പോലീസുകാരനെന്ന് പരിചയപ്പെടുത്തി തട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍

Posted on: January 6, 2017 3:55 pm | Last updated: January 6, 2017 at 3:48 pm
SHARE

പെരിന്തല്‍മണ്ണ: പോലീസുദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തി യുവതിയുടെ സ്വര്‍ണാഭരണങ്ങളും പണ്ടവും പണവും തട്ടിയെടുത്ത യുവാവിനെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് കോട്ടൊപ്പാടം കണ്ടമംഗലം സ്വദേശി കൊടുവള്ളി മണികണ്ഠ ബാബു എന്ന ബാബു (33) വിനെയാണ് ഇന്നലെ കാലത്ത് പെരിന്തല്‍മണ്ണ തറയില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് സി ഐ. സാജു കെ അബ്രഹാം എസ് ഐ. വി പ്രമോദ് ടൗണ്‍ ഷാഡൊ പോലീസ് സംഘവും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനക്കിടെ വിദേശനിര്‍മിത ബൈക്ക് സഹിതം അറസ്റ്റ് ചെയ്തത്.

ആള്‍മാറാട്ടം നടത്താന്‍ ഉപയോഗിച്ച പോലീസ് തൊപ്പിയും നെയിംബോര്‍ഡും കണ്ടെടുത്തിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് പരാതിക്കാരിയായ തിരൂര്‍ക്കാട് സ്വദേശിനി പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് പ്രതിയെ പരിചയപ്പെട്ടത്. ആ സമയം പ്രതി പോലീസുദ്യോഗസ്ഥനാണെന്നും മലപ്പുറത്താണ് ജോലി ചെയ്യുന്നതെന്നും പേര് ബിജു ജോസഫ് കല്ലിങ്ങല്‍ എന്നാണന്നും പറഞ്ഞാണ് പരിചയപ്പെട്ടത്.
ഇതിന്ന് ശേഷം പലതവണ പെരിന്തല്‍മണ്ണയില്‍ വെച്ച് പരാതിക്കാരിയെ കണ്ട പ്രതി 2016 സെപ്റ്റംമ്പര്‍ മാസത്തില്‍ പ്രതിയുടെ സഹോദരിയില്‍ നിന്നും ഒരു മാലയും രണ്ട് മോതിരവും ഒരു ജോഡി കമ്മലും 50,000 രൂപയും വാങ്ങിയ ശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. ഇതേതുടര്‍ന്നാണ് പരാതിക്കാരി പെരിന്തല്‍മണ്ണ പോലീസില്‍ പ്രതിക്കെതിരെ കേസ് നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത്തരത്തിലൊരാള്‍ പോലീസില്‍ മലപ്പുറം ജില്ലയിലില്ലെന്നും പരാതിക്കാരിക്ക് വ്യാജ വിലാസവും ഉദ്യോഗ പേരും നല്‍കി തട്ടിപ്പ് നടത്തിയതാണെന്നതും കണ്ടെത്തിയത്. പ്രതി ഉപയോഗിച്ച മൊബൈല്‍ നമ്പറുകളുടെ വിശദവിവരങ്ങള്‍ മലപ്പുറം സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശേഖരിച്ച് അന്വേഷണം നടത്തിയതില്‍ പ്രതി ഉപയോഗിച്ച മൊബൈല്‍ നമ്പറുകളെല്ലാം പലപേരിലും വിലാസത്തിലും ഉള്ളതാണെന്ന് കണ്ടെത്തി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.