ധൂര്‍ത്ത് വെള്ളത്തിലാകുമ്പോള്‍

Posted on: January 7, 2017 9:08 am | Last updated: January 7, 2017 at 9:08 am
SHARE

നോട്ടിന്റെ വില നാം അറിഞ്ഞു. അതിനിടയിലാണ് കേരളത്തെ ഞെട്ടിക്കുന്ന വരള്‍ച്ചയും ജലത്തിന്റെ ദൗര്‍ലഭ്യതയും സംജാതമാകുന്നത്. നോട്ടിന്റെ വിലയറിഞ്ഞ പണക്കാരനും പണിക്കാരനും ഒരുപോലെ മിതജീവിത ശൈലിയിലേക്ക് വന്നത് നാം നേരിട്ടറിഞ്ഞു. വാഹനം, ഭവനം, ഭക്ഷണം, വസ്ത്രം, ആഘോഷം തുടങ്ങിയ കാര്യങ്ങളില്‍ ആഢംബരങ്ങളും മാമൂലുകളും നടത്തി മത്‌സരിച്ചവര്‍ ഒരു മാസത്തിനുള്ളില്‍ പാഠം പഠിച്ചു. ജീവിതത്തില്‍ മൊത്തം നിയന്ത്രണം വെക്കണമെന്ന് കൊണ്ടറിഞ്ഞു. എണ്ണപ്പാടം വറ്റി തുടങ്ങുകയും എണ്ണയുടെ വില കുതിച്ചു കയറുകയും നിതാഖാത്തും സ്വദേശിവത്കരണവും തുടങ്ങുകയുമൊക്കെ ചെയ്തിട്ടും അലസരായിരുന്ന നമ്മള്‍.
പ്രകൃതിയില്‍ നിന്നുള്ള പാഠമാണ് ഇനി പഠിക്കാന്‍ പോകുന്നത്. അവിടെ നിന്നു ലഭിക്കുന്ന വസ്തുക്കളിലും നാം നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം സംജാതമാകുകയാണ്. മറ്റുള്ളവരെ അപേക്ഷിച്ച് വെള്ളത്തിന്റെ ധാരാളിത്വത്തില്‍ മലയാളികള്‍ മുന്നിലായിരുന്നു. കാരണം കിണറുകള്‍, കുളങ്ങള്‍, തോടുകള്‍, നദികള്‍, കായലുകള്‍ തുടങ്ങി കേരളം ജലസമ്പുഷ്ടമായിരുന്നു. എന്നാല്‍ നാടും നഗരവും വറ്റിവരളാന്‍ പോകുന്നു എന്നാണ് പറയുന്നത്. കുളങ്ങള്‍ കുളം തോണ്ടുന്നു. കിണറുകളിലെ വെള്ളം താഴ്ന്നു തുടങ്ങി. പുഴകളും തോടുകളും വരളാന്‍ ഒരുങ്ങുന്നു. ഹരിത കേരളം ദുരിത കേരളമാകുമോ എന്ന് പേടി പരക്കുന്നു.
ഇവിടെയാണ് ജലത്തെ കുറിച്ചും അതിന്റെ വിലയെ കുറിച്ചും ഉപഭോഗ രീതിയെക്കുറിച്ചും ഖുര്‍ആനിന്റെ കാഴ്ച്ചപ്പാടും ഇസ്‌ലാമിന്റെ വിധി വിലക്കുകളും നാം പഠിക്കേണ്ടത്. എല്ലാവരും ഉള്‍ക്കൊള്ളേണ്ട മഹത്തായ സന്ദേശമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. 63 സൂക്തങ്ങളില്‍ ഖുര്‍ആന്‍ വെള്ളത്തിന്റെ പ്രാധാന്യം പരാമര്‍ശിക്കുന്നുണ്ട്. ആകാശത്ത് നിന്ന് പെയ്തിറങ്ങുന്നതും പാറക്കെട്ടുകളില്‍ നിന്ന് ഉറവെടുത്ത് വരുന്നതും നദീ തടങ്ങളിലൂടെ സഞ്ചരിക്കുന്നതുമായ ജലത്തിന്റെ ഗതിവിഗതിയും അതിനാല്‍ ലഭിക്കുന്ന ലാഭങ്ങളും നേട്ടങ്ങളും ഖുര്‍ആന്‍ എണ്ണിപ്പറയുന്നുണ്ട്. സ്രഷ്ടാവിന്റെ അനുഗ്രഹങ്ങള്‍ വരച്ചുകാട്ടുന്ന ഖുര്‍ആന്‍ അവന്റെ അമൂല്യ അനുഗ്രഹമായിട്ടാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിച്ച് തരുന്നതും അത് ഭൂമിയിലെത്തി ജന്തുലോകത്തിനും സസ്യലോകത്തിനും വിഭവങ്ങള്‍ നല്‍കുന്നതും വിവരിക്കുന്നത്. അത് കാരണമായി ഭൂമുഖത്ത് പലതരം ചെടികളും മരങ്ങളും കായ്കനികളും ഉണ്ടാവുന്നതും അപാര അനുഗ്രഹമായി ഖുര്‍ആന്‍ പറയുന്നു. അരുവികളും പൂന്തോട്ടങ്ങളും അതിനു താഴെ ഒഴുകുന്ന നദികളും എന്ന് ഖുര്‍ആന്‍ സ്വര്‍ഗത്തെ വര്‍ണിക്കുന്നുണ്ട്. അരുവികളും നദികളും സുലഭമായ മലയാളികള്‍ പലപ്പോഴും ഈ ആശയത്തിന്റെ സൗന്ദര്യം വേണ്ടപോലെ ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്നത് സംശയം.
അത്യാവശ്യമായ ഭക്ഷണം, പാനീയം എന്നിവ ഉപയോഗിക്കുക, അമിതമാക്കരുത് എന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രത്യേകം പറയുന്നുണ്ട്. വെള്ളം അമിതമായി കുടിക്കണമെന്ന് പലരും പറയാറുണ്ട്. പക്ഷേ, അവിടെയും അമിതമാക്കരുതെന്നാണ് ഇസ്‌ലാമിക വീക്ഷണം. ഒരാളുടെയടുത്ത് കുറച്ച് വെള്ളമുണ്ട്. നിസ്‌കാരത്തിന് അംഗസ്‌നാനം ചെയ്യാനുണ്ട്. മനുഷ്യനോ മറ്റു ജീവികളോ ദാഹിച്ച് വലയുന്നുമുണ്ട്. വേട്ടക്കോ കാവലിനോ വളര്‍ത്തുന്ന നായയാണെങ്കില്‍ പോലും വെള്ളം ദാഹിക്കുന്ന ജീവിക്ക് കൊടുക്കണമെന്നും പകരം മണ്ണ് കൊണ്ട് തയമ്മും ചെയ്ത് നിസ്‌കരിക്കണമെന്നുമാണ് ഇസ്‌ലാമിക വീക്ഷണം.
വുളു ചെയ്യുമ്പോള്‍ ഒരു തവണ കഴുകല്‍ നിര്‍ബന്ധവും പിന്നീട് രണ്ട് തവണ കഴുകല്‍ സുന്നത്തുമാണ്. നാലാം തവണ കഴുകല്‍ പുഴയില്‍ നിന്നോ സമുദ്രത്തില്‍ നിന്നോ ആയാല്‍പോലും കറാഹത്താണ്. നാലാം തവണ കഴുകുന്നത് പള്ളി, മദ്രസ, റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട്, മുസാഫര്‍ഖാന, ബസ് സ്റ്റാന്‍ഡ്, യതീംഖാന, സ്‌കൂള്‍, കോളജ് പോലുള്ള പൊതുജല സംഭരണികളില്‍ നിന്നാണെങ്കില്‍ നിഷിദ്ധമാണ്. അതും വെള്ളം കുറവായ സമയത്താണെങ്കില്‍ ഒരു തവണ മാത്രം കഴുകി നിര്‍ത്തണമെന്നതാണ് ഇസ്‌ലാമിന്റെ ശാസന. കുടിവെള്ളത്തിനായി മാത്രം മാറ്റിവെച്ച ജലസംഭരണികളിലെ വെള്ളം കൊണ്ട് മുഖം കഴുകുന്നതും വുളൂഉം പാടില്ലെന്നാണ് ഇസ്‌ലാമിന്റെ ശാസന. നിസ്‌കാരത്തിനും സകാത്തിനും നോമ്പിനും അളവും പരിധിയും നിശ്ചയിച്ച ഇസ്‌ലാം വുളൂഇനും കുളിക്കും