ജിയോയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമറിയിക്കാന്‍ ട്രായിക്ക് ട്രൈബ്യൂണല്‍ നിര്‍ദേശം

Posted on: January 6, 2017 9:30 pm | Last updated: January 6, 2017 at 10:17 pm
SHARE

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ വെല്‍കം ഓഫര്‍ മൂന്ന് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച സംഭവത്തില്‍ നിലപാട് അറിയിക്കാന്‍ ടെലികോം ഡിസപ്യൂട്ട്‌സ് സെറ്റില്‍മെന്റ് ആന്റ് അപ്പലറ്റ് അതോറിറ്റി (ടിഡിസാറ്റ്) ട്രായിക്ക് നിര്‍ദേശം നല്‍കി. ജിയോയുടെ സൗജന്യ ഓഫര്‍ ദീര്‍ഘിപ്പിച്ചത് ടെലികോം നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എയര്‍ടെല്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. കേസില്‍ ഫെബ്രുവരി ഒന്നിന് ട്രൈബ്യൂണല്‍ വീണ്ടും വാദം കേള്‍ക്കും.

ഡിസംബര്‍ 31 വരെയാണ് റിലയന്‍സ് ജിയോക്ക് സൗജന്യ സേവനം നല്‍കാന്‍ അനുമതിയുള്ളത്. ഇത് മറികടന്ന് ട്രായിയുടെ മൗനാനുവാദത്തോടെ സൗജന്യ സേവനം മാര്‍ച്ച് 31 വരെ നീട്ടിയത് നിയമ വിരുദ്ധമാണെന്ന് 25 പേജ് വരുന്ന പരാതിയില്‍ എയര്‍ടെല്‍ കുറ്റപ്പെടുത്തുന്നു. ഡിസംബര്‍ 31ന് ശേഷം ജിയോ സൗജന്യം തുടരുന്നത് തടയണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.