Connect with us

Gulf

സഉൗദിയിലെ ആശ്രിത വിസാ ഫീസ്: അവ്യക്തത തുടരുന്നു

Published

|

Last Updated

ജിദ്ദ: സഉൗദി അറേബ്യയിൽ ആശ്രിത വിസയിലുള്ളവർക്കുള്ള ഫീസ് ജൂലൈ മുതൽ നടപ്പാക്കുമെന്ന വാർത്തകൾ സംബന്ധിച്ച് അവ്യക്തത തുടരുന്നു. ഫീസ് ഇൗടാക്കാനുള്ള തീരുമാനത്തിന്  ഔദ്യോഗിക സ്ഥിരീകരണം വന്നതായി സൗദിയിലെ പ്രമുഖ ദിന പത്രം ‘ഉക്കാള്’ റിപ്പോർട്ട് ചെയ്യുന്നുവെങ്കിലും ആരൊക്കെ ഇതിന്റെ പരിധിയിൽ വരുമെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

ആശ്രിത വിസയിലുള്ളവർക്ക് ബാധകമാക്കിയ ലെവി ഭാര്യക്കും 18 വയസ്സിനു താഴെയുള്ള കുട്ടികൾക്കും ബാധകമാകുമോ ഇല്ലയോ എന്നത് അവ്യക്തമായി തുടരുകയാണ്. ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും ഇത് വരെ വന്നിട്ടില്ലെന്നാണ് പാസ്പോർട്ട് ഓഫീസ് (ജവാസാത്ത്) അധികൃതർ പറയുന്നത്.

ജൂലൈ മുതൽ ഓരോ വിദേശിയുടെയും ആശ്രിതരായിട്ടുള്ള വ്യക്തികൾക്ക് ഇഖാമ പുതുക്കാനോ പുതിയ ഇഖാമ ഇഷ്യു ചെയ്യാനോ മാസം 100 റിയാൽ എന്ന തോതിൽ വർഷത്തിന് 1200 റിയാൽ ഫീസ് തുടക്കത്തിൽ തന്നെ ഒന്നിച്ച് നൽകണമെന്നാണ് പുതിയ നിർദേശം. ഇത് 2018 ൽ 2400 റിയാലും 2019 ൽ 3600 റിയാലും 2020 മുതൽ 4800 റിയാലുമാകും . ഓരോ വ്യക്തിക്കും ലെവിഫീസ് നൽകേണ്ടതിനാൽ ഇത് വിദേശികളെ സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്.