ഉപയോഗിക്കുന്ന വെള്ളത്തിനും പരിധിയും രൂപവും ശൈലിയും നിശ്ചയിച്ചിട്ടുണ്ട്. മറ്റു കാര്യങ്ങളിലെ ധൂര്‍ത്തിനെ കുറിച്ച് ഉപദേശിക്കുന്നവര്‍ പോലും വെളളത്തിന്റെ കാര്യം പലപ്പോഴും വിസ്മരിക്കാറുണ്ട്. യഥാര്‍ഥത്തില്‍ മറ്റു കാര്യങ്ങളിലുള്ള ധൂര്‍ത്തിനേക്കാളും വലിയതാണ് വെള്ളത്തിന്റെ കാര്യത്തില്‍ കേരള ജനത കാണിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലും വിദേശങ്ങളിലും ചെന്നാല്‍ അവര്‍ക്ക് കേരളത്തില്‍ അല്ലാഹു ചെയ്ത ജലത്തിന്റെ വില മനസ്സിലാകും. എന്നാല്‍ അവിടെയും ധൂര്‍ത്തടിക്കുന്ന എത്രയോ പേരുണ്ട്. ബാത്‌റൂമിലും അലക്കുമ്പോഴും അടുക്കളയിലും ശുദ്ധീകരണ കേന്ദ്രങ്ങളിലുമെത്തിയാല്‍ നമ്മള്‍ ചെലവഴിക്കുന്ന വെള്ളം കൊണ്ട് ഒരു കോളനിയുടെ മൊത്തം ജനങ്ങള്‍ക്ക് ഉപയോഗിക്കാനാകും.
വെള്ളം, ഉപ്പ്, പുല്ല് എന്നിവ ആരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ലഭിക്കുന്നതാണെങ്കിലും അത് മറ്റുളളവര്‍ ഉപയോഗിക്കുന്നതില്‍ നിന്ന് തടയാന്‍ പാടില്ല. അതിന്റെ ഉപയോഗം എല്ലാവര്‍ക്കും അര്‍ഹതപ്പെട്ടതാണെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. തോട്ടം നനക്കല്‍ സംബന്ധമായി നബി (സ)യുടെ സന്നിധിയില്‍ തര്‍ക്കമെത്തിയപ്പോള്‍ നബി(സ) പറഞ്ഞു. മേല്‍ഭാഗത്തുള്ളത് ആരുടെ തോട്ടമാണ് അവര്‍ കൃഷിയിലെ വേരുകള്‍ കുടിക്കുന്നത്ര നനക്കട്ടെ. ശേഷം അവിടെ നിറഞ്ഞ വെള്ളം അടുത്തുള്ള സഹോദരന്റെ തോട്ടത്തിലേക്ക് വിടുക. അതും നിറഞ്ഞാല്‍ തൊട്ടടുത്തുള്ള തോട്ടത്തിലേക്ക് വിടുക. ജലം പൊതുമുതലാണ്.
ഉപ്പു വെള്ളവും കുടിവെള്ളവും രണ്ടാക്കിത്തന്ന പടച്ചവന്‍ പരിശുദ്ധനാണെന്നും ഇങ്ങനെ ഉഷ്ണ ജല പ്രവാഹവും ശീതജല പ്രവാഹവും തമ്മിലോ കുടിവെള്ളവും കടല്‍ ജലവും തമ്മിലോ കൂടിക്കലരാതെ സൃഷ്ടികള്‍ക്ക് വേണ്ടി പ്രത്യേകം സംവിധാനിച്ചവനെ കുറിച്ച് നിങ്ങള്‍ പഠിക്കുന്നില്ലേ എന്നും ഖുര്‍ആന്‍ ചോദിക്കുന്നുണ്ട്. കാലത്തെയും ഞാറ്റുവേലകളെയും കുറ്റം പറയരുതെന്നും എന്നാല്‍ അവയെ ആശ്രയിച്ചാണ് മഴ വര്‍ഷിച്ചതെന്ന് പറയരുതെന്നും മതം പഠിപ്പിക്കുന്നു. എല്ലാം സ്രഷ്ടാവായ നാഥന്റെ അപാര അനുഗ്രഹവും അമൂല്യ വരദാനവുമാണ്. ഒരു സര്‍ക്കാറിനോ ഒരു അതോറിറ്റിക്കോ ജലം ഉണ്ടാക്കാനോ കൃത്രിമമായി മഴ പെയ്യിപ്പിക്കാനോ സാധിക്കില്ല. ‘നിങ്ങള്‍ കുടിക്കുന്ന ശുദ്ധജലം നിങ്ങളാണോ ഇറക്കിയത് അതല്ല നാമാണോ വര്‍ഷിപ്പിച്ചത്’ എന്നാണ് ഖുര്‍ആനിന്റെ ചോദ്യം. അതിനേക്കാള്‍ വലിയ ചോദ്യത്തോടെയാണ് സൂറത്തുല്‍ മുല്‍ക്ക് അല്ലാഹു അവസാനിപ്പിക്കുന്നത്. ‘നിങ്ങളുടെ വെള്ളം വറ്റിവരണ്ടുപോയാല്‍ നിങ്ങള്‍ക്ക് കുടിക്കാനാവശ്യമായ തെളിനീര്‍ ജലം ആരാണ് കൊണ്ട് വരിക?’ (മുല്‍ക്:30)
ധൂര്‍ത്തും ദുര്‍വ്യയവും വന്‍കുറ്റമാണെന്നും ധൂര്‍ത്ത് നടത്തുന്നവര്‍ പിശാചിന്റെ അനുയായികളാണെന്നും ഖുര്‍ആന്‍ പറയുന്നുണ്ട്. മനുഷ്യന് അത്യാവശ്യമായതും ഒരാള്‍ക്കും സ്വന്തം അവകാശവാദം ഉന്നയിക്കാനാവാത്തതുമായ വെള്ളത്തില്‍ ധൂര്‍ത്തടിക്കുന്നത് കുറ്റകരമാണ്. കൊച്ചു കേരളത്തില്‍ ജനസാന്ദ്രത കൂടും തോറും ജലസാന്ദ്രത കുറഞ്ഞു വരികയാണ്. വെള്ളം കുടിക്കേണ്ട നെല്‍പാടങ്ങളും കൃഷിയിടങ്ങളും കോണ്‍ക്രീറ്റ് കൊട്ടാരങ്ങളുടെ പറുദീസയാവുകയാണ്. വട്ടകിണറുകളും കുഴല്‍കിണറുകളും വര്‍ധിക്കുകയാണ്. പുഴകളും കായലുകളും തോടുകളും കുളങ്ങളും തടാകങ്ങളും സംരക്ഷിക്കപ്പെടാതെ നശിക്കുകയാണ്. മഴ സംഭരണികളെക്കാളും നിലവിലുള്ള ഈ സംഭരണികള്‍ സംരക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാകണം. പൊതു കുളങ്ങളും പഞ്ചായത്ത് കുളങ്ങളും പള്ളിക്കുളങ്ങളും പൂര്‍വികര്‍ ഉണ്ടാക്കിയത് വലിയ അനുഗ്രഹമാണ്. പക്ഷേ, അത് സംരക്ഷിക്കാന്‍ ആരെയും കാണുന്നില്ല. പകരം റിസോര്‍ട്ടുകളുണ്ടാക്കിയും കൃത്രിമ പൂന്തോട്ടങ്ങളുണ്ടാക്കിയുമുള്ള സംസ്‌കാരം കേരളത്തെ ബാധിച്ച മാരക രോഗമാണ്.
നിലവിലുണ്ടായിരുന്ന കുളങ്ങളും നീര്‍ത്തടങ്ങളും മണ്ണിട്ട് തൂര്‍ക്കാനും മലിനമാക്കാനും നശിപ്പിക്കാനുമാണ് പലരും തുനിയുന്നത്. കുടിവെള്ളത്തിനും കുളിക്കാനും അലക്കാനും ശുദ്ധീകരണത്തിനും പൊതു ജനങ്ങള്‍ക്കായും പൊതുസ്ഥാപനങ്ങള്‍ക്കായും പൂര്‍വികര്‍ ദാനം ചെയ്ത വിലപ്പെട്ട ഭൂമിയിലാണ് ഈ വിലയേറിയ കുളങ്ങളും നീര്‍ത്തടങ്ങളും സ്ഥിതിചെയ്യുന്നത്. കോഴിക്കോട്ടെ മാനാഞ്ചിറയും കുറ്റിച്ചിറ കുളവും തളിക്കുളവും കഥകള്‍ വിളിച്ചോതുന്ന ചരിത്രേതിഹാസങ്ങളാണ്. ഇത്തരം പൊതുകുളങ്ങള്‍ തന്നെ കേരളത്തില്‍ ആയിരക്കണക്കിനുണ്ട്. ഇവയൊന്നും മണ്ണിട്ട് മൂടാനോ കൈയേറാനോ നശിപ്പിക്കാനോ മലിനപ്പെടുത്താനോ അനുവദിക്കാതെ സംരക്ഷിക്കപ്പെടണം.
