Connect with us

Gulf

''നിങ്ങള്‍ സമ്മാനാര്‍ഹനായിരിക്കുന്നു'' തട്ടിപ്പ് കരുതിയിരിക്കണമെന്ന് പോലീസ്

Published

|

Last Updated

ദുബൈ: നിങ്ങള്‍ ലക്ഷങ്ങളുടെ സമ്മാനാര്‍ഹനായിരിക്കുന്നുവെന്ന സന്ദേശം നല്‍കി ദുര്‍ബല ഹൃദയരെ ഇരകളാക്കി മാറ്റുന്ന തട്ടിപ്പില്‍ പെട്ടുപോകരുതെന്ന് ദുബൈ പോലീസ് മുന്നറിയിപ്പ് ആവര്‍ത്തിച്ചു. ദുബൈ പോലീസിന്റെ ട്വിറ്റര്‍ പേജിലാണ്, നേരത്തെ പലപ്പോഴും പൊതുജനത്തിന് നല്‍കിയിട്ടുള്ള മുന്നറിയിപ്പ് പോലീസ് ആവര്‍ത്തിച്ചത്. ചതിയിലകപ്പെട്ട ചിലര്‍ പരാതിയുമായി പോലീസിനെ സമീപിച്ചതാണ് മുന്നറിയിപ്പ് ആവര്‍ത്തിക്കാന്‍ കാരണമെന്നും പോലീസ് വ്യക്തമാക്കി.

രാജ്യത്തിന് പുറത്തുള്ള സംഘങ്ങളാണ് പലപ്പോഴും ഇത്തരം തട്ടിപ്പുകളുടെ വലവിരിക്കുന്നത്. ലക്ഷക്കണക്കിന് ഡോളറോ യൂറോയോ വരുന്ന സമ്മാനത്തിന് നിങ്ങള്‍ അര്‍ഹനായിരിക്കുന്നുവെന്ന മധുരം നിറഞ്ഞ സന്ദേശമയക്കുകയാണ് തട്ടിപ്പിന്റെ ആദ്യപടി. ചുളുവില്‍ പണം സമ്പാദിക്കാന്‍ തിടുക്കം കാണിക്കുന്നവരാണ് പലപ്പോഴും ഇത്തരക്കാരുടെ വലയില്‍ വീഴുന്നത്. ലോകത്തെവിടെയും ഒരു നറുക്കെടുപ്പിലും അംഗമാകാത്തയാളായിട്ടുപോലും, സമ്മാനര്‍ഹനായിരിക്കുന്നുവെന്ന സന്ദേശത്തില്‍ കുടുങ്ങി കൈയിലുള്ള പണംകൂടി നഷ്ടപ്പെട്ട ശേഷം കൈകടിക്കുന്ന ചിലരുണ്ടെന്ന് പോലീസ് വിശദീകരിച്ചു.
സമ്മാനത്തുക ലഭിക്കാന്‍ നിങ്ങളുടെ വിവരങ്ങള്‍ വേണമെന്ന സന്ദേശമാണ് രണ്ടാംപടി. വ്യക്തിപരമായും ഇരയുടെ ബേങ്ക് അക്കൗണ്ടുമായും ബന്ധപ്പെട്ട വിവരങ്ങളെല്ലാം തന്ത്രപൂര്‍വം ചോര്‍ത്തിയെടുത്ത ശേഷം, ഇരയുടെ കൈവശമുള്ളത് മുഴുവന്‍ അടിച്ചുമാറ്റുന്നതോടെ സംഘം രംഗംവിടുന്നു.
നേരത്തെ ബന്ധപ്പെട്ടിരുന്ന ഫോണ്‍ നമ്പറുകളിലോ ഇ-മെയില്‍ വിലാസങ്ങളിലോ ഇവരെ പിന്നീട് ലഭ്യമായിരിക്കില്ല. പ്രതികള്‍ പലപ്പോഴും രാജ്യത്തിന് പുറത്തുള്ളവരായിരിക്കുമെന്നതുകൊണ്ട് കേസുകള്‍ അന്വേഷിക്കുന്നതിന് പരിമിതികളുണ്ടെന്നതിനാല്‍, ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ പോലീസ് വ്യക്തമാക്കി.

Latest