എംഎം മണിയെ മന്ത്രിസ്ഥാനത്ത് നീക്കണം; യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്

Posted on: January 7, 2017 12:29 pm | Last updated: January 8, 2017 at 10:41 am

തിരുവനന്തപുരം: എംഎം മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കി. അഞ്ചേരി ബേബി വധക്കേസില്‍ തന്നെ കുറ്റവിമുക്തനാക്കണമെന്ന മണിയുടെ ആവശ്യം തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു.

മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദനും കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. ഇക്കാര്യവും ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. മന്ത്രിയായിരിക്കെ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന രാജ്യത്തെ ഏക മന്ത്രിയാണ് എംഎം മണിയെന്ന് കത്തില്‍ പറയുന്നു. അതിനാല്‍ പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗം എന്ന നിലയിലും പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയിലും രാഷ്ട്രീയ മൂല്യം കാത്തുസൂക്ഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.