വാസു ഷ്‌റോഫിനും ഐഎസ്‌സിസിക്കും പ്രവാസി ഭാരതീയ പുരസ്‌കാരം

Posted on: January 8, 2017 3:41 pm | Last updated: January 8, 2017 at 3:41 pm

അബുദാബി: ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ പുരസ്‌കാരം ലഭിക്കുന്നവരുടെ ലിസ്റ്റില്‍ സാമൂഹിക പ്രവര്‍ത്തകന്‍ വാസു ഷ്‌റോഫും അബുദാബി ഇന്ത്യന്‍ സോഷ്യല്‍ കള്‍ചര്‍ സെന്ററും.
സാമൂഹിക പ്രവര്‍ത്തന രംഗത്തുള്ള സംഭാവനക്കാണ് വാസു ഷ്‌റോഫിന് അവാര്‍ഡ്. യു എ ഇ ആസ്ഥാനമായുള്ള റീഗള്‍ ഗ്രൂപ്പിന്റെ ചെയര്‍മാനായ ഇദ്ദേഹം മഹാരാഷ്ട്ര സ്വദേശിയാണ്. 1952ലാണ് റീഗള്‍ ഗ്രൂപ്പിന് തുടക്കമിട്ടത്. 1960 ലാണ് ഇദ്ദേഹം കുടുംബ ബിസിനസില്‍ ചേര്‍ന്നത്. റീഗള്‍ ഗ്രൂപ്പ് ടെക്‌നോളജി, ടെക്‌സ്റ്റൈല്‍സ്, കായിക വസ്ത്ര വിതരണം, വൈദ്യുതി ഡയഗ്‌നോസ്റ്റിക്‌സ്, നിക്ഷേപം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റീഗള്‍ ഗ്രൂപ്പിന്റെ കീഴിലെ രാഗ ട്രേഡേഴ്‌സ്, യു എ ഇയില്‍ തുണി ഉല്‍പന്നങ്ങളുടെ ചില്ലറ, മൊത്ത വ്യപാരരംഗത്തെ മുന്‍നിര കമ്പനിയാണ്. യു എ ഇക്ക് പുറമെ ദോഹ, ജിദ്ദ എന്നിവിടങ്ങളില്‍ 16ലധികം ചില്ലറ വ്യപാര ഷോറൂമുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
അബുദാബി മിന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ (ഐ എസ് സി), സാമൂഹികസാംസ്‌കാരിക മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സോഷ്യല്‍ സെന്റര്‍, വ്യക്തികളില്‍ നിന്നും വ്യത്യസ്തമായി ആദ്യമായാണ് പ്രവാസി ഭാരതി പുരസ്‌കാര ലിസ്റ്റില്‍ ഇടംനേടുന്നത്. യു എ ഇ യിലെ മറ്റുസംഘടനകളില്‍ നിന്നും വിത്യസ്തമായി ഇന്ത്യയിലെ എല്ലാസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇവിടെ ഒരുമിച്ചുകൂടുന്നു.