Connect with us

Editorial

ഭക്ഷ്യ പരിശോധന കാര്യക്ഷമമാക്കണം

Published

|

Last Updated

കേരളത്തില്‍ ഭക്ഷ്യ സുരക്ഷാ നിയമം ഫലപ്രദമായി നടപ്പാക്കുകയോ ഹോട്ടലുകളിലും ബേക്കറികളിലും കര്‍ശന പരിശോധന നടത്തുകയോ ചെയ്യുന്നില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍. മത്സ്യ, മാംസാദികളിലും മറ്റു ഭക്ഷ്യവസ്തുക്കളിലും ശരീരത്തിന് ഹാനികരമായ രാസ പദാര്‍ഥങ്ങള്‍ ഉപയോഗിച്ചിട്ടും അവ കണ്ടെത്തി നടപടി സ്വീകരിക്കുന്നില്ലെന്നു കുറ്റപ്പെടുത്തിയ കമ്മീഷന്‍ പരിശോധനകളില്‍ അലംഭാവം കാണിച്ചാല്‍ മാരക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. രണ്ട് വര്‍ഷത്തിനിടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളുടെ കണക്ക് സമര്‍പ്പിക്കാനും കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസ് നിര്‍ദേശിച്ചിരിക്കുന്നു.
വൃത്തിഹീനമായ ചുറ്റുപാടിലും മാരകമായ രാസപദാര്‍ഥങ്ങള്‍ ഉള്‍പ്പെടുത്തിയുമാണ് പല ഹോട്ടലുകളിലും ഭക്ഷണ പദാര്‍ഥങ്ങള്‍ ഉണ്ടാക്കുന്നതെന്ന പരാതി വ്യാപകമാണ്. കടകളില്‍ വില്‍പ്പനക്കെത്തുന്ന പാക്കറ്റ് ഭക്ഷണങ്ങളും മായം കലര്‍ന്നതും നിലവാരം കുറഞ്ഞതുമാണ്. ഇത്തരം സുരക്ഷിതമല്ലാത്ത ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് വന്‍ഭീഷണിയാണ്. ശരിയായി പാകം ചെയ്യാത്ത മാംസാഹാരം, വിഷമടിച്ച് മലിനമായ പഴങ്ങള്‍, പച്ചക്കറികള്‍, ജൈവ വിഷങ്ങള്‍ അടങ്ങിയ മത്സ്യയിനങ്ങള്‍ തുടങ്ങിയവ മാരകമായ രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. കുടല്‍രോഗങ്ങളുടെ വ്യാപനത്തിന് പ്രധാന കാരണം ഇത്തരം ഭക്ഷ്യ പദാര്‍ഥങ്ങളാണെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. സുരക്ഷിതമല്ലാത്ത ഭക്ഷണത്തില്‍ 200ഓളം രോഗങ്ങള്‍ക്ക് കാരണമാകുന്ന ബാക്ടീരിയകളോ വൈറസുകളോ രാസവസ്തുക്കളോ ഉണ്ടായിരി ക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
കോഴിക്കോട്ടെ പലഹാര നിര്‍മാണ കേന്ദ്രങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് അവിടെ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. പാളയത്ത് ഒരു കേന്ദ്രത്തില്‍ ദുര്‍ഗന്ധം പരത്തുന്ന ഉരുളക്കിഴങ്ങുകള്‍ കൂട്ടിയിട്ടിരിക്കുന്നത് കാണാനായി. ഇത്തരം ചീഞ്ഞ ഉരുളക്കിഴങ്ങുകള്‍ കൊണ്ടാണ് ഇവിടെ ബോണ്ടയുള്‍പ്പെടെ പല പലഹാരങ്ങളും നിര്‍മിക്കുന്നത്. മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി തുടങ്ങി കടയില്‍ വില്‍പ്പനക്ക് വെച്ച ഉത്പന്നങ്ങളുടെ പരിശോധനയില്‍ പ്രമുഖ ബ്രാന്‍ഡുകളുടേതടക്കം മിക്കതും മായം കലര്‍ന്നതാണെന്ന് വ്യക്തമായി. പത്രക്കടലാസില്‍ നിന്ന് വരുന്ന മഷി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അത്തരം കടലാസില്‍ ഭക്ഷണ സാധനങ്ങള്‍ പൊതിഞ്ഞു നല്‍കുന്നത് ദേശീയ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി നിരോധിച്ചിട്ടുണ്ട്. എന്നാല്‍ പല കടകളും ഇപ്പോഴും പത്രക്കടലാസില്‍ തന്നെയാണ് നല്‍കുന്നത്. പ്രത്യേകിച്ച് തട്ടുകടകളില്‍. 1. 25 കോടി തട്ടുകടകളുണ്ട് രാജ്യത്ത്. ദശകോടികളാണ് ഭക്ഷണത്തിനായി ഇവയെ ആശ്രയിക്കുന്നത്.
