Connect with us

National

ബജറ്റ്: കേന്ദ്രത്തോട് തിര. കമ്മീഷന്‍ അഭിപ്രായം തേടി

Published

|

Last Updated

ന്യൂഡല്‍ഹി: ബജറ്റ് മാറ്റിവെക്കുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാറിനോട് അഭിപ്രായം തേടി. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേന്ദ്ര ബജറ്റ് മാറ്റിവെക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഈ മാസം പത്തിനകം അഭിപ്രായം അറിയിക്കണമെന്ന് ക്യാബിനറ്റ് സെക്രട്ടറി പ്രദീപ് കുമാര്‍ സിന്‍ഹയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.
പൊതു ബജറ്റ് അവതരിപ്പിക്കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്നതിനാല്‍ തിരഞ്ഞെടുപ്പിന് ശേഷമേ ബജറ്റ് അവതരിപ്പിക്കാവൂ എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായാല്‍ അതില്‍ ഇടപെടാനുള്ള അധികാരം ഉപയോഗിച്ചാണ് കമ്മീഷന്റെ ഇടപെടല്‍.
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യുനൈറ്റഡ്, ആര്‍ ജെ ഡി, ഡി എം കെ തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളാണ് ബജറ്റ് മാറ്റിവെക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഫെബ്രുവരി നാലിനാണ് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. മാര്‍ച്ച് 11നാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം കഴിയുന്ന മാര്‍ച്ച് എട്ടിന് ശേഷം ബജറ്റ് അവതരിപ്പിച്ചാല്‍ മതിയെന്ന നിലപാടിലാണ് പ്രതിപക്ഷം. ബജറ്റ് സമ്മേളനം ജനുവരി 31ന് തുടങ്ങുന്നതിന് എതിര്‍പ്പില്ലെന്നും പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേന്ദ്ര ബജറ്റ് മാറ്റിവെക്കണമെന്ന ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. ഫെബ്രുവരിയില്‍ ബജറ്റ് അവതരിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് കാണിച്ച് അഭിഭാഷകനായ എം എല്‍ ശര്‍മയാണ് സുപ്രീം കോടതിയെ സമീപിച്ചത്.