി വിപുലമായ പദ്ധതികളാണ് ആരോഗ്യ സേവനരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും പുരോഗതിക്കും വന്‍ പ്രാധാന്യം നല്‍കുന്ന ദുബൈ ഗവണ്‍മെന്റ് മുന്നോട്ടുവെക്കുന്നത്. ഏറ്റവും ആധുനികമായ ചികിത്സയും ആരോഗ്യപരിചരണവും അനുബന്ധ കാര്യങ്ങളും ഉറപ്പാക്കുന്നതിന് ദുബൈ ഹെല്‍ത് അതോറിറ്റി വലിയ പ്രാമുഖ്യമാണ് നല്‍കുന്നത്.

ആരോഗ്യപരിപാലന വിഷയത്തിലെ അശ്രദ്ധ പലപ്പോഴും അസുഖങ്ങളിലേക്കും മാറാരോഗങ്ങളിലേക്കും നയിക്കാറുണ്ട്. ആരോഗ്യ മേഖലയില്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്ന പ്രവണതകളെ കുറിച്ചും ഓരോ വ്യക്തിയും ബോധവാന്മാരായിരിക്കണം. എങ്കില്‍ മാത്രമേ സമൂഹത്തിന്റെ പൊതു ആരോഗ്യം സംരക്ഷിക്കപ്പെടുകയുള്ളൂ. ദുബൈ ഹെല്‍ത് അതോറിറ്റി ഇത്തരം വിഷയങ്ങളില്‍ നിരന്തര ബോധവത്കരണവുമായി രംഗത്തുണ്ട്.

ബോധവത്കരണ കാമ്പയിനുകളെ കൂടുതല്‍ ജനകീയമാക്കുകയും അതിലൂടെ പൊതുജനാരോഗ്യ പ്രക്രിയയില്‍ കേരളീയ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുകയുമാണ് സഹകരണ കരാറിലൂടെ ലക്ഷ്യമാക്കുന്നത്. യു എ ഇയിലെ മലയാളികള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള പത്രമെന്ന നിലക്ക് സിറാജ് ഈ ദൗത്യത്തില്‍ പങ്കാളിത്തം നിര്‍വഹിക്കും. യു എ ഇയിലെ വിശിഷ്യാ ദുബൈയിലെ മുഖ്യപ്രവാസി സമൂഹമായ മലയാളികളികളുമായി ദൈനംദിനം സംവദിക്കുന്ന സിറാജുമായി ഇത്തരമൊരു ധാരണയുണ്ടാക്കാനായതില്‍ അതിയായ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഹുമൈദ് അല്‍ ഖതാമി പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷമായി യു എ ഇയിലെ മലയാളി സമൂഹത്തോടൊപ്പം അവരുടെ നിത്യജീവിതത്തിന്റെ ഭാഗമായി നിലകൊണ്ട സിറാജിന് ലഭിച്ച വലിയ അംഗീകാരങ്ങളിലൊന്നായാണ് ദുബൈ ഹെല്‍ത് അതോറിറ്റിയുമായുള്ള ധാരണാപത്രത്തെ കാണുന്നതെന്ന് സിറാജ് ഗള്‍ഫ് ജനറല്‍ മാനേജര്‍ അഹ്മദ് ശരീഫ് പറഞ്ഞു. ഹെല്‍ത് അതോറിറ്റിയുമായി ചേര്‍ന്ന് പൊതുജനാരോഗ്യ സംരക്ഷണത്തില്‍ പങ്കാളികളാകുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2010 മുതല്‍ രാജ്യത്തെ പ്രവാസി സമൂഹത്തിനിടയില്‍ നിയമബോധവത്കരണത്തില്‍ യു എ ഇ ആഭ്യന്തര മന്ത്രാലയവും സിറാജ് ദിനപത്രവും ധാരണ നിലനില്‍ക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here