ഇന്ത്യന്‍ സ്‌കൂളുകളില്‍ ഫീസ് വര്‍ധനക്കുള്ള അപേക്ഷ ഈ മാസം സ്വീകരിക്കും

Posted on: January 8, 2017 3:43 pm | Last updated: January 8, 2017 at 3:43 pm
SHARE

അബുദാബി: ഇന്ത്യ, പാക്കിസ്ഥാന്‍ ഉള്‍പെടെയുള്ള ഏഷ്യന്‍ സ്‌കൂളുകളില്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള അപേക്ഷകള്‍ ഈ മാസം പകുതിയോടെ സ്വീകരിച്ചുതുടങ്ങുമെന്ന് അബുദാബി എജ്യുക്കേഷന്‍ കൗണ്‍സില്‍ (അഡെക്). യു എ ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കരിക്കുലം പിന്തുടരുന്ന അറബ് സ്‌കൂളുകളിലും അമേരിക്കന്‍, ബ്രിട്ടീഷ് കരിക്കുലം പിന്തുടരുന്ന സ്‌കൂളുകളിലും ഫീസ് വര്‍ധനവിനുള്ള അപേക്ഷ അടുത്ത മാസം മുതലാണ് സ്വീകരിച്ചുതുടങ്ങുകയെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യന്‍ സ്‌കൂളുകളുടെ അധ്യയനവര്‍ഷാരംഭം രാജ്യത്ത് ഏപ്രില്‍ മാസത്തിലാണെന്നതിനാലാണ് ഫീസ് വര്‍ധനവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ഈ മാസം മുതല്‍ തന്നെ സ്വീകരിച്ചുതുടങ്ങുന്നതെന്ന് അഡെക് വിശദീകരിച്ചു.
അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ്തന്നെ അപേക്ഷകളിന്മേല്‍ പഠനം നടത്താന്‍ അധികൃതര്‍ക്ക് മതിയായ സമയം വേണ്ടതുണ്ട്. സ്‌കൂളിലെ സൗകര്യങ്ങള്‍, വിദ്യാഭ്യാസ നിലവാരം തുടങ്ങി നേരത്തെ നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങള്‍ പരിഗണിച്ചായിരിക്കും ഫീസ് വര്‍ധനവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ പഠനവിധേയമാക്കുക. ഏതായാലും നിലവിലെ സാഹചര്യത്തില്‍ ഇപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ വാങ്ങിക്കൊണ്ടിരിക്കുന്ന ഫീസില്‍ വര്‍ധനവ് വരുത്തുന്നത് പല രക്ഷിതാക്കള്‍ക്കും പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പൊതുവിലയിരുത്തല്‍.