ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ബി ജെ പി സര്‍ക്കാറിനുള്ള മൂന്നാം ത്വലാഖാകും: യെച്ചൂരി

Posted on: January 8, 2017 10:43 am | Last updated: January 8, 2017 at 10:43 am
SHARE

തിരുവനന്തപുരം: വര്‍ഗീയത ഉപയോഗിച്ച് അധികാരത്തിലേറിയ ബി ജെ പി സര്‍ക്കാറിനുള്ള ജനങ്ങളുടെ മൂന്നാം ത്വലാഖായിരിക്കും വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ ഭരണത്തിനെതിരെ ആദ്യത്വലാഖ് ചൊല്ലിയത് ഡല്‍ഹി തിരെഞ്ഞടുപ്പാണ്. പിന്നാലെയത്തിയ ബീഹാര്‍ തിരെഞ്ഞടുപ്പ് രണ്ടാമത്തെ ത്വലാഖ്. വരാനിരിക്കുന്ന യു പി തിരെഞ്ഞെടുപ്പിലും ബി ജെ പിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും യെച്ചൂരി പറഞ്ഞു. സി പി എം കേന്ദ്രകമ്മിറ്റിയോഗത്തോടനുബന്ധിച്ച് പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി.
നോട്ട് അസാധു ആക്കിയ നടപടിയുടെ ലക്ഷ്യങ്ങള്‍ എല്ലാം കൈവരിച്ചെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. കള്ളപ്പണം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞു എന്നാണവര്‍ പറയുന്നത്. അവകാശപ്പെടുന്നത്‌പോലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെങ്കില്‍ എന്തുകൊണ്ടാണ് ജനത്തിന് പണം പിന്‍വലിക്കാനുള്ള നിയന്ത്രണം പിന്‍വലിക്കാത്തത് എന്ന് വ്യക്തമാക്കണം. 2014ലെ തിരഞ്ഞെടുപ്പ് റാലികളില്‍ മോദി അവകാശപ്പെട്ടത് കള്ളപ്പണം 90 ശതമാനവും വിദേശത്താണെന്നും അത് തിരിച്ചുപിടിക്കുമെന്നാണ്. വിദേശത്തെ കള്ളപ്പണം തിരിച്ചുപിടിക്കാന്‍ ഇതുവരെ ഒരു നടപടിപോലും കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. പിന്നെങ്ങനെയാണ് കള്ളപ്പണം തിരികെ പിടിച്ചെന്ന് അവകാശപ്പെടുന്നതെന്നും യെച്ചൂരി ചോദിച്ചു.
നോട്ട് അസാധുവാക്കിയ നടപടിയിലൂടെ കള്ളപ്പണം വെള്ളപ്പണമാക്കുകയാണ് ചെയ്തത്. ഡിസംബര്‍ 31 വരെയുള്ള കണക്കുവെച്ച് അസാധുവാക്കിയതില്‍ കൂടുതല്‍ പണം തിരികെ എത്തിയതായി ഭയക്കുന്നു. യഥാര്‍ത്ഥത്തില്‍ മോദി ജനങ്ങളൂടെ പോക്കറ്റടിക്കുകയാണ്. ജനങ്ങളുടെ പണം പിടിച്ചെടുത്തിട്ട് ചില ഇളവുകള്‍ നല്‍കാമെന്നാണ് അവരോട് പറയുന്നത്. ജനത്തിന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം പിന്‍വലിക്കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നതു സംബന്ധിച്ച് കേന്ദ്രകമ്മറ്റി ചര്‍ച്ച ചെയ്‌തെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ തിരെഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടമായി നടത്തണമെന്ന ബി ജെ പി നിര്‍ദ്ദേശം അമിതാധികാര പ്രവണത ശക്തിപ്പെടുത്താനുള്ള നീക്കമാണെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. തികച്ചും ജനാധിപത്യ വിരുദ്ധമായ നിര്‍ദ്ദേശമാണിത് ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണത്തെ സ്ത്രീകളുള്‍പ്പെടെ ചെറുക്കാന്‍ തുടങ്ങിയിട്ടുള്ളത് മാറ്റത്തിന്റെ തുടക്കമാണെന്ന് ബിമന്‍ ബസു പറഞ്ഞു.
യു എ പി എ ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചിലയിടങ്ങളില്‍ ദുരുപയോഗം നടന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇക്കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണ്. സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ച പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകും. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ യാതൊരു പീഡനവും ഈ സര്‍ക്കാര്‍ അജന്‍ഡയിലില്ല. മതന്യൂന പക്ഷങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന മുസ്‌ലിം ലീഗിന്റെ വാദം ആടിനെ പട്ടിയാക്കലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വര്‍ഗീയ ഭിന്നിപ്പുകള്‍ക്കായുള്ള സംഘ്പരിവാര്‍ ശ്രമങ്ങളെ ചെറുക്കാന്‍ മുന്നില്‍നിന്ന് പോരാടുന്ന സി പി എമ്മിലാണ് രാജ്യത്തെ ജനത ഭാവി കാണുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ക്ഷണിച്ചിരുന്നില്ലെങ്കിലും വി എസ് വേദിയിലെത്തിയത് നേതാക്കളെ അമ്പരപ്പെടുത്തി. സീതാറാം യെച്ചൂരി സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് വി എസ് എത്തിയത്. പ്രകാശ് കാരാട്ട് സംസാരിക്കാന്‍ തുടങ്ങിയപ്പോഴേക്കും വി എസ് വേദി വിടുകയും ചെയ്തു.
തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ സ്വാഗതം പറഞ്ഞു. ആയിരങ്ങള്‍ അണിനിരന്ന പൊതുസമ്മേളനത്തില്‍ പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങളുള്‍പ്പെടെ എല്ലാ ദേശീയ സംസ്ഥാന നേതാക്കളും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here