സൗദി ജയിലുകള്‍ മുഖം മിനുക്കുന്നു

Posted on: January 7, 2017 1:48 pm | Last updated: January 7, 2017 at 1:48 pm
SHARE

റിയാദ്: സൗദിയിലെ ജയിലറകളെക്കുറിച്ച് ജനം കരുതി വരുന്ന തെറ്റായ വിചാരങ്ങള്‍ക്ക് വിട നല്‍കും വിധം അവയുടെ മുഖം മാറുന്നു. ജീവിതം ഒട്ടും ഇല്ലാത്ത ചുടുകാടാണു ഇവിടുത്തെ ജയിലുകളെന്ന വിവരണങ്ങള്‍ ഇനി അസ്ഥാനത്താകും. ജയില്‍ വാസത്തിനു ശേഷം നയിക്കേണ്ട നല്ല ജീവിത രീതികളും സഹൃദയത്വം പുനസ്ഥാപിക്കുന്നതിനുള്ള പരിപാടികളും ശില്‍പശാലകളും സംഘടിപ്പിച്ചാണ് ജയിലുകള്‍ മാതൃകയാകുന്നത്. വിദ്യാഭ്യാസപരവും മതപരവും സാങ്കേതികവുമായ പരിപാടികളിലൂടെ കുറ്റകൃത്യങ്ങളിലേക്ക് ഇനിയൊരിക്കലും മടങ്ങി വരാതിരിക്കാനുള്ള ഉദ്‌ബോധന പരിശീലന രീതികളാണ് ജയില്‍ അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യം ജയില്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഇബ്‌റാഹിം അല്‍ ഹംസി പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ ജന. അയ്യൂബ് നഹീത് എന്നിവര്‍ അറിയിച്ചതായി സൗദിയിലെ പ്രമുഖ പത്രം സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവിധ കുറ്റകൃത്യങ്ങള്‍ക്ക് തടവിലാക്കപ്പെട്ടവര്‍ അനുഭവങ്ങളും കഥകളും പങ്കുവെച്ചു. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നുവര്‍ഷമായി ജയിലില്‍ കഴിയുന്ന 46 വയസ്സുള്ള ആര്‍കിടെക്ചര്‍ എഞ്ചിനീയറായ തടവുകാരന്‍ ജയിലിലെ പുനരധിവാസ പരിപാടിയുടെ ഭാഗമായി ഒരു പുതിയ ഉന്നത ഡിഗ്രിക്ക് കൂടി ചേര്‍ന്നിരിക്കുകയാണ്. സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന 46 വയസ്സുള്ള മറ്റൊരാള്‍ പറയുന്നതിങ്ങനെ, ജയില്‍ വാസത്തിനു ശേഷം നല്ല ജോലി കണ്ടെത്തുന്നതിനും ജീവിതം നയിക്കുന്നതിനും ഉതകുന്ന ധാരാളം കോഴ്‌സുകളും പുനരധിവാസ പദ്ധതികളും ജയിലില്‍ നല്‍കപ്പെടുന്നു.

ഡിസ്റ്റന്‍സ് വിദ്യാഭ്യാസത്തിനു റെജിസ്റ്റര്‍ ചെയ്തവരെയും ഇസ്‌ലാമിലേക്ക് കടന്നു വന്നവരെയും പുതിയ സംരംഭങ്ങള്‍ കണ്ടെത്തിയവരെയും ഇപ്പോള്‍ ജയിലില്‍ കാണാം. ജയില്‍ വാസം മൂലം അനുഭവിക്കുന്ന മാനസിക പിരിമുറിക്കങ്ങളെ കുറച്ച് കൊണ്ടുവരാനും സാമൂഹ്യബോധവും പ്രതിബദ്ധതയും വര്‍ദ്ധിപ്പിച്ച് ജയിലാനന്തര ജീവിതം നല്ല രീതിയിലാക്കുന്നതിനും ഈ ജയില്‍ പുനരധിവാസ പദ്ധതികള്‍ക്ക് കഴിയുന്നതായി മക്ക ജയില്‍ മേധാവി സാലിഹ് അല്‍ഖഹ്താനി പറയുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന ഇത്തരക്കാരോട് സമൂഹം പുലര്‍ത്തുന്ന സമീപനങ്ങളിലെ മാറ്റത്തിനു കൂടിയാണ് ഈ പദ്ധതിയും പ്രയോജനങ്ങളും ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.