തീപിടുത്തം; എല്ലാ കെട്ടിടങ്ങളിലും സ്‌മോക് ഡിറ്റക്ടര്‍ വേണമെന്ന്

Posted on: January 8, 2017 3:48 pm | Last updated: January 8, 2017 at 3:48 pm

ഷാര്‍ജ: തീപിടുത്തമുണ്ടാകുമ്പോള്‍ തല്‍ക്ഷണം അറിയുന്നതിന് പ്രത്യേക ഉപകരണങ്ങള്‍ എമിറേറ്റിലെ എല്ലാ താമസകെട്ടിടങ്ങളിലും സ്ഥാപിക്കണമെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ്.
ഈ വിഷയത്തില്‍ എമിറേറ്റിലെ താമസക്കാര്‍ക്കായി ആരംഭിച്ച ബോധവല്‍കരണ കാമ്പയിന്‍ പ്രഖാപിച്ചു കൊണ്ട് ഷാര്‍ജ സിവില്‍ ഡിഫന്‍സ് വിഭാഗം മേധാവി ലെഫ്. കേണല്‍ സാമി ഖമീസ് അല്‍ നഖ്ബി ആവശ്യപ്പെട്ടതാണ് ഇക്കാര്യം. തീപിടുത്തം മൂലമുണ്ടാകുന്ന പുക ശ്വസിച്ച് മരണം സംഭവിക്കുന്നതില്‍ നിന്ന് ജനങ്ങളെ രക്ഷപ്പെടുത്താനും സ്വത്തുവകകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ തടയാനുമാണ് ഇത്തരം നടപടികള്‍ ഊര്‍ജിതമാക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
‘സ്‌മോക് ഡിറ്റക്ടര്‍ ഈസ് യുവര്‍ ഹോം പ്രൊടക്ടര്‍’ എന്ന ശീര്‍ഷകത്തിലാണ് കാമ്പയിന്‍. തീപിടുത്തം നടന്നയുടനെ താമസ സ്ഥലങ്ങളില്‍ നിന്ന് ഒഴിവാകാന്‍ ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. അറബിയിലും ഉറുദുവിലും ഇംഗ്ലീഷിലുമുള്ള ലഘുലേഖകള്‍ കാമ്പയിന്‍ കാലയളവില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യും. ഷാര്‍ജ നഗരത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടികള്‍ക്ക് ശേഷം എമിറേറ്റിന്റെ മറ്റു ഭാഗങ്ങളില്‍കൂടി കാമ്പയിന്‍ പ്രചാരണങ്ങള്‍ ശക്തമാക്കും. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി തിരഞ്ഞെടുത്ത 1000 താമസയിടങ്ങളില്‍ സൗജന്യമായി അഗ്നിശമനസേനാ വിഭാഗം സ്‌മോക് ഡിറ്റക്ടറുകള്‍ സ്ഥാപിക്കും. കാമ്പയിന്‍ കാലത്തെ ആദ്യവര്‍ഷം ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് നിര്‍ബന്ധമാക്കുകയില്ല. രണ്ടാം വര്‍ഷം എല്ലാ താമസ കേന്ദ്രങ്ങളിലും ഡിറ്റക്ടറുകള്‍ സ്ഥാപിക്കുന്നത് നിര്‍ബന്ധമാക്കും, അല്‍ നഖ്ബി പറഞ്ഞു.
കാമ്പയിന്‍ കാലയളവില്‍ അഗ്നിശമനസേനാ വിഭാഗം നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാ ക്രമീകരണ സംവിധാനങ്ങള്‍ പിന്തുടരാന്‍ താമസക്കാരോട് രണ്ട് തരത്തിലാണ് ആവശ്യപ്പെടുന്നത്. ആധുനിക വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് നൂതനവും വിവിധ വിധത്തിലുള്ളതുമായ ഡിറ്റക്ടറുകള്‍ ഒരുക്കുന്നത്. പ്രത്യേകം തയാറാക്കിയ ആപ് വീട്ടുടമകള്‍ മൊബൈല്‍ ഫോണിലോ മറ്റു സ്മാര്‍ട് ഉപകാരങ്ങളിലോ ഡൗണ്‍ലോഡ് ചെയ്‌തെടത്തു ഡിറ്റക്ടറുകളുമായി ബന്ധിപ്പിക്കണം. ഇതിലൂടെ പുകയുടെ സാന്നിധ്യം ഡിറ്റക്ടര്‍ ഉടമസ്ഥന്റെ മൊബൈലിലേക്ക് സന്ദേശമായി നല്‍കുന്നതാണ് ഒന്നാമത്തെ രീതി. രണ്ടാമതായി അഗ്നിശമനസേനാ വിഭാഗം രൂപ കല്‍പന ചെയ്ത പ്രത്യേക ഡിറ്റക്ടര്‍ ഉപകരണവും സിം കാര്‍ഡും താമസയിടങ്ങളില്‍ സ്ഥാപിക്കുകയും തീപിടുത്ത സമയത്ത് അഗ്നിശമനസേനാ വിഭാഗത്തിന്റെ ഓപറേഷന്‍ റൂമില്‍ തല്‍ക്ഷണം വിവരമറിയിക്കുന്ന സംവിധാനവുമാണ്. 24 മണിക്കൂറും അഗ്നിശമന സേനാ വിഭാഗത്തിന്റെ ഓപറേഷന്‍ റൂമുമായി ബന്ധിപ്പിച്ച സിം കാര്‍ഡ് ഉപകരണങ്ങള്‍ കണ്ടെത്തുന്ന തീപിടുത്ത വിവരങ്ങള്‍ തല്‍ക്ഷണം സന്ദേശമായി നല്‍കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. തുറസായ ഭാഗത്ത് സ്ഥാപിച്ച ഇത്തരം ഉപകരണങ്ങള്‍ക്ക് 100 മീറ്റര്‍ ദൂര പരിധിയില്‍ ഉണ്ടാകുന്ന തീപിടുത്തത്തെ കുറിച്ചു വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കും.