മെഡിസിന്‍ കടത്ത്; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: January 7, 2017 1:43 pm | Last updated: January 7, 2017 at 1:43 pm

കുവൈത് സിറ്റി: കാര്‍ഡിയാക്ക് രോഗികള്‍ക്ക് വേദന സംഹാരിയായി ശുപാര്‍ശ ചെയ്യുന്ന ഗുളിക ‘ചില’രോഗികള്‍ക്ക് അമിതമായി നിര്‍ദേശിച്ച ഡോക്ടറെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ഹൃദ്രോഗികള്‍ക്ക് മാത്രം നല്‍കേണ്ട ട്രാമല്‍ ഗുളികയുടെ അമിതമായ ആവശ്യം ഒരു ക്ലിനികില്‍ നിന്ന് വരുന്നത് ശ്രദ്ധയില്‍ പെട്ട ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ രഹസ്യാന്വേഷണത്തിലാണു അറബ് വംശജനായ ഡോക്ടര്‍ വലയിലായത്.

കഴിഞ്ഞ വര്‍ഷം മാത്രം 3000 ഗുളിക ‘ചില’ രോഗികള്‍ക്ക് മാത്രം ഇയാള്‍ ശുപാര്‍ശ ചെയ്തതായി കണ്ടെത്തി. ഈ ഗുളിക വേദന ശമനത്തോടൊപ്പം മാനസികോല്ലാസം കൂടി ലഭിക്കുന്നു എന്നതിനാല്‍ കണക്കിലധികം ഉപയോഗിക്കുന്നത് മയക്ക് മരുന്ന് ഉപയോഗത്തിനു തുല്യമായ അനുഭവം നല്‍കും. മയക്കുമരുന്നു മാഫിയക്ക് മരുന്ന് എത്തിക്കുന്ന ഇടയാളായി ഡോക്ടര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സംശയിക്കുന്നതായി സസ്‌പെന്‍ഷന്‍ വിവരം വെളിപ്പെടുത്തി കൊണ്ട് ആരോഗ്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അല്‍ സഹ്‌ലാവി പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇയാള്‍ ഈ കച്ചവടം നടത്തുന്നുവെന്ന് അന്വേഷണത്തില്‍ മനസ്സിലായെന്നും കൂടുതല്‍ അനേഷണത്തിന്നായി കേസ് ആഭ്യന്തര വകുപ്പിനു റഫര്‍ ചെയ്തതായും അല്‍ സഹ് ലാവി കൂട്ടിച്ചേര്‍ത്തു.