ആ കളിവാക്ക് ജീവന് രക്ഷയേകി

Posted on: January 8, 2017 3:51 pm | Last updated: January 8, 2017 at 5:38 pm

കല്‍ബ: വെളിയാഴ്ച കല്‍ബ വ്യവസായ മേഖലയിലെ ഫര്‍ണിച്ചര്‍ ഇലക്‌ട്രോണിക്‌സ് ഗോഡൗണില്‍ സംഭവിച്ച തീപിടുത്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ ജീവന് തുണയേകിയത് കൂട്ടുകാര്‍ക്കിടയിലെ കളിവാക്കെന്ന് അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപെട്ട തിരുന്നാവായ സ്വദേശി നൂറുദ്ദീന്‍. അവധി ദിനമായിരുന്നതിനാല്‍ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. കഠിനമായ ചൂടും പുകയും അനുഭവപ്പെട്ടതിനാലാണ് താന്‍ ഞെട്ടിയുണര്‍ന്നത്. കനത്ത പുകയുടെ സാന്നിധ്യം ശ്രദ്ധയില്‍ പെട്ടതോടെ മുറിയുടെ വാതില്‍ തുറക്കാതെ എ സി തള്ളിമാറ്റി അതിന്റെ ദ്വാരത്തിലൂടെ പുറത്തേക്ക് ചാടാന്‍ ആശയമുദിച്ചത് മുമ്പ് ഇടവേളകളില്‍ കൂട്ടുകാരൊന്നിച്ച് സല്ലപിക്കുന്ന കൂട്ടത്തില്‍ പറയാറുള്ള ആ കളിവാക്കില്‍ നിന്നായിരുന്നു. നമ്മള്‍ താമസിക്കുന്ന റൂമിനടുത്തുള്ള ഗോഡൗണിന് തീപിടിച്ചാല്‍ രക്ഷപെടാന്‍ റൂമുകളിലെ ഏ സിസ്ഥാപിക്കുന്നതിന് തയ്യാറാക്കിയ ദ്വാരം മാത്രമുള്ളൂവെന്ന് ചൂടുകാലത്തു റൂമില്‍ എ സി ഓണ്‍ ചെയ്യുന്ന സമയത്തു കൂട്ടുകാര്‍ക്കിടയില്‍ കളിയായി പറയുമായിരുന്നുവത്രെ. ഈ കളിവാക്ക് എല്ലാ റൂമുകളിലും താമസിച്ചവര്‍ക്ക് തീപിടുത്ത സമയത്തു ഓര്‍മവന്നതിനാലാണ് രക്ഷപ്പെട്ട മൂന്ന് റൂമിലെയും ആളുകള്‍ ഒരു പോലെ എ സി തള്ളി മാറ്റി അതിന്റെ ദ്വാരത്തിലൂടെ പുറത്തേക്ക് ചാടിയത്. എന്നാല്‍ മൂന്ന് പേര്‍ മരിക്കാനിടയായ മുറിയിലെ മൂന്ന് പേരും തീയും പുകയും പടര്‍ന്നതോടെ മുറിയുടെ വാതില്‍ തുറന്ന് കോമ്പൗണ്ടിലേക്ക് പ്രവേശിക്കുകയായിരുന്നു. അവിടെ വെച്ചാണ് ഒരാള്‍ക്ക് അപകടം സംഭവിച്ചത്. മറ്റ് രണ്ട് പേര്‍ മുറിക്കകത്തു വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. എന്നാല്‍ പുറത്തുകടന്ന എല്ലാവരും മരണപ്പെട്ടവരുടെ മുറിയുടെ ഏ സി തള്ളിമാറ്റി അതിന്റെ പഴുതിലൂടെ രക്ഷപെടാന്‍ മുറിക്കകത്തുള്ളവരോട് ഒച്ചവെച്ചുവെങ്കിലും ആരുടേയും അനക്കം ഉണ്ടായിരുന്നില്ല. മുറിയുടെ വാതില്‍ തുറന്നിട്ട അവസ്ഥയിലായിരുന്നു. എന്നാല്‍ ഏ സിയുടെ ദ്വാരത്തിലൂടെ പുക പരക്കാന്‍ തുടങ്ങിയതോടെ കൂടുതല്‍ സമയം അവിടെ കാത്തുനില്‍ക്കാതെ അവിടെന്ന് രക്ഷപ്പെടുകയായിരുന്നുവന്ന് നൂറുദ്ദീന്‍ ഓര്‍ത്തെടുക്കുന്നു. അല്ലാഹുവിന്റെ കൃപകൊണ്ട് മാത്രമാണ് രക്ഷപെട്ടത്.
എന്താണ് സംഭവിക്കുന്നതെന്ന് ഒരു പിടിയും ഇല്ലായിരുന്നു. പഴയ കളിവാക്ക് മനസില്‍ ഉദിച്ചത് തുണയായെന്ന നെടുവീര്‍പ്പോടെ 12 വര്‍ഷമായി സ്ഥാപനത്തിന്റെ സെയില്‍സ് മാനായി ജോലി ചെയ്യുന്ന നൂറുദ്ദീന്‍ പറഞ്ഞു.