മക്കള്‍ ഉപേക്ഷിച്ച പിതാവിനെ കാരുണ്യ കൂട്ടായ്മ പ്രവര്‍ത്തകര്‍ വൃദ്ധസദനത്തിലെത്തിച്ചു

Posted on: January 6, 2017 4:15 pm | Last updated: January 6, 2017 at 4:14 pm
SHARE
മക്കള്‍ ഉപേക്ഷിച്ച വൃദ്ധനെ കരുണ്യ കൂട്ടായ്മ പ്രവര്‍ത്തകര്‍
വൃദ്ധസദനത്തിലെത്തിക്കുന്നു

കൊണ്ടോട്ടി: സാമ്പത്തിക ശേഷിയുള്ള മക്കളുണ്ടായിട്ടും സംരക്ഷണം നല്‍കാതെ ഉപേക്ഷിക്കപ്പെട്ട വൃദ്ധനെ കാരുണ്യ കൂട്ടായ്മ പ്രവര്‍ത്തകര്‍ വൃദ്ധസദനത്തിലെത്തിച്ചു. ഐക്കരപ്പടി കരിച്ചിയില്‍ പോക്കര്‍ ഹാജി(73) യാണ് മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട് വാടക ക്വാര്‍ട്ടേഴ്‌സില്‍ ആരോരുമില്ലാതെ കഴിഞ്ഞിരുന്നത്.

കടുത്ത ഹൃദ്രോഗിയായ ഇദ്ദേഹത്തിന്റെ ഭാര്യ മൂന്ന് മാസം മുമ്പ് മരിച്ചിരുന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിവരം മക്കളെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. നല്ല സാമ്പത്തിക ശേഷിയുള്ള രണ്ട് ആണ്‍ മക്കള്‍ ഗള്‍ഫിലും മെച്ചപ്പെട്ട നിലയില്‍ മൂന്ന് പെണ്‍മക്കളും നാട്ടിലുമുണ്ട്. പിതാവിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ മക്കളോട് പോലീസ് നിര്‍ദേശിച്ചെങ്കിലും ആരും തയ്യാറായില്ല. വൃദ്ധന്റെ ദയനീയ വിവരം അറിഞ്ഞ കാരുണ്യ കൂട്ടായ്മ പ്രവര്‍ത്തകരായ സഹര്‍ ഐക്കരപ്പടി, മുഹമ്മദ് മഹ്‌സൂം ചുണ്ടക്കാടന്‍, പി ടി മുനീര്‍ ആര്‍ ഡി ഒ യുമായി ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ അനുമതി പ്രകാരം കുറ്റിപ്പുറം വൃദ്ധസദനത്തിലെത്തിക്കുകയും ചെയ്തു.