വിപണികളിലെ മത്സ്യങ്ങളും രോഗവാഹികളാണ്. മത്സ്യം ചീഞ്ഞളിയാതിരിക്കുന്നതിന് അമോണിയത്തിന് പുറമേ മൃതശരീരങ്ങള്‍ കേടാകാതിരിക്കാനായി മോര്‍ച്ചറിയില്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ എന്ന മാരക വിഷം പോലും ചേര്‍ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഉണക്കമത്സ്യങ്ങളിലുമുണ്ട് മാരക വിഷം. ഇതിനിടെ കോഴിക്കോട് കടപ്പുറത്ത് ഉണക്കാനിട്ടിരിക്കുന്ന മത്സ്യം കഴിച്ചു കാക്കകളും കൊക്കുകളും ചത്തു വീണതിനെ തുടര്‍ന്ന് മത്സ്യം പരിശോധിച്ചപ്പോള്‍ പുഴു, പ്രാണിശല്യം തടയാനായി അതില്‍ മാരക വിഷം ചേര്‍ത്തിരുന്നതായി കണ്ടെത്തിയിരുന്നു.
ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് ഫലപ്രദമായ പരിശോധനക്ക് തടസ്സമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് മേധാവികള്‍ പറയുന്നത്. സംസ്ഥാനത്തെ മൂന്നര കോടിയോളം ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ആകെയുള്ളത് വെറും 40 ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ മാത്രമാണത്രേ. ഓഫീസിലെ സാധാരണ ജോലികള്‍ ചെയ്യാന്‍ പോലും ആളില്ലാത്ത അവസ്ഥയാണെന്നും അവര്‍ പരാതിപ്പെടുന്നു. 2011ല്‍ അന്നത്തെ നിയമസഭാ കമ്മിറ്റി നടത്തിയ പഠനത്തില്‍ ഉദ്യോഗസ്ഥരുടെ കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഓരോ നിയോജക മണ്ഡലത്തിലും ഒരു ഓഫീസും ഓഫീസറേയും നിയമിക്കാന്‍ തീരുമാനിച്ചിരുന്നതാണ്. ഇപ്പോള്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഇടക്കാലത്ത് വകുപ്പില്‍ നിന്ന് വിരമിച്ച് പോയതുമൂലമുണ്ടായ ഒഴിവുകള്‍ പോലും നികത്തിയിട്ടില്ല. പരാതികള്‍ ഉയര്‍ന്നാല്‍ മാത്രമാണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്. അര ഡസനോളം ചെക്ക് പോസ്റ്റുകളുള്ള പാലക്കാട് ജില്ലയിലൂടെ നിത്യേന ടണ്‍ കണക്കിന് ഭക്ഷ്യവസ്തുക്കളാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നത്. വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ ഇവിടെയും പേരിന് മാത്രമാണ് ഗുണനിലവാര പരിശോധന. പരിശോധനക്ക് ലാബുകളില്‍ മതിയായ സംവിധാനവുമില്ല. പരിശോധനകള്‍ കാര്യക്ഷമവും കര്‍ശനവുമാക്കുന്നില്ലെങ്കില്‍ മനുഷ്യാവകാശ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയത് പോലെ സംസ്ഥാനത്ത് മാരക രോഗങ്ങള്‍ കൂടുതല്‍ വ്യാപിക്കും.

---- facebook comment plugin here -----

Latest