ജല മലിനീകരണവും നശീകരണവും വന്‍ കുറ്റമായിട്ടാണ് ഇസ്‌ലാം കല്‍പ്പിക്കുന്നത്. എല്ലാ നശീകരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും നിങ്ങള്‍ സൂക്ഷിക്കണമെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. യഥാര്‍ഥ മുസ്‌ലിം അവന്റെ കരങ്ങളില്‍ നിന്നും നാവില്‍ നിന്നും മറ്റുള്ളവര്‍ രക്ഷപ്പെട്ടവരാണെന്ന തിരുവചനവും ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്. ജല സംരക്ഷണത്തിന് ചില മാര്‍ഗങ്ങള്‍ നമുക്ക് കണ്ടെത്താവുന്നതാണ്.
ജലത്തിന്റെ ഉപയോഗത്തില്‍ ഗണ്യമായ മാറ്റവും ശക്തമായ നിയന്ത്രണവും ഏര്‍പ്പെടുത്തണം. ബാത്ത് റൂമുകളിലാണെങ്കില്‍ പോലും കഴിയുമെങ്കില്‍ ടേപ്പ് സംവിധാനം നിര്‍ത്തലാക്കുക. വലിയ പാത്രങ്ങളില്‍ നിന്നോ ടാങ്കുകളില്‍ നിന്നോ കോരിയെടുത്ത് കൊണ്ട് പോയി ഉപയോഗിക്കുന്ന ശീലം നടപ്പിലാക്കുക. ഉപയോഗിച്ച വെള്ളം നാല്‍ക്കാലികള്‍ക്കും കൃഷിക്കും കിട്ടത്തക്കവിധം ശേഖരിക്കുകയും വിനിയോഗിക്കുകയും ചെയ്യുക. മഴവെള്ളവും ഉപയോഗിച്ച വെള്ളവും വീട്ടുവളപ്പിലെ മണ്ണിലേക്കിറങ്ങുന്ന രൂപത്തില്‍ സംവിധാനിക്കുക. മുറ്റം കോണ്‍ക്രീറ്റ് ചെയ്യുന്നത് ഒഴിവാക്കുക. പൊതുസ്ഥാപനങ്ങളില്‍ കോരിയെടുക്കുന്ന രൂപം നടപ്പിലാക്കി ടേപ്പ് സംവിധാനം നിര്‍ത്തലാക്കുക. ടേപ്പ് സംവിധാനമുള്ളിടത്ത് വലിയ ബക്കറ്റുകള്‍ക്ക് പകരം ചെറിയ മൂളി (കിണ്ടി) പോലുള്ളവ ശീലമാക്കുക. ഒരു മൂളി വെള്ളം കൊണ്ട് വുളൂഉം മറ്റു പ്രാഥമിക കാര്യങ്ങളും പരിശീലിക്കുക. കിണറുകളില്‍ നിന്നും കോരിയെടുക്കുന്ന രൂപം വരും തലമുറയെ പരിശീലിപ്പിക്കുക. കിണറുകള്‍ വര്‍ധിപ്പിക്കുന്നതിന് പകരം എണ്ണം കുറച്ച് ഉപകാരവും ഉപയോഗവും വികസിപ്പിക്കുക. ബാത്ത്‌റൂമുകളിലെ ഷവര്‍, ടേപ്പ് തുടങ്ങിയവ ഭാഗികമായി മാത്രം തുറക്കുക. വീട്ടുവളപ്പുകള്‍ ഉപയോഗിച്ച വെള്ളവും മറ്റും നല്‍കി ഈര്‍പ്പമുള്ളതാക്കുക. പുതുതലമുറയുടെ തെറ്റായ ഉപയോഗം കുറച്ച് കൊണ്ട് വരിക. ഇങ്ങിനെ പല കാര്യങ്ങളിലൂടെയും ജലസംരക്ഷണം ഉറപ്പാക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here