Connect with us

Gulf

മദീനപള്ളി ആക്രമണശ്രമം; പ്രധാന കണ്ണികള്‍ റിയാദില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Published

|

Last Updated

റിയാദ്: കഴിഞ്ഞ വര്‍ഷം മദീനയിലെ പ്രവാചപള്ളി ആക്രമിക്കാന്‍ ശ്രമിച്ച സംഘത്തിലെ പ്രധാന കണ്ണികള്‍ റിയാദില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. രഹസ്യ സൂചനയുടെ അടിസ്ഥാനത്തില്‍ അല്‍ യാസ്മീന്‍ ജില്ലയിലെ ഒരു വില്ലയില്‍ താവളമുറപ്പിച്ച ഇവരെ സ്ഥലം വളഞ്ഞ് കീഴ്‌പ്പെടുത്തുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം. സുരക്ഷാ സേന പരിസരം വളഞ്ഞതോടെ തീവ്രവാദികള്‍ സേനക്കു നേരെ വെടിയുതിര്‍ക്കുകയും സുരക്ഷാസേനയുടെ പെട്രോളിംഗ് കാറില്‍ രക്ഷപ്പെടാനുള്ള ശ്രമം നടത്തുകയും ചെയ്തു.ഇതിനിടയിലുള്ള പ്രത്യാക്രമണത്തിലാണ് രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടത്.

മദീന പള്ളിക്ക് സമീപം കഴിഞ്ഞ റമളാനില്‍ നോമ്പു തുറ സമയത്ത് ലോകത്തെ നടുക്കിയ ചാവേര്‍ ആക്രമണത്തില്‍ സുരക്ഷാ വകുപ്പ് അന്വേഷിക്കുന്ന തായിഅ് സാലിം ബിന്‍ യസ്‌ളിം അല്‍ സയൈ്വരി സുഹൃത്ത് തലാല്‍ ബിന്‍ സംറാന്‍ അല്‍ സാഇദിയുടെ കൂടെ രക്ഷപ്പെടാന്‍ നടത്തിയ ശ്രമത്തിനിടയിലാണ് സംഭവമെന്ന് അഭ്യന്തര മന്ത്രാലയ സുരക്ഷാ വാക്താവ് ജന.മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു. രണ്ട് മെഷീന്‍ ഗണുകള്‍, ബെല്‍റ്റ് ബോംബുകള്‍, ഗ്രനേഡുകള്‍, മറ്റു നിര്‍മാണ സാമഗ്രികള്‍, പുരുഷസ്ത്രീ വേഷങ്ങള്‍ എന്നിവ തീവ്രവാദി താവളത്തില്‍ നിന്ന് കണ്ടെടുത്തു. സൗദിയിലെ വടക്കന്‍ മേഖലയായ അസീര്‍ പ്രവിശ്യയിലെ സൈനിക പരിശീലന കേന്ദ്രത്തില്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ ഇവര്‍ക്ക് ബന്ധമുള്ളതായി അഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

Latest