Connect with us

Malappuram

മഞ്ചേരി മെഡിക്കല്‍ കോളജ്: ന്യൂനതകള്‍ ഉടന്‍ പരിഹരിക്കണമെന്ന് ഹൈക്കോടതി

Published

|

Last Updated

മഞ്ചേരി: ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് നേരിടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഉടന്‍ പരിഹരിക്കണമെന്ന് കേരള ഹൈക്കോടതി സര്‍ക്കാറിനോടാവശ്യപ്പെട്ടു. 2013ല്‍ സ്ഥാപിതമായ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിന് ഏറെ പ്രയാസം നേരിടുകയാണ്. എം ബി ബി എസ് നാലാം ബാച്ചിലേക്ക് പ്രവേശനം കഴിഞ്ഞിട്ടും വിദ്യാര്‍ഥികളുടെ താമസ സൗകര്യത്തിന് പരിഹാരമായിട്ടില്ല. ചുരുങ്ങിയത് 375 പേ ര്‍ക്ക് താമസ സൗകര്യമുള്ള ഹോസ്റ്റല്‍ വേണം. ഇത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ വെവ്വേറെ സൗകര്യപ്പെടുത്തണം. ഇപ്പോള്‍ ആശുപത്രി കെട്ടിടത്തിലെ മൂന്ന്, നാല് നിലകളിലാണ് ഹോസ്റ്റല്‍. ഇത് രോഗികളെ പ്രവേശിപ്പിക്കാനുള്ള വാര്‍ഡുകളാണ്. റസിഡന്റ് ഡോക്ടര്‍മാരും താമസിക്കുന്നത് ഇവിടെ തന്നെ. ഹൗസ് സര്‍ജന്മാര്‍, നഴ്‌സുമാര്‍, നോണ്‍ ടീച്ചിംഗ് സ്റ്റാഫ് എന്നിവര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് ഇല്ല.

അധ്യാപകര്‍ വിദ്യാര്‍ഥികളുടെ കൂടെയാണ് താമസിക്കുന്നത്. അഞ്ച് ലക്ചര്‍ ഹാളുകള്‍ വേണ്ടിടത്ത് മൂന്നെണ്ണം മാത്രമാണുള്ളത്. സ്‌കില്‍ ലാബ് വിത്ത് മാനെക്വിന്‍സ്, സെന്‍ട്രല്‍ റിസേര്‍ച്ച് ലബോറട്ടറി, അനിമല്‍ ലബോറട്ടറി വിത്ത് അനിമല്‍ ഹൗസ് എന്നിവ ഇല്ല. കാന്റീന്‍ ഉണ്ടെങ്കിലും കിച്ചണ്‍ ഇല്ല. കുട്ടികള്‍ കളിക്കാനായി ഒരുക്കിയ മൈതാനം പരിമിതമായതിനാല്‍ എം സി ഐ അംഗീകരിച്ചിട്ടില്ല. ക്ലിനിക്കല്‍ ഒ പികളിലെ നിലവിലെ സൗകര്യം അപര്യാപ്തമാണ്. മെഡിക്കല്‍ കോളജിലേക്ക് കുടിവെള്ള വിതരണത്തിനും ശാശ്വത പരിഹാരമായിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ പരിഹാരമുണ്ടാകാത്ത പക്ഷം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭ്യമാകുന്നത് പ്രയാസമാകും. എം സി ഐ അംഗീകാരമില്ലാത്ത കോളജുകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിനോ പ്രാക്ടീസിനോ അനുമതി ലഭിക്കില്ലെന്നതിനാല്‍ നൂറുകണക്കിന് എം ബി ബി എസ് വിദ്യാര്‍ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലാകുന്നത്. ഇത് മുന്നില്‍ കണ്ട് പി ടി എ പ്രസിഡന്റ് അഡ്വ. എം എം അശ്‌റഫ്, വിദ്യാര്‍ഥി യൂനിയന്‍ ചെയര്‍മാന്‍ വിനായക് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എം സി ഐ അംഗീകാരത്തിനായി കേന്ദ്രത്തെ സജ്ജമാക്കണമെന്നും ന്യൂനതകള്‍ ഈമാസം 31നകം പരിഹരിക്കണമെന്നും സര്‍ക്കാരിന് ഹൈ ക്കോടതി നിര്‍ദേശം നല്‍കി.

Latest