അനുഭവം പാഠമായി; നാട് മുഴുവന്‍ ഭിക്ഷാടന നിരോധിത മേഖലയാകുന്നു

Posted on: January 6, 2017 4:30 pm | Last updated: January 6, 2017 at 4:17 pm
SHARE

കൊണ്ടോട്ടി: കണ്ട് പഠിക്കാത്തവന്‍ കൊണ്ടാല്‍ പഠിക്കുമെന്ന പഴമൊഴി പോലെയാണ് ഇപ്പോ ള്‍ പല നാടുകളും. ഭിക്ഷാടനക്കാര്‍ മൂലം സൈ്വര ജീവിതം തകര്‍ന്നതോടെ നാട് മുഴുവന്‍ ജാഗ്രതയിലാണ്. ഇപ്പോള്‍ ഏത് കുഗ്രാമത്തിലൂടെ നടന്നാലും അവിടങ്ങളിലെല്ലാം ഭിക്ഷാടന നിരോധിത മേഖല എന്ന ബോര്‍ഡുകള്‍ കാണാനാകും.

കഴിഞ്ഞ ഏതാനും മാസങ്ങളായി കുട്ടികളെ തട്ടികൊണ്ടു പോകുന്നതായുള്ള വാര്‍ത്തകള്‍ ഏറെയായിരുന്നു. ഇതില്‍ വാസ്തവമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ജില്ലയുടെ പല ഭാഗങ്ങളിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം നാടുവിറപ്പിക്കുകയാണ്. ഭിക്ഷാടന വധത്തില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടവരും ഉണ്ടായിട്ടുണ്ട്. മക്കളെ വിദ്യാലയങ്ങളിലേക്ക് പറഞ്ഞയച്ചാല്‍ തിരിച്ചെത്തുന്നത് വരെ രക്ഷിതാക്കളുടെ ഉള്ളില്‍ തീയായിരുന്നു.
നാട്ടിലാകെ രക്ഷിതാക്കള്‍ക്ക് സ്വസ്ഥത നഷ്ടപ്പെട്ടതോടെ ജനം സടകുടഞ്ഞെഴുന്നേറ്റു. നാട്ടുകാര്‍ ചേര്‍ന്ന് പ്രദേശം ഭിക്ഷാടന നിരോധിത മേഖലയായി പ്രഖ്യാപിച്ചു. ഇതറിയിച്ചു കൊണ്ടുള്ള ബോര്‍ഡുകളും എല്ലാ മുക്കിലും മൂലയിലും മതിലുകളിലും ഇടം പിടിച്ചു. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലും കാര്യം വ്യക്തമാക്കുന്നുണ്ട്. ഭിക്ഷാടനത്തിന് പുറമെ വീടുകളില്‍ കയറി കച്ചവടം നടത്തുന്നവരും സ്ത്രീകളുടെയും മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെയും ശരീരത്തിലെ ആഭരണങ്ങള്‍ അപഹരിക്കലും സ്വര്‍ണം വെളുപ്പിക്കാമെന്ന് പറഞ്ഞ് രാസ ലായനിയില്‍ മുക്കി സ്വര്‍ണം കട്ടെടുക്കുന്നതുമായ സംഭവങ്ങള്‍ നിരവധിയായിരുന്നു. ആളില്ലാത്ത വീടുകളില്‍ മോഷണം നടത്തുന്നതും ഇത്തരം സംഘങ്ങളുടെ തൊഴിലായിരുന്നു. ഇപ്പോള്‍ ജനം ഒറ്റക്കെട്ടായി തീരുമാനമെടുത്തതോടെ ഇത്തരം സംഘങ്ങളുടെ ശല്യവും ഇല്ലാതായി.