ആര്‍ എസ് എസിന്റെ ആയുധ പരിശീലനം

Posted on: January 7, 2017 9:06 am | Last updated: January 7, 2017 at 9:06 am
SHARE

കേരളത്തിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ആര്‍ എസ് എസ് നടത്തിയ ആയുധ പരിശീലന ക്യാമ്പുകളെ കുറിച്ചു പുറത്തു വന്ന വിവരങ്ങള്‍ ഭീതിതവും ആശങ്കാജനകവുമാണ്. ക്രിസ്മസ് അവധിക്കാലത്ത് കേരളത്തിലെ 30 സ്‌കൂളുകളെ കേന്ദ്രീകരിച്ചു നടത്തിയ ക്യാമ്പില്‍ മുഖ്യമായും ആയുധ പരിശീലനമാണ് നടന്നതെന്ന് ചാനലുകള്‍ വെളിപ്പെടുത്തുകയുണ്ടായി. ഒളിക്യാമറകളിലൂടെ പിടിച്ചെടുത്ത ക്യാമ്പിലെ ആയുധപരിശീലനത്തിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് വാര്‍ത്ത വന്നത്. പകല്‍ സാധാരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്ന ക്യാമ്പുകളില്‍ പാതിരാവിലാണ് ആയുധപരിശീലനം. ദണ്ഡ്, വടിവാള്‍, നഞ്ചക്ക് തുടങ്ങിയ ആയുധങ്ങളുടെ പ്രയോഗത്തിലാണ് പരിശീലനം. കൈകാലുകള്‍ ഉപയോഗിച്ച് പ്രതിയോഗിയുടെ ശരീരത്തിലെ മര്‍മ്മ ഭാഗങ്ങളില്‍ ആക്രമിക്കാനും പരിശീലനം നല്‍കിയിരുന്നു. വ്യക്തിത്വ വികസനത്തിനാണ് ക്യാമ്പുകളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സ്‌കൂള്‍ അധികൃതരുടെ അനുമതി നേടിയെടുത്തത്. 13 വയസ്സിന് മുകളിലേക്കുള്ള കുട്ടികളടക്കം നൂറോളം പേരാണ് ഓരോ ക്യാമ്പിലും പങ്കെടുത്തത്. സംഘടനയുടെ കായിക സൈന്യത്തിലേക്ക് ആളുകളെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നാണ് വിവരം. ആയുധ പരിശീലന ക്യാമ്പുകള്‍ക്ക് മുന്നോടിയായി കുട്ടികളെയും യുവാക്കളെയും അതില്‍ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ സംഘടനാ അനുഭാവികളുടെ വീടുകളില്‍ പ്രചാരണം നടത്തിയിരുന്നു. പുതുതലമുറക്ക് പുരാണങ്ങളില്‍ അവഗാഹമുണ്ടാക്കാനാണ് ക്ലാസെന്നാണ് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത്. ‘ശാരീരിക മുറകള്‍’ എന്ന പേരില്‍ ശരീരത്തിലെ മര്‍മ്മങ്ങളെക്കുറിച്ചും ക്ഷതമേല്‍പ്പിക്കേണ്ട അവയവങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകങ്ങളും ക്യാമ്പില്‍ വിതരണം ചെയ്തതായി വാര്‍ത്തയുണ്ട്.
അവധിക്കാലത്ത് സ്‌കൂളുകളില്‍ നടത്തുന്ന ക്യാമ്പുകള്‍ കൂടാതെ ചില ക്ഷേത്രപറമ്പുകളിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയിലും ആയുധപരിശീലനം നടക്കുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ 25 ക്ഷേത്രങ്ങളിലും 20 സ്‌കൂളുകളിലും 13 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആര്‍ എസ് എസ് പരിശീലനം നടത്തുന്നതായി കാണിച്ച് സി പി എം നേതാവ് പി ജയരാജന്‍ കുറച്ച് മുമ്പ് അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. ആരാധനാലയങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രഭാഷണങ്ങളില്‍ അപരമത വിരോധം വളര്‍ത്തുന്നതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ക്ഷേത്രങ്ങള്‍ ആയുധപരിശീലനത്തിന് ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കിയിരുന്നു. ആര്‍ എസ് എസ് ആയുധപരിശീലനത്തെക്കുറിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അന്വേഷിച്ചു നടപടി സ്വീകരിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ പോലീസ് ഇതുവരെയും അക്കാര്യം അന്വേഷിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. ആയുധ പരിശീലനത്തിന് സര്‍ക്കാര്‍ സ്‌കൂളുകള്‍ പോലും ഉപയോഗപ്പെടുത്തിയ വിവരം വെളിച്ചത്ത് വന്നിട്ട് വിദ്യാഭ്യാസ വകുപ്പിനും മിണ്ടാട്ടമില്ല. രാഷ്ട്രീയ പാര്‍ട്ടികളും വര്‍ഗീയ സംഘടനകളും ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചു പരിശീലനം, പ്രചാരണം, ഫണ്ട് പ്രവര്‍ത്തനം എന്നിവ നടത്തുന്നത് 1988ലെ മതസ്ഥാപന ദുരുപയോഗ നിയമ പ്രകാരം വിലക്കിയിട്ടുണ്ട്. ഏതാനും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ ഈ വകുപ്പനുസരിച്ചു പോലീസ് കേസെടുക്കുകയും യു എ പി എ ചുമത്തി ജയിലില്‍ അടക്കുകയും ചെയ്തിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ദേശവിരുദ്ധമായി കാണുന്ന പോലീസ് പ്രതിസ്ഥാനത്ത് സംഘ് പരിവാര്‍ പ്രവര്‍ത്തകരാകുമ്പോള്‍ അലസമാകുന്നതിന്റെ നീതിശാസ്ത്രമെന്താണ്?
സാംസ്‌കാരിക സംഘടനയെന്നാണ് ആര്‍ എസ് എസ് നേതൃത്വം പുറമെ പരിചയപ്പെടുത്തുന്നത്. ഇത്തരമൊരു പ്രസ്ഥാനത്തിനെന്തിനാണ് ആയുധ പരിശീലനം നേടിയ കായികസേന? ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനായി പിറവിയെടുത്ത സംഘടനയണ് യഥാര്‍ഥത്തില്‍ ആര്‍ എസ് എസ്. തങ്ങളുടെ നിര്‍വചനമനുസരിച്ചുള്ള ഹിന്ദുത്വം അംഗീകരിക്കാത്ത ആരെയും രാജ്യത്ത് വെച്ചുപൊറുപ്പിക്കാനാകില്ലെന്നതാണ് അവരുടെ നയം. മതരാഷ്ട്ര സിദ്ധാന്തത്തിലധിഷ്ഠിതമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് രാജ്യത്ത് അനുമതിയില്ലാത്തതിനാലാണ് ഇവര്‍ സാംസ്‌കാരിക സംഘടനയുടെ പുറം തോലണിയുന്നത്. ഇത്തരക്കാര്‍ ആയുധപരിശീലനം നടത്തുന്നതിന്റെ ലക്ഷ്യമെന്തെന്ന് കൊടിഞ്ഞി ഫൈസല്‍ വധവും സമാനസംഭവങ്ങളും വ്യക്തമാക്കുന്നുണ്ട്. ആയുധപരിശീലനം നേടിയ ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് ഇസ്‌ലാം സ്വീകരിച്ച ഫൈസലിനെ വെട്ടിക്കൊന്നതെന്ന് അന്വേഷണോദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതാണ്.
സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശങ്ങള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങളാണ് വിദ്യാലയങ്ങള്‍. ശാന്തിയുടെ കേന്ദ്രങ്ങളാണ് ആരാധനാലയങ്ങള്‍. തീവ്രവാദവും വിദ്വേഷവും പഠിപ്പിക്കാനുള്ളതല്ല ഇവയൊന്നും. വിവിധ സമുദായങ്ങള്‍ ജീവിക്കുന്ന രാജ്യത്ത്, സമുദായങ്ങള്‍ക്കിടയില്‍ സൗഹാര്‍ദം നിലനില്‍ക്കുന്ന കേരളത്തില്‍ ആരാധനാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിഘടനവാദ പ്രവര്‍ത്തനങ്ങളും ആയുധ പരിശീലനവും നടത്തുന്നവര്‍ക്കെതിരെ മതേതര വിശ്വാസികള്‍ ശക്തമായി പ്രതിഷേധിക്കുകയും അധികൃതര്‍ നിയമനടപടി